'എന്നെ രജനികാന്ത് എടുത്തുയർത്തി കുതിരപ്പുറത്ത് കയറ്റിയതും തെന്നി വീണു, പിന്നാലെ കുതിര വലിച്ചോണ്ട് ഓടി'; അംബിക
ബാലതാരമായി അഭിനയിച്ച തുടങ്ങി പിന്നീട് സൂപ്പര്‍ നായികയായി വളര്‍ന്ന് ഇന്ന് അമ്മ വേഷത്തില്‍ അഭിനയിക്കുകയാണ് നടി അംബിക. മലയാള സിനിമയിലും തമിഴിലുമൊക്കെ സൂപ്പര്‍താരങ്ങളുടെ നായികയായിരുന്നു അംബിക. ഇപ്പോഴും അഭിനയത്തില്‍ സജീവമായിരിക്കുന്ന നടി തന്റെ അഭിനയ ജീവിതത്തിനിടയില്‍ ഉണ്ടായ ചില അപകടങ്ങളെപ്പറ്റി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.
സിനിമാ ചിത്രീകരണത്തിനിടെ മൈസൂരില്‍ വച്ച് തനിക്ക് ഉണ്ടായ അപ്രതീക്ഷിത അപകടത്തെക്കുറിച്ചായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ അംബിക പറഞ്ഞത്. ഇതിനൊപ്പം രജനികാന്തിനൊപ്പം അഭിനയിച്ച അവിസ്മരണീയ നിമിഷങ്ങളെ കുറിച്ചും സഹോദരി രാധയെ കുറിച്ചും നടി സംസാരിച്ചു.

കേരളത്തില്‍ ജനിച്ചു വളര്‍ന്ന അംബികയും സഹോദരി രാധയുമൊക്കെ തെന്നിന്ത്യയിലെ മുതിര്‍ന്ന നായികമാരായി വളര്‍ന്നവരാണ്. 1979 ലാണ് അംബിക തമിഴ് സിനിമയില്‍ ചുവടുറപ്പിക്കുന്നത്. ഒരുവിധം എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും നടി അഭിനയിച്ചു.
സിനിമാലോകത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ നടി ഇപ്പോഴും സിനിമകളിലും സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ നടി അഭിമുഖങ്ങള്‍ നല്‍കി വരാറുണ്ട്. അത്തരമൊരു അഭിമുഖത്തില്‍ നടി പങ്കുവെച്ച കാര്യങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്.
'രജനികാന്തിനൊപ്പം അഭിനയിച്ച മാവീരന്‍ എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. അങ്ങനെ താന്‍ അഭിനയിക്കുന്നതിനിടെ വലിയൊരു അപകടത്തില്‍ പെട്ടു. ഈ ചിത്രത്തിലെ ഒരു ഗാനരംഗം മൈസൂരിലാണ് ചിത്രീകരിച്ചത്. കുതിരപ്പുറത്ത് അതിവേഗം പോകുമ്പോള്‍ രജനികാന്ത് എന്നെയും എടുത്ത് കുതിരപ്പുറത്തിരുന്ന് പോകുന്നതാണ് സീന്‍.
ആ സമയത്ത് അവരെനിക്ക് നൈലോണ്‍ തുണികൊണ്ടുള്ള ഒരു വസ്ത്രമാണ് തന്നത്. കുതിരപ്പുറത്തേക്ക് ചാടി കയറിയപ്പോള്‍ ആ തുണി തെന്നി, ഒപ്പം ഞാന്‍ താഴെ വീഴുകയും ചെയ്തു. വളരെ വേഗത്തില്‍ ചെയ്യുന്ന സീനായിരുന്നത് കൊണ്ട് കുതിര എന്നെയും വലിച്ചോണ്ട് കുറച്ചു ദൂരം പോയി. ഇതുകണ്ട് സെറ്റിലുള്ള എല്ലാവരും ഞെട്ടി. ഭാഗ്യവശാല്‍ എനിക്ക് കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നുമാണ്', അംബിക പറഞ്ഞത്.

അതേ സമയം തന്റെ സഹോദരിയും നടിയുമായ രാധയെ കുറിച്ചും അംബിക സംസാരിച്ചിരുന്നു. ഞാനും രാധയും ഒരേ സമയത്താണ് സിനിമയിലെത്തിയത്. എങ്കിലും ഞങ്ങള്‍ക്കിടയില്‍ മത്സരമോ അസൂയയോ ഒന്നും ഉണ്ടായിട്ടില്ല. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വാത്സല്യവും സ്‌നേഹവും ഉണ്ടായിരുന്നു. ഒരിക്കല്‍ ശിവകുമാര്‍ സാര്‍ എന്നോട് പറഞ്ഞു, 'രാധയാണ് മികച്ച നടിയെന്ന്' ശിവകുമാര്‍ പറഞ്ഞത് അതുപോലെ രാധയോട് പറയാന്‍ എനിക്ക് അഭിമാനമേ തോന്നിയിട്ടുള്ളു എന്നും അവിടെ വിഷമിക്കേണ്ടതായി വന്നില്ലെന്നും' അംബിക കൂട്ടിച്ചേര്‍ത്തു...
സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ എന്താവുമായിരുന്നു എന്നതിനെ കുറിച്ചും അംബിക സംസാരിച്ചിരുന്നു. 'ഞാനൊരു ഐഎഎസ് ആകണമെന്നായിരുന്നു എന്റെ അച്ഛന്റെ ആഗ്രഹം. നിയമം പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അതിനാല്‍, സിനിമയിലല്ലെങ്കില്‍ ഞാന്‍ ഒരു അഭിഭാഷക ആകുമായിരുന്നു. പക്ഷേ ഒരു സിനിമാ നടിയായതില്‍ വളരെ സന്തോഷമുണ്ട്. പുനര്‍ജന്മം എന്നൊന്നുണ്ടെങ്കില്‍, ഞാന്‍ ഇതേ കുടുംബത്തില്‍, ഇതേ മാതാപിതാക്കളുടെ മകളായി, ഇതേ സഹോദരിമാരോടൊപ്പം ജനിക്കണമെന്നാണ് ആഗ്രഹമെന്നും' നടി പറഞ്ഞു.


Click it and Unblock the Notifications











