ആദ്യം തന്നെ അടിയായി, സ്ത്രീകൾക്ക് തന്നെ നാണക്കേട്, അൻസിബ സംസാരിച്ചതോടെ എല്ലാവരും നിശബ്ദരായി: സീനത്ത്
താര സംഘടനയായ അമ്മയിലെ പ്രശ്നങ്ങൾ വലിയ വിവാദമായിരിക്കെ പ്രതികരണവുമായി നടി സീനത്ത്. സംഘടനയെ നയിക്കേണ്ട ശ്വേത മേനോന്റെ ഭാഗത്ത് പിഴവുകളുണ്ടായിട്ടുണ്ടെന്നും ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി പരാജയമായിരുന്നെന്നും സീനത്ത് പറയുന്നു. മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സ്ത്രീകൾ നേതൃനിരയിലേക്ക് വന്നപ്പോൾ ഞങ്ങളൊക്കെ കൂടെ നിന്ന ആളുകളാണ്. പക്ഷെ അവർക്ക് ശരിക്ക് കൊണ്ട് പോകാൻ പറ്റിയില്ല. പരസ്പരം അടിച്ച് പിരിഞ്ഞു. അത് അവരുടെ ഭാഗത്ത് നിന്ന് വന്ന തെറ്റ് തന്നെയാണ്. ജനറൽ ബോഡി മീറ്റിംഗിൽ മെെക്ക് തട്ടിപ്പറിച്ച സംഭവമൊന്നും ഉണ്ടായിട്ടില്ല. ഈ ഒരു വർഷം ഇവർ ചെയ്ത് കൂട്ടിയ കാര്യങ്ങൾ വളരെ മോശമായിരുന്നു. കുക്കു പരമേശ്വരൻ എന്ന വ്യക്തി സെക്രട്ടറിയായിട്ട് എവിടെയെങ്കിലും നമ്മൾ കുക്കുവിനെ കണ്ടോ. ഈ പ്രശ്നങ്ങൾ മുഴുവനുമുള്ള സമയത്ത് ശക്തമായി കുക്കുവിന്റെ വാക്കുകൾ ആരെങ്കിലും കേട്ടോ.

ഞാൻ കുക്കുവിന്റെ നല്ല സുഹൃത്താണ്. എന്ത് കൊണ്ട് പറയുന്നില്ലെന്ന് കുക്കുവിനെ ഞാൻ വിളിച്ച് ചോദിച്ചിട്ടുണ്ട്. ശ്വേത സംസാരിച്ചാേളാം എന്ന് പറഞ്ഞത് കൊണ്ടാണ് ഒന്നും പറയാത്തതെന്ന് കുക്കു മറുപടി നൽകിയെന്നും സീനത്ത് പറയുന്നു. സ്ത്രീകൾ നേതൃനിരയിൽ വന്ന ആദ്യത്തെ മീറ്റിംഗിൽ തന്നെ അടിയായി. സ്ത്രീകൾക്ക് തന്നെ നാണക്കേടായി ഇവരുടെ പെരുമാറ്റം. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ വരെ എടുത്തിട്ട് സംസാരിക്കുക അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. പൊലീസ് സ്റ്റേഷനിൽ കയറുന്നു. അതൊക്കെ ഞങ്ങൾക്ക് ഭയങ്കര വിഷമമുണ്ടാക്കിയ സംഭവമാണ്.
അൻസിബ-ലക്ഷ്മിപ്രിയ പ്രശ്നത്തിൽ ശ്വേത കൃത്യമായി ഇടപെട്ടില്ല. അവസാനത്തെ ജനറൽ ബോഡിയിൽ നിന്നും ശ്വേത ഇറങ്ങിപ്പോകരുതായിരുന്നു. കണക്കുകൾ കൊണ്ട് വന്നതിൽ തെറ്റുണ്ടായിരുന്നു. ഇനിയിപ്പോൾ ഈ കമ്മിറ്റി വേണോ എന്ന് ചോദിച്ച് എല്ലാവരും പരസ്പരം വിളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ കുറേ ആൾക്കാർ സംസാരിച്ചപ്പോൾ ആർക്കും ഇവർ വേണ്ട എന്ന അഭിപ്രായമായിരുന്നു. കാരണം അത്രയും മോശമായിരുന്നു. ഇവർക്ക് പറ്റില്ല. ഒരു വർഷം കൊണ്ട് ഇങ്ങനെയായെങ്കിൽ അമ്മ സംഘടന ഇനിയുണ്ടാകില്ലെന്ന് തോന്നി. ജനറൽ ബോഡിക്ക് വന്നപ്പോഴും അവിശ്വാസ പ്രമേയം വരുമെന്ന് ശ്വേത ഒരിക്കലും വിചാരിച്ചില്ല. ശ്വേതയ്ക്ക് പറയാനുള്ളത് കേൾക്കണമെന്ന് ഞങ്ങൾ പറഞ്ഞു. തന്റെ ഭാഗം പറയാൻ ശ്വേതയ്ക്കായില്ല. കമ്മിറ്റിയിലെ 17 പേരും ശ്വേതയെ സപ്പോർട്ട് ചെയ്ത് സംസാരിക്കാനും വന്നില്ല. ട്രഷററും ഓഡിറ്ററും കയ്യൊഴിഞ്ഞു.
സമയം വേണമെന്ന് പറഞ്ഞു. അത് ശരിയല്ല. ജനറൽ ബോഡി മീറ്റിംഗിൽ കണക്കുകളാണ് ആദ്യം കൃത്യമായി കൊണ്ട് വരേണ്ടത്. അല്ലെങ്കിൽ ജനറൽ ബോഡി വിളിക്കരുത്. രണ്ട് മാസം തള്ളി വെച്ചാലും ആരും ഒന്നും പറയില്ല. ശ്വേത ഇറങ്ങിപ്പോയി. അപ്പോഴാണ് അൻസിബ ഫയലുമായി വരുന്നത്. അവൾ വ്യക്തമായി സംസാരിച്ചു. എല്ലാവരും നിശബ്ദരായി. ശ്വേത പുറത്തേക്ക് പോകുകയും ചെയ്തു. അപ്പോൾ പുതിയ കമ്മിറ്റിയുണ്ടാക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നെന്നും സീനത്ത് പറയുന്നു.


Click it and Unblock the Notifications

