നല്ല സ്ത്രീ എന്താണെന്ന് ചോദിച്ചാൽ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ പറയും; ഭാമ പറയാതെ പറയുന്നത്?
നിവേദ്യത്തിലെ സത്യഭാമയായി വന്ന് മലയാളികളുടെ മനസിൽ ചേക്കേറിയ അഭിനേത്രിയാണ് നടി ഭാമ. വിവാഹശേഷം അഭിനയത്തോട് വിട പറഞ്ഞ നടി ഇപ്പോൾ ബൊട്ടീക്ക് ബിസിനസും പാരന്റിങ്ങുമെല്ലാമായി തിരക്കിലാണ്. ലോഹിതദാസ് കണ്ടെത്തിയ അഭിനേത്രി സിനിമയിൽ വന്ന ശേഷമാണ് ഭാമയായി മാറിയത്. അതിന് മുമ്പ് രേഖിത ആർ കുറുപ്പായിരുന്നു. നിവേദ്യത്തിനുശേഷവും നിരവധി സിനിമകൾ വിവിധ ഭാഷകളിലായി ഭാമ ചെയ്തിട്ടുണ്ട്.
പക്ഷെ അന്നും ഇന്നും ആരാധകർക്ക് ഭാമ നിവേദ്യത്തിലെ കൃഷ്ണ ഭക്തയായ കുറുമ്പി പെൺകുട്ടിയാണ്. പന്ത്രണ്ട് വർഷത്തെ അഭിനയ ജീവിതത്തിനിടെ നാൽപ്പതിന് മുകളിൽ സിനിമകളാണ്. അവയിൽ മലയാളത്തിന് പുറമെ അന്യഭാഷ സിനിമകളും ഉൾപ്പെടും. 2020ൽ ആയിരുന്നു നടിയുടെ വിവാഹം. ചെന്നിത്തല സ്വദേശിയായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്.

കാനഡയിൽ പഠനം പൂർത്തിയാക്കിയ അരുൺ ഭാമയുടെ അളിയന്റെ സഹപാഠിയും കുടുംബ സുഹൃത്തുമായിരുന്നു. ആ പരിചയമാണ് ഭാമയും അരുണും ഒന്നിക്കാൻ കാരണമായത്. ഹിന്ദു ആചാരപ്രകാരം അത്യാഡംബര പൂർവമായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹനിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് വൈകാതെ ഭാമ ഗർഭിണിയാവുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
ഗൗരി എന്നാണ് മകൾക്ക് ഭാമ പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ഭർത്താവിനൊപ്പം അതിഗംഭീരമായാണ് ഭാമ ആഘോഷിച്ചത്. ഗൗരിയുടെ ഫോട്ടോകൾ ഭാമ ആദ്യമായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതും ഒന്നാം പിറന്നാളിനുശേഷം ആയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടപ്പോൾ ഭാമ ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തു.
അതോടെയാണ് നടിയുടെ ദാമ്പത്യ ജീവിതം ചർച്ചയായി തുടങ്ങിയത്. നിറവയറിൽ അരുണിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നിരവധി ഇൻസ്റ്റഗ്രാമിൽ നടി പങ്കുവെച്ചിരുന്നു. ഇരുവരും വേർപിരിഞ്ഞുവെന്നുള്ള അഭ്യൂഹങ്ങൾ പടർന്ന് തുടങ്ങിയപ്പോൾ പിന്നീട് ഒരു ദിവസം സോഷ്യൽമീഡിയ പോസ്റ്റിലൂടെ താൻ സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി ഭാമ എത്തുകയായിരുന്നു. അതല്ലാതെ വിവാഹമോചിതയാണോ, വേർപിരിഞ്ഞ് താമസിക്കുകയാണോ എന്നതിലൊന്നും പ്രതികരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.
പക്ഷെ ദാമ്പത്യ ജീവിതത്തിൽ നിന്നും നിരവധി കയ്പേറിയ അനുഭവങ്ങൾ നടിക്കുണ്ടായിട്ടുണ്ടെന്നത് പിന്നീട് നടി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും കുറിച്ച വാക്കുകളിൽ നിന്നും വ്യക്തമാണ്. വിവാഹത്തിനും സ്ത്രീധനത്തിനും എതിരെ ഒരിടയ്ക്ക് നടി കുറിച്ച വാക്കുകൾ വൈറലായിരുന്നു.

ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ച് പോയാൽ..? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ... ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്ത് നിന്നും എത്രയും വേഗം... എന്നാണ് ഭാമ കുറിച്ചത്.
ജീവിത പങ്കാളിയിൽ നിന്നും വഞ്ചന നേരിട്ടതിനെ കുറിച്ചുള്ള മറ്റുള്ളവരുടെ എഴുത്തുകളും ഭാമ പങ്കിട്ടിട്ടുണ്ട്. ഇപ്പോഴിതാ നടി ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത സ്റ്റോറിയാണ് ചർച്ചയാകുന്നത്. നല്ല സ്ത്രീ എന്താണെന്ന് ഒരു പുരുഷനോട് ചോദിക്കൂ... അപ്പോൾ അയാൾ ഉത്തമയായ വേലക്കാരിയുടെ ഗുണങ്ങൾ വിവരിക്കുന്നത് കേൾക്കാമെന്നായിരുന്നു ഭാമയുടെ സ്റ്റോറിയിലെ വാക്കുകൾ. ഒപ്പം പൊട്ടിച്ചിരിക്കുന്ന ഇമോജികളും ഉണ്ടായിരുന്നു.
സ്വന്തം വ്യക്തി ജീവിതത്തിലെ അനുഭവങ്ങളുമായി സാമ്യമുള്ളതുകൊണ്ടാകും നടി ഇത്തരം വാക്കുകൾ ഷെയർ ചെയ്യുന്നതെന്നാണ് ആരാധകരുടെ നിഗമനം. നടി എന്നതിലുപരി ഗായിക കൂടിയായ ഭാമ ഉദ്ഘാടന വേദികളിലും സജീവമാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ടെങ്കിലും വിരളമായി മാത്രമെ നടി വീഡിയോകൾ പങ്കിടാറുള്ളു.


Click it and Unblock the Notifications











