'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
അക്ഷരങ്ങൾകൊണ്ട് വായനക്കാരനെ ആവേശത്തിലാക്കിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. മലയാളി പ്രേക്ഷകർ ഇപ്പോൾ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു റിലീസുണ്ടെങ്കിൽ അത് ആടുജീവിതമാണ്. നാളെ സിനിമ തിയേറ്റുകളിലെത്തും. ബെന്യാമിന്റെ നോവലിലൂടെ നജീബിന്റെ ജീവിതം ഒരു ഏടായി തന്നെ മലയാളികളുടെ മനസിൽ നിലകൊള്ളുന്നുണ്ട് അതുകൊണ്ടാണ് ആടുജീവിതം സിനിമയാകുമ്പോൾ എങ്ങനെയാകും അനുഭവപ്പെടുകയെന്ന് അറിയാൻ സിനിമാ ആസ്വാദകരെ പ്രേരിപ്പിക്കുന്നത്.
ഈ സിനിമയുടെ മറ്റൊരു പ്രത്യേകത സംഗീത സാമ്രാട്ട് എ.ആർ റഹ്മാന്റെ സാന്നിധ്യമാണ്. അഭ്രാപാളികളിൽ നജീബിന്റെ ജീവിതത്തിന് എങ്ങനെയാണ് അദ്ദേഹം സംഗീതഭാഷ്യം ചമച്ചിട്ടുണ്ടാവുക എന്നറിയുവാൻ എന്തെന്നില്ലാത്ത ആകാംക്ഷയുണ്ട് പ്രേക്ഷകർക്ക്. സിനിമയുടെ ട്രെയിലർ തന്നെ അങ്ങേയറ്റം ഹൃദ്യമായ ഒരു എക്സ്പീരിയൻസായിരുന്നു.

ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും വർഷങ്ങൾ നീണ്ട അധ്വാനവും ആടുജീവിതത്തിന് പിന്നിലുണ്ട്. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അമല പോൾ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. താൻ ആടുജീവിതം എന്ന നോവലിന്റെ മലയാളം പതിപ്പ് വെറും മൂന്ന് മണിക്കൂർ കൊണ്ട് വായിച്ച് തീർത്തുവെന്നാണ് അമല പോൾ അഭിമുഖത്തിൽ പറഞ്ഞത്.
അതുകേട്ട് പൃഥ്വിരാജും അവതാരകനും ആശ്ചര്യപ്പെടുന്നതും വൈറൽ വീഡിയോയിൽ കാണാം. 'ആടുജീവിതത്തിന്റെ മലയാളം പതിപ്പ് ഞാൻ മൂന്ന് മണിക്കൂർ കൊണ്ട് വായിച്ച് തീർത്തു. ഞാൻ ബുക്ക് വായിക്കുന്നയാളാണ്. എനിക്ക് ഇഷ്ടമാണ് ബുക്ക് വായിക്കാൻ.'
'സത്യമായിട്ടും ഞാൻ വായിച്ചു. കൊച്ചയിൽ നിന്നും ഡെൽഹിയിലേക്കുള്ള ഫ്ലൈറ്റിലായിരുന്നു ഞാൻ. അതിപ്പോഴും ഞാൻ ഓർക്കുന്നു. ആ യാത്രയിലാണ് ഞാൻ ഇത് വായിച്ചത്. ഫ്ലൈറ്റ് ലാന്റായപ്പോഴേക്കും ബുക്കും വായിച്ച് ഫിനിഷ് ചെയ്തു. വായിച്ച് തീർന്നപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു. എന്നെ ഭയങ്കരമായി ടച്ച് ചെയ്ത നോവലാണ്', എന്നാണ് അമല പോൾ പറഞ്ഞത്.
അമല പോൾ ഇത് പറയുന്നതിനിടിയിൽ ചിട്ടിയെന്ന് കമന്റ് ചെയ്ത് അവതാരകൻ ചിരിക്കുന്നതും സിനിമ സ്ക്രിപ്റ്റ് അല്ലല്ലോ നോവലല്ലേ വായിച്ചതെന്ന് പൃഥ്വിയും വീണ്ടും വീണ്ടും ചോദിച്ച് ഉറപ്പ് വരുത്തുന്നുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ അമല കളിയാക്കുന്നത് എന്തിനാണെന്ന് ചോദിച്ച് ആരാധകർ എത്തി. വീഡിയോയ്ക്ക് വന്ന കമന്റുകൾ ഏറെയും അമല പറഞ്ഞത് ശരിവെച്ചുള്ളതാണ്.

ഇവിടെ കിടന്ന് എന്തൊരു തള്ള്... എന്നൊക്കെ പറയുന്നവനൊന്നും ആ ബുക്ക് കണ്ടിട്ട് പോലും ഉണ്ടാവില്ല. ഒറ്റയിരിപ്പിന് വായിച്ച് തീർക്കാൻ മൂന്ന് മണിക്കൂർ ധാരാളം ആടെയ്, ഭൂരിഭാഗം പേരും ഒറ്റ ഇരിപ്പിൽ വായിച്ച് തീർത്തവരാണ്. മറ്റൊരു നോവലും ഇതുപോലെ വായിച്ചിട്ടില്ല, അമല ബുക്ക് വായിച്ചുവെന്ന് പറഞ്ഞാൽ അംഗീകരിച്ച് കൊടുക്കാൻ എന്താണ് ഒരു മടി..., ആ പുസ്തകം വായിച്ചവർക്ക് അറിയാം മൂന്ന് മണിക്കൂർ ധാരാളമാണെന്ന്,
അത് ആടുജീവിതമാണ്... വായിക്കാൻ ഇഷ്ടമുള്ള ആരും ഒറ്റയിരിപ്പിന് വായിച്ച് തീർക്കും. ഹ്ദൃയ സ്പർശിയായ കൃതി എന്നിങ്ങനെയാണ് കമന്റുകൾ ഏറെയും. പതിനാറ് വർഷത്തോളം ബ്ലെസിയും പൃഥ്വിരാജും ആടുജീവിതം സിനിമയ്ക്ക് പിന്നാലെയായിരുന്നു.


Click it and Unblock the Notifications