അതിലൊരിക്കലും നിങ്ങൾക്ക് സമാധാനം ലഭിക്കില്ല; അമല ഉദ്ദേശിച്ചത് വിജയുമായുള്ള വിവാഹ മോചനമോയെന്ന് ചോദ്യം
വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം അതീവ സന്തോഷവതിയാണ് അമല പോൾ. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് അമല ജഗത് ദേശായിയെ വിവാഹം ചെയ്തത്. പിന്നാലെ താൻ ഗർഭിണിയാണെന്ന സന്തോഷവാർത്തയും അമല ആരാധകരെ അറിയിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആഘോഷപൂർവമാണ് അമല-ജഗത് വിവാഹം നടന്നത്. ഒരിടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് നടി രണ്ടാമത് വിവാഹിതയായത്. അമലയുടെ ഒന്നിലേറെ സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.
അമ്മയായ ശേഷം അമല കരിയറിൽ നിന്നും വീണ്ടും ഇടവേളയെടുക്കുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്. സിനിമകളിലെ തിരക്കുകൾക്കപ്പുറം സ്വകാര്യ ജീവിതത്തിലേക്ക് നടിയിന്ന് ശ്രദ്ധ നൽകുന്നുണ്ട്. അമല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വാചകമാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിങ്ങൾ ഒരിക്കലും സെറ്റിൽ ചെയ്യാൻ പാടില്ലാത്ത കാര്യത്തിൽ ഈ പ്രപഞ്ചം ഒരിക്കലും നിങ്ങൾക്ക് സമാധാനം തരില്ല എന്ന വാചകം ഞാൻ വായിച്ചു. അത് വളരെ അർത്ഥവത്താണ് എന്നാണ് അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

തന്റെ ആദ്യ വിവാഹബന്ധമാണോ അമല പോൾ പരോക്ഷമായി പരമാർശിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. സംവിധായകൻ എഎൽ വിജയാണ് അമലയുടെ മുൻ ഭർത്താവ്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു. വിജയ്നൊപ്പം ജീവിക്കാൻ തീരുമാനിച്ച അമല കരിയർ ഉപേക്ഷിക്കാനും തയ്യാറായിരുന്നു. കരിയറല്ല വ്യക്തി ജീവിതമാണ് വലുതെന്നാണ് അന്ന് അമല പറഞ്ഞത്. വിജയുടെ വീട്ടുകാർക്കും അമല സിനിമാ രംഗത്ത് തുടരുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല.
എന്നാൽ വിജയുടെ വീട്ടുകാരുടെ നിയന്ത്രണങ്ങളും യാഥാസ്ഥിതിക ചിന്താഗതികളും അമലയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നാണ് വിവാഹമോചന സമയത്ത് പുറത്ത് വന്ന റിപ്പോർട്ടുകൾ. വിവാഹ മോചനം നേടി സിനിമാ രംഗത്ത് വീണ്ടും സജീവമായ അമലയിൽ പിന്നീട് അതീവ ഗ്ലാമറസായി അഭിനയിക്കാനും തയ്യാറായി. എഎൽ വിജയ്ക്ക് ശേഷം ഗായകൻ ഭവ്നിന്ദർ സിംഗുമായുള്ള അമലയുടെ പ്രണയ ബന്ധവും പ്രശ്ന കലുഷിതമായിരുന്നു.

അമലയുടെ പരാതിയിൽ ഭവ്നിന്ദറിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യവുമുണ്ടായി. തന്റെ സാമ്പത്തികമായി കബളിപ്പിച്ചെന്നും മാനസികമായി ഉപദ്രവിച്ചെന്നും ആരോപിച്ചുള്ള അമലയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. 2020 ൽ അമലയ്ക്കൊപ്പമുള്ള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഭവ്നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അമലയുടെ വിവാഹ ചിത്രങ്ങളെന്ന പേരിൽ ഇവ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുമുണ്ടായി.ഇതോടെ അമല സത്യാവസ്ഥ വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കി.
പിന്നാലെ ഭവനിന്ദറിനെതിരെ പരാതിയും നൽകി. കഴിഞ്ഞ ദിവസമാണ് അമല പോളിന്റെ ഹർജിയിൽ ഭവ്നിന്ദറിന്റെ ജാമ്യം മദ്രാസ് ഹെെക്കോടതി റദ്ദാക്കിയത്. അമലയുടെ പരാതിയിൽ കഴിഞ്ഞ വർഷം ഭവ്നിന്ദറിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വിഴുപുരത്തെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ അമല നൽകിയ ഹർജിയിലാണ് നടപടി.
അമലയും ഭവ്നിന്ദറും സിനിമയുമായി ബന്ധപ്പെട്ട് ഒരു ബിസിനസിലെ പങ്കാളികളായിരുന്നു. ഭവ്നിന്ദർ തന്റെ ഫണ്ട് ദുരുപയോഗം ചെയ്ത് നഷ്ടമുണ്ടാക്കിയെന്ന് അമലയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളിൽ നിന്നെല്ലാം അകന്ന് സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോളിപ്പോൾ. ആടുജീവിതമാണ് നടിയുടെ റിലീസിനൊരുങ്ങുന്ന സിനിമ.


Click it and Unblock the Notifications