ദൃശ്യം 3ലെ അതിഥി താരത്തിന്റെ മകന്‍! എന്റെ അഞ്ച് വര്‍ഷത്തെ കഷ്ടപ്പാടിന്റെ റിസല്‍ട്ടെന്ന് അമീര്‍
ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 വിജയകരമായി മുന്നേറുകയാണ്. ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് എങ്ങനെയായിരിക്കുമെന്നറിയാനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. തുടക്കം മുതലേ തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് മുന്നേറുകയാണ് ചിത്രം. നേരത്തെയുണ്ടായിരുന്നവര്‍ മാത്രമല്ല മൂന്നാം ഭാഗത്തില്‍ പുതിയതായും ചില താരങ്ങള്‍ എത്തിയിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമക്കാരന്റെ മകന്റെ വേഷം അവതരിപ്പിച്ചത് അമീര്‍ ഷാ ആയിരുന്നു. എനിക്ക് ഇതൊരു ചെറിയ സീനല്ല, വലിയ കാര്യമാണെന്ന് അമീര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം സന്തോഷം പങ്കുവെച്ചത്.
ഇതൊരു ചെറിയ സീനല്ലേ? എന്നെ സംബന്ധിച്ച് ചെറുതല്ല. ഈ ഒരു ഫ്രെയിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്. ഒന്നും പ്രതീക്ഷിക്കാതെ നിങ്ങൾ തന്ന സ്നേഹത്തിന്റെ കഥയുണ്ട്. ഒരുപാട് ഷോർട്ഫിലിമുകളുടെ റീലുകളുടെ, നാടകങ്ങളുടെ, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലമുണ്ട്. ഉയർച്ചയിലും താഴ്ചയിലും കൂടെ നിന്ന സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സ്നേഹമുണ്ട്. ദൃശ്യം പോലെ മലയാളത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയിൽ ഒന്ന് മുഖം കാണിക്കാൻ പറ്റിയത്, ആലപ്പുഴയിൽ കുട്ടനാടിന്റെ മൂലയിൽ അങ്ങ് പുളിങ്കുന്നിൽ ഒന്നുമില്ലാതെ ഒരു ധാരണയും ഇല്ലാതെ, യാതൊരുവിധ ബന്ധങ്ങളും ഇല്ലാതെ ജനിച്ചു വളർന്ന ഒരു നാട്ടിൻ പുറത്ത്കാരനു ,ഈ സിനിമയും ഇന്ന് ഈ കാണുന്ന സോഷ്യൽ മീഡിയയിലെ പിന്തുണയും ഒക്കെ വലിയ കാര്യമാണ്.

എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. ദൃഢം എന്ന മാർട്ടിൻ ചേട്ടന്റെ പടത്തിൽ ഒരു സീൻ അഭിനയിക്കാൻ പറ്റി. അത് കണ്ടിട്ടാണ് ജീത്തു സർ എന്നെ ഇതിലേക്ക് വിളിച്ചത്. അതിന് വഴിയൊരുക്കിയ അധീരയ്ക്കും ഫസലിക്കയ്ക്കും നന്ദിപറയണം. പിന്നെ പേരെടുത്ത് നന്ദി പറയണ്ട ഒരുപാട് പേരുണ്ട്. പക്ഷേ, അത്രമേൽ പ്രിയപ്പെട്ട അവരൊന്നും അതൊന്നും ആഗ്രഹിക്കുന്നില്ല. എനിക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കും. അതിന് എന്നെ പാകപ്പെടുത്തിയത് നിങ്ങൾ തന്ന സപ്പോർട്ടും സ്നേഹവും മാത്രമാണ്. എനിക്ക് എന്നും അതുവേണം എന്നുമായിരുന്നു കുറിപ്പ്.


Click it and Unblock the Notifications