പുരുഷന്മാര്‍ക്ക് എതിരല്ല, ഭക്ഷണം ഉണ്ടാക്കാനും വീട്ടുകാര്യങ്ങള്‍ നോക്കാനുമുള്ള ആളായി പങ്കാളിയെ കാണരുത്; ഭാമ
സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു നടി ഭാമയുടെ വിവാഹം. കോട്ടയം ജില്ലയിൽ ജനിച്ച് വളർന്ന നടി 2020ൽ ആണ് അരുണിനെ വിവാഹം ചെയ്തത്. സിനിമയിലേക്ക് തിരിച്ചുവരില്ല എന്നൊന്നും ഞാന്‍ പറയില്ല. മനുഷ്യന്റെ കാര്യമാണ്. നമുക്ക് അറിയില്ലല്ലോ എന്നാണ് വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഭാമ പറഞ്ഞത്. പിന്നീട് കുടുംബ ജീവിതത്തിൽ മുഴുകിയതോടെ ഭാമയെ സിനിമകളിലൊന്നും കണ്ടില്ല.
അഭിനയത്തിലേക്ക് ഇനി വരില്ലെന്ന് അറത്ത് മുറിച്ച് ഭാമ പറയാതിരുന്നതുകൊണ്ട് തന്നെ നടി എന്നെങ്കിലും സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രേക്ഷകർക്ക് അറിയാമായിരുന്നു. അടുത്തിടെ സുമതി വളവ് എന്ന സിനിമയിലൂടെ അത് സംഭവിച്ചു. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സുമതി വളവിൽ അതിഥി വേഷത്തിലാണ് ഭാമ എത്തിയത്.

സുമതി വളവ് ഭാമയുടെ ജീവിതത്തിൽ സംഭവിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. വിഷ്ണു ശശിശങ്കറും അഭിലാഷ് പിളളയും വളരെ കാലങ്ങളായി നടിയുടെ സുഹൃത്തുക്കളാണ്. അഭിലാഷാണ് സുമതി വളവിലെ ഗസ്റ്റ് റോളിലേക്ക് ഭാമയെ ക്ഷണിച്ചത്. ആദ്യം കേട്ടപ്പോൾ നടിയൊന്ന് മടിച്ചു. എതിര് ഒന്നും പറയാന്‍ നില്‍ക്കണ്ട. ആ റോള്‍ വന്ന് ചെയ്തിട്ട് പൊയ്‌ക്കോളണം എന്ന സ്‌നേഹം കലർന്ന അധികാരത്തോടെ അഭിലാഷ് പറഞ്ഞപ്പോൾ ഭാമ സമ്മതം മൂളി.
മൂന്ന് ദിവസത്തെ ഷൂട്ട് മാത്രമാണ് ഭാമയ്ക്കുണ്ടായിരുന്നത്. സുമതി വളവ് കാണാൻ തിയേറ്ററുകളിൽ എത്തിയവർക്ക് ഭാമയുടെ ഗസ്റ്റ് റോൾ ഒരു സർപ്രൈസ് തന്നെയായിരുന്നു. സിനിമയും അഭിനയവും നടിയുടെ പ്രയോറിറ്റി ലിസ്റ്റിൽ പെടുന്ന ഒന്നല്ല. എന്നും അഞ്ച് വയസുകാരി ഗൗരിയുടെ അമ്മ എന്ന റോളാണ് ഭാമയ്ക്ക് ഏറ്റവും ഇഷ്ടം.
സിനിമയിൽ സജീവമായാൽ ലോങ് ഷൂട്ടുകൾക്ക് പോകുമ്പോൾ മകളെ വിട്ട് മാറി നിൽക്കേണ്ടി വരും. അങ്ങനൊന്ന് സംഭവിക്കരുതെന്ന് ഭാമയ്ക്കുണ്ട്. അതിനാലാണ് അഭിനയത്തിന് നടി വലിയ പ്രധാന്യം കൊടുക്കാത്തത്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും ഉദ്ഘാടനങ്ങളുമായും സ്റ്റേജ് ഷോകളുമായും യുട്യൂബ് ചാനലുമായുമെല്ലാം ഭാമ സജീവമാണ്. മകൾ മാത്രമാണ് ഭാമയുടെ ഇപ്പോഴത്തെ ലോകം. താൻ സിംഗിൾ മദറാണെന്ന് അടുത്തിടെയാണ് ഭാമ വെളിപ്പെടുത്തിയത്.
ദാമ്പത്യ ജീവിതത്തിൽ ചില താളപ്പിഴകൾ വന്നതിനാൽ അരുണും ഭാമയും വേർപിരിഞ്ഞാണ് താമസം. വിവാഹ ചിത്രങ്ങൾ അടക്കം ഭാമ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു. ഇപ്പോഴിത വിവാഹവുമായി ബന്ധപ്പെട്ട് തനിക്കുള്ള കാഴ്ചപ്പാട് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഭാമ പങ്കുവെച്ചു. താൻ പുരുഷന്മാർക്ക് എതിരല്ലെന്ന് പറഞ്ഞുകൊണ്ടാണ് നടി സംസാരിച്ച് തുടങ്ങുന്നത്.

പെൺകുട്ടികൾക്ക് വിവാഹം ആവശ്യമില്ലെന്ന കാഴ്ചപ്പാട് എനിക്കില്ല. സ്ത്രീധനം കൊടുത്തിട്ട് ഒരു സ്ത്രീയും വിവാഹം കഴിക്കേണ്ട ആവശ്യമില്ല. ഒരു കുടുംബം ഉണ്ടാവുക എന്നത് സ്ത്രീയുടെയും പുരുഷന്റെയും ആവശ്യമാണ്. എന്തിന്റെ പേരിലാണ് സ്ത്രീധനം കൊടുക്കേണ്ടത്. നിയമപരമായി സ്ത്രീധനം നിരോധിച്ചുവെന്ന് പറഞ്ഞാലും അതിന്റെ പേരിലുളള പ്രശ്നങ്ങൾ സ്ത്രീകള്‍ ഇന്നും നേരിടുന്നുണ്ട്. പഠിക്കുക, ജോലി നേടുക, പഠിക്കാന്‍ കഴിവില്ലാത്തവര്‍ കൈത്തൊഴില്‍ ചെയ്യുക.
അവനവന്റെ ആവശ്യങ്ങൾക്കുള്ള ജോലി സ്ത്രീകൾ നേടണം. തുല്യ ഉത്തരവാദിത്തമുളള രണ്ട് വ്യക്തികള്‍ ചേര്‍ന്ന് ഒരുമിച്ചുളള ജീവിതം എന്ന തലത്തില്‍ വിവാഹം റീ ഡിസൈന്‍ ചെയ്യാന്‍ പറ്റണം. ഞാന്‍ പുരുഷന്‍മാര്‍ക്ക് എതിരല്ല. രണ്ടുപേർ വിവാഹത്തിലൂടെ ഒന്നിച്ചാൽ അവർക്ക് പരസ്പരം താങ്ങാകാന്‍ കഴിയണം. കംപാനിയന്‍ എന്ന നിലയിലാണ് ഞാന്‍ പങ്കാളിയെ കാണുന്നത്.
ഇമോഷണലിയും ഫിസിക്കലിയും സപ്പോര്‍ട്ട് ചെയ്യണം. അത് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടിലേക്ക് വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്നത്. ഒരു പ്രത്യേക അജണ്ട മുന്‍നിര്‍ത്തിയുളളതാവരുത് വിവാഹം. ഭക്ഷണം ഉണ്ടാക്കി തരാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനും ഒരാള്‍ എന്ന തലത്തിലേക്ക് പങ്കാളിയെ പരിമിതപ്പെടരുതെന്നും തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് ഭാമ പറഞ്ഞു.


Click it and Unblock the Notifications











