കൂട്ടുകാരികളുടെ സഹോദരങ്ങളെ പോലെയല്ല ചേട്ടൻ; എന്റെ അനുഗ്രഹമാണ്; അച്ഛനെ വേദനിപ്പിച്ച എന്റെ സിനിമ; അമല
തെന്നിന്ത്യൻ സിനിമാ രംഗത്ത് അമല പോൾ ഉയർന്ന് വന്ന കാലഘട്ടം പ്രേക്ഷകർക്ക് ഇന്നും ഓർമ്മയുണ്ട്. നടി നയൻതാരയ്ക്ക് വൻ ജനപ്രീതി തമിഴകത്ത് നേടാൻ കഴിഞ്ഞ മലയാളിയാണ് അമല പോൾ. തുടക്ക കാലത്ത് മലയാളത്തിൽ സ്വീകാര്യത ലഭിച്ചില്ലെങ്കിലും തമിഴകത്തെ താരമായപ്പോൾ മലയാളത്തിൽ നിന്നും അമലയ്ക്ക് നല്ല അവസരങ്ങൾ ലഭിച്ചു. ഒരു ഇന്ത്യൻ പ്രണയ കഥ, റൺ ബേബി റൺ എന്നീ സിനിമകൾ ഇതിനുദാഹരണമാണ്. അഭിനയിച്ച സിനിമകളെല്ലാം തുടരെ ഹിറ്റായതാണ് അമലയെ കരിയറിൽ തുണച്ചത്.
ഒന്നിന് പിറകെ ഒന്നായി ഹിറ്റ് സിനിമകൾ ലഭിച്ച അമല പോളിന്റെ താരമൂല്യം കുതിച്ചുയർന്നു. ഒട്ടുമിക്ക നായികമാർക്കും കരിയറിന്റെ ഒരു ഘട്ടത്തിൽ സംഭവിച്ച വീഴ്ച അമല പോളിനുമുണ്ടായി. മികച്ച സിനിമകൾ തെരഞ്ഞെടുത്ത അമലയ്ക്ക് പക്ഷെ ജീവിതത്തിലെ തെരെഞ്ഞെടുപ്പുകളിൽ ചില പാളിച്ചകൾ സംഭവിച്ചെന്നാണ് ആരാധകർ പറയുന്നത്. ഇത് താരത്തിന്റെ കരിയറിനെയും ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അമല പോൾ വിവാഹിതയാകുന്നത്.

സംവിധായകൻ എഎൽ വിജയ്നെയാണ് അമല വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു. വിജയുടെ കുടുംബവുമായി ഒത്തുപോകാൻ അമല പോളിന് കഴിഞ്ഞില്ലെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. പെട്ടെന്ന് തന്നെ വിവാഹ ബന്ധം അവസാനിപ്പിച്ച് കരിയറിൽ വീണ്ടും സജീവമാകാൻ നടിക്ക് സാധിച്ചു.
എന്നാൽ പിന്നീട് നടിയുടെ പ്രതിച്ഛായയിൽ വലിയ മാറ്റം വന്നു. ഗോസിപ്പുകളും വിവാദങ്ങളും തുടരെ വന്നു. എല്ലാ വിഷമഘട്ടങ്ങളും അഭിമുഖീകരിച്ച അമല ഇന്ന് ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് അമല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അച്ഛന് താൻ സിനിമയിലേക്ക് വരുന്നതിൽ പേടിയായിരുന്നെന്ന് അമല പറയുന്നു. മിഡിൽ ക്ലാസ് കുടുംബമാണ്, ഇൻഡസ്ട്രിയിൽ നിന്ന് ആരുമില്ല. പിന്നീട് താൻ സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടപ്പോൾ അച്ഛന് കുഴപ്പമൊന്നുമില്ലായിരുന്നെന്ന് അമല പോൾ വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ചേട്ടനെന്നും അമല പോൾ വ്യക്തമാക്കി. എന്റെ സുഹൃത്തുക്കളുടെ സഹോദരൻമാരിൽ നിന്നുള്ള ബുദ്ധിമുട്ടുകളും അവർക്ക് സപ്പോർട്ട് കിട്ടാത്തതിനെക്കുറിച്ചുമെല്ലാം കേൾക്കുമ്പോൾ ഞാൻ എന്ത് മാത്രം അനുഗ്രഹിക്കപ്പെട്ടയാളാണെന്ന് ഞാൻ ആലോചിക്കും.
ഞാൻ സിനിമയിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ എന്നെക്കാൾ ആത്മവിശ്വാസമുണ്ടായിരുന്നത് ബ്രദറിനാണ്. എന്റെ ഓരോ സിനിമയും കാണും. എന്റെ ബെസ്റ്റ് ക്രിറ്റിക്കുമാണ്, എന്റെ സിനിമ മോശമാകുമ്പോൾ അദ്ദേഹത്തിന് വിഷമമാകും. തന്റെ അടുത്ത സുഹൃത്തുമാണ് ചേട്ടനെന്നും അമല പോൾ വ്യക്തമാക്കി. കരിയറിന്റെ തുടക്കത്തിൽ സിന്ധു സമവേലി എന്ന സിനിമയുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും അമല പോൾ സംസാരിച്ചു.
സിനിമ കണ്ട് അച്ഛനൊക്കെ വിഷമം ആയി. എനിക്കന്ന് 17-18 വയസേ ഉള്ളൂ. ഇങ്ങനെ അഭിനയിക്കാൻ പാടില്ല, ആളുകൾ വ്യക്തിഹത്യ നടത്തും എന്നൊക്കെ മനസിലാക്കി. അന്ന് എല്ലാവരിലും ഉണ്ടാക്കിയ വിഷമം തന്നെ വേദനിപ്പിച്ചിരുന്നെന്നും അമല പോൾ വ്യക്തമാക്കി. അഭിജിത്ത് പോൾ എന്നാണ് അമല പോളിന്റെ ചേട്ടന്റെ പേര്.


Click it and Unblock the Notifications