സിമ്പുവിന് എല്ലാം ഫ്രീ, പണി തന്നാൽ തിരിച്ചും പണിയും, നയൻതാരയെ കോടതി കയറ്റണമെന്നത് ധനുഷിന്റെ വാശി; ചർച്ചകൾ
ഒരു കാലത്ത് ആത്മ സുഹൃത്തുക്കൾ ആയിരുന്ന നയൻതാരയും ധനുഷും ഇന്ന് കടുത്ത ശത്രുതയിലാണ്. സൗഹൃദത്തിലേക്ക് പണം കൂടി കയറി വന്നതോടെയാണ് ഫ്രണ്ട്ഷിപ്പിൽ വിള്ളലുകൾ സംഭവിച്ചത്. തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളാണ് രണ്ടുപേരും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും അത്ര നല്ല ബോണ്ടിങ്ങിലല്ല. സിനിമാ ഇന്റസ്ട്രിയിലെ വളരെ കുറച്ച് ആളുകൾക്ക് മാത്രമെ ധനുഷ്-നയൻതാര വഴക്കിനെ കുറിച്ച് അറിയുമായിരുന്നുള്ളു. അടുത്തിടെയാണ് ജനങ്ങൾ ഇതെല്ലാം അറിഞ്ഞ് തുടങ്ങിയത്.
തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ മാർക്കറ്റുള്ള നടനാണ് സംവിധായകൻ കൂടിയായ ധനുഷ്. തമിഴിലും ബോളിവുഡിലുമെല്ലാമായി കൈ നിറയെ പ്രോജക്ടുകളാണ് താരത്തിന്. ഒപ്പം നിൽക്കുന്നവരെ എന്നും ചേർത്ത് പിടിക്കുന്ന പ്രകൃതക്കാരനാണ് ധനുഷ്. തമിഴ് സിനിമയിലെ മുൻനിര ആർട്ടിസ്റ്റുകളായ ശിവകാർത്തികേയനും അനിരുദ്ധുമെല്ലാം ധനുഷിന്റെ സഹായത്തോടെ സിനിമയിലേക്ക് കയറി വന്നവരാണ്.

ഇന്ന് ധനുഷിനോളം തന്നെ മാർക്കറ്റ് വാല്യു ഇരുവർക്കുമുണ്ട്. നിർമ്മാതാവ് എന്ന നിലയിലും ധനുഷ് സജീവമാണ്. ഇതിനോടകം നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ റിപ്പീറ്റ് വാല്യു ഏറെയുള്ള സിനിമയാണ് നാനും റൗഡി താൻ. നയൻതാരയും വിജയ് സേതുപതിയും നായകനും നായികയുമായ സിനിമ വിഘ്നേഷ് ശിവനാണ് സംവിധാനം ചെയ്തത്. ഈ സിനിമയിൽ നിന്നുമാണ് ധനുഷ്-നയൻതാര പ്രശ്നങ്ങളുടെ തുടക്കം.
ഈ ചിത്രം വരെ സുഹൃത്തുക്കളായിരുന്ന ധനുഷും നയൻതാരയും ഈ ചിത്രത്തിന് ശേഷം കീരിയേയും പാമ്പിനേയും പോലെ അത്രയേറെ ശത്രുക്കളായി. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ നീരസമാണ് ഇതിന് കാരണം. നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയം കാരണം സിനിമയുടെ ഷൂട്ടിങ് നീളുകയും ചിത്രീകരണത്തിന്‍റെ ഒഴുക്ക് നഷ്ടപ്പെടുകയും 12 കോടി രൂപ അധികച്ചെലവ് നിർമാതാവായ ധനുഷിന് വരികയും ചെയ്തു.
അന്ന് മുതൽ ആ അസ്വസ്ഥത ധനുഷ് നയൻതാരയോട് കാണിക്കുകയും അത് ഒരിക്കൽ നയൻതാര പൊതുവേദിയിൽ വെച്ച് പറയാതെ പറയുകയും ചെയ്തിരുന്നു. അന്ന് ധനുഷും സദസിലുണ്ടായിരുന്നു. ബജറ്റ് ഉദ്ദേശിച്ചതിന് മുകളിൽ പോയതുകൊണ്ട് തന്നെ സിനിമ ബ്ലോക്ക് ബസ്റ്ററായിട്ടും വലിയൊരു ലാഭം ധനുഷിന് നാനും റൗഡി താനിലൂടെ ലഭിച്ചില്ല.
നല്ല നടനെന്നപോലെ തന്നെ തന്റെ കയ്യിൽ നിന്നും ചിലവാകുന്ന ഒരോ രൂപയും തിരിച്ച് പിടിക്കാനുള്ള മാർഗം കണ്ടെത്തുന്ന ബുദ്ധിമാനായ ബിസിനസ്മാൻ കൂടിയാണ് ധനുഷ്. അതുകൊണ്ട് കൂടിയാണ് നാനും റൗഡി താൻ സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താൻ എൻഒസി ആവശ്യപ്പെട്ട് നയൻതാര സമീപിച്ചപ്പോൾ ധനുഷ് അത് നിരസിച്ചത്. പലരേയും ഉൾപ്പെടുത്തി ധനുഷിൽ നിന്നും എൻഒസി വാങ്ങാൻ നയൻതാര ശ്രമിച്ചെങ്കിലും നടന്നില്ല.

അവസാനം ഫോണിലുണ്ടായിരുന്ന മൂന്ന് സെക്കന്‍റ് ദൃശ്യങ്ങള്‍ ഡോക്യുമെന്‍ററിയില്‍ നയൻതാര ഉള്‍പ്പെടുത്തി. അതിന്റെ പേരിൽ 10 കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടിസയച്ച് ധനുഷ് തിരിച്ചടിച്ചു. എന്ത് തന്നെ സംഭവിച്ചാലും നയൻതാരയുമായുള്ള ശീതയുദ്ധം തുടരാനുള്ള നിലപാടിൽ തന്നെയാണ് ധനുഷ്. നടിയോട് കടുപിടുത്തം പിടിക്കുന്ന ധനുഷ് പക്ഷെ സിമ്പുവിന്റെ കാര്യത്തിൽ ഒരു വാശിയും കാണിച്ചില്ല.
മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് നയൻതാരയിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ട ധനുഷ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന വട ചെന്നൈ രണ്ടാം ഭാഗത്തിന് സിമ്പുവിന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകി. മാത്രമല്ല ഒരു രൂപപോലും കൈ പറ്റിയിട്ടല്ല എന്നതാണ് റിപ്പോർട്ട്. അതോടെ സിനിമാപ്രേമികൾ വീണ്ടും നയൻതാരയെ ടാഗ്ചെയ്യുകയും എൻഒസി തർക്കം വീണ്ടും ചർച്ച ചെയ്യാനും തുടങ്ങി.
സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന നടനാണ് ധനുഷെന്നും അതാണ് സിമ്പുവിന് വേണ്ടി ഇതെല്ലാം ചെയ്യാൻ കാരണം എന്നുമാണ് കമന്റുകൾ. തനിക്ക് നഷ്ടം വരുത്തിയ നയൻതാരയെ കോടതി കയറ്റണമെന്നത് ധനുഷിന്റെ വാശിയാണെന്നത് വ്യക്തമാകുന്നുവെന്നും പ്രേക്ഷക പ്രതികരണങ്ങളുണ്ട്.


Click it and Unblock the Notifications











