ഭർത്താവും അടുത്ത സുഹൃത്തുമായ ജഗത്; ഗർഭകാലത്തെക്കുറിച്ച് അമല പോൾ; ആരാധകർക്ക് മറുപടി
വിവാഹ ജീവിതത്തിലേക്ക് കടന്ന അമല പോൾ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്ത അമല പോൾ ആരാധകരെ അറിയിച്ചത്. ജഗത് ദേശായി എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്. ജഗത്തിനെ പരിചയപ്പെട്ടതിനെക്കുറിച്ചോ പ്രണയത്തിലായതിനെക്കുറിച്ചോ അമല ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല. വിവാഹത്തിന് കുറച്ച് നാൾ മുമ്പാണ് ജഗത്താണ് തന്റെ കാമുകനെന്ന് അമല പോൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം നവംബറിലാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്.
വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ഗർഭിണിയാണെന്നും നടി ആരാധകരെ അറിയിച്ചു. സിനിമകളിലെ തിരക്കുകൾ മാറ്റി വെച്ച് ഗർഭകാലം ആസ്വദിക്കുകയാണ് അമല പോൾ. സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മലാസന എന്ന യോഗാസനത്തെക്കുറിച്ച് ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ബീച്ചിലൂടെ നഗ്നപാദയയായുള്ള നീണ്ട നടത്തം, സൂര്യാസ്തമയം കാണൽ എന്നിവയൊക്കെ ഗർഭകാലത്തെ മനംപിരട്ടലിന് ഉത്തമപ്രതിവിധിയാണെന്നും അമല പോൾ വ്യക്തമാക്കി.

പോസ്റ്റിന് താഴെ കമന്റിട്ടവരിൽ പലർക്കും അമല പോൾ മറുപടി നൽകി. ആശംസകളറിയിച്ചവർക്ക് നടി നന്ദി പറഞ്ഞു. ഭർത്താവും അടുത്ത സുഹൃത്തുമായ ജഗത് തന്റെ ഓരോ ചലനങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ചെന്നും യോഗാഭ്യാസത്തിന്റെ വീഡിയോ എടുത്തത് ജഗത് ആണെന്നും അമല പോസ്റ്റിൽ പറയുന്നുണ്ട്.
യോഗയ്ക്കും സ്പിരിച്വാലിറ്റിക്കും അമല പോൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ആത്മീയ പാതയിലാണ് അമല. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മീയത തനിക്ക് ആശ്രയമായിട്ടുണ്ടെന്ന് അമല പോൾ പറഞ്ഞിട്ടുണ്ട്. ആത്മീയ പാത നടിയുടെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല.
ജീവിതത്തിലെ പല ഘട്ടങ്ങളിലും ആത്മീയ ദർശനം അമലയ്ക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. അമലയുടെ ഇന്നത്തെ സന്തോഷകരമായി ജീവിതത്തിന് ആത്മീയതയും കാരണമാണെന്ന് ആരാധകർ പറയുന്നു. തന്റെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായ കാലഘട്ടത്തെക്കുറിച്ച് മുമ്പൊരിക്കൽ അമല സംസാരിച്ചത് ഇതിന് ഉദാഹരണമാണ്.

നിങ്ങളതേക്കുറിച്ച് മനസിലാക്കുന്നത് വരെ ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ആവർത്തിച്ച് കൊണ്ടിരിക്കും. എന്തുകൊണ്ടാണ് ഒരേ പോലുള്ള റിലേഷൻഷിപ്പും പ്രശ്നങ്ങളും ജീവിതത്തിൽ ആവർത്തിക്കുന്നെന്ന് നിങ്ങൾക്ക് തോന്നാം. അപ്പോഴാണ് ഇതേക്കുറിച്ച് മനസിലാക്കുകയും ഈ പാറ്റേൺ മാറ്റുകയും ചെയ്യുക. ഇത്തരം സംഭവങ്ങൾ ജീവിതത്തിൽ നടക്കുന്നത് നമ്മൾ ഉണരാൻ വേണ്ടിയാണെന്നും അമല പോൾ അന്ന് ചൂണ്ടിക്കാട്ടി.
രണ്ടാമത് വിവാഹിതയായതോടെ അമല പോൾ വളരെയധികം സന്തോഷവതിയാണെന്ന് ആരാധകർ പറയാറുണ്ട്. സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കെയാണ് അമല രണ്ടാമത് വിവാഹിതയായത്. ആടുജീവിതം, ലെവൽ ക്രോസ് എന്നിവയാണ് മലയാളത്തിൽ റിലീസ് ചെയ്യാനുള്ള സിനിമകൾ. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമലയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
രണ്ട് സിനിമകൾക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അമ്മയായ ശേഷം അഭിനയ രംഗത്ത് തുടരാൻ അമല പോൾ തയ്യാറാകുമോ എന്ന് വ്യക്തമല്ല. കുറച്ച് വർഷങ്ങളായി സിനിമകളിലെ തിരക്കുകൾക്കപ്പുറം സ്വകാര്യ ജീവിതത്തിലേക്ക് താരം ശ്രദ്ധ നൽകുന്നുണ്ട്. സംവിധായകൻ എഎൽ വിജയ് ആണ് അമലയുടെ മുൻ ഭർത്താവ്.


Click it and Unblock the Notifications











