ജഗദീഷ് കള്ളനാ... തരംപോലെ അഭിപ്രായങ്ങൾ മാറ്റി പറയും, ഗണേശൻ പറഞ്ഞതിൽ വിഷമം ഇല്ല, സുരേഷും പറഞ്ഞിട്ടുണ്ട്!
കഴിഞ്ഞ കുറച്ച് നാളുകളായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള വാഗ്വാദങ്ങൾ നടക്കുന്നുണ്ട്. എയിംസ് വിഷയത്തില്‍ തന്നെ പരിഹസിച്ച ഗണേഷ് കുമാറിന് കടുത്ത ഭാഷയില്‍ സുരേഷ് ഗോപി മറുപടി നല്‍കിയത് വൈറലായിരുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ ഇരുവർക്കും ഇടയിൽ നടക്കുന്ന വാക്ക്പോരിനെ കുറിച്ച് ഇരുവരുടേയും സഹപ്രവർത്തകനും നടനുമായ ജഗദീഷ് മനസ് തുറന്നു.
ഗണേഷ് കുമാറും സുരേഷ് ഗോപിയും തന്നെ കുറിച്ചും ഇത്തരത്തിൽ സംസാരിക്കാറുള്ളതാണെന്ന് ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സുരേഷ് ഗോപിയും ഗണേഷ് കുമാറും പ്രതിയോഗികളെ പോലെ പെരുമാറുന്നത് എന്നെ വിഷമിപ്പിക്കാറില്ല. അങ്ങനൊരു വിഷമം എനിക്ക് വരാൻ പാടില്ല.

കാരണം അങ്ങനെയാണെങ്കിൽ ഞാൻ തകരും. ഗണേശൻ എന്നെ കുറിച്ച് എന്തെല്ലാം പറഞ്ഞിരിക്കുന്നു. ജഗദീഷ് കള്ളനാ... തരംപോലെ അഭിപ്രായങ്ങളൊക്കെ മാറ്റി പറയുന്നയാളാണ്. കാര്യം കാണാൻ വേണ്ടി എന്ത് വിഡ്ഢിത്തവും പറയും എന്ത് കൊള്ളരുതായ്മയും ചെയ്യും. ജഗദീഷിനെ വിശ്വസിക്കാൻ കൊള്ളത്തില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് ഒരു ഫീലിങുമില്ല.
ഇതിൽ കൂടുതൽ ഗണേശൻ പറഞ്ഞിട്ടുണ്ട്. അതെല്ലാം കേട്ട് കരഞ്ഞ്... എന്നാലും ഗണേശൻ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞല്ലോ എന്നൊന്നും തോന്നാറില്ല. ഒരു ഫിലീങ്സും ഇല്ല. ഗണേശന്റെ വിശ്വാസം അതാണെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം എനിക്കില്ല. അതുപോലെ തന്നെ സുരേഷ് ഗോപിയും എന്നെ കുറിച്ച് പോസിറ്റീവായതും നെഗറ്റീവായതുമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.
ഇഷ്ടപ്പെടാത്ത കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അണ്ണാ... നിങ്ങൾ ചെയ്യുന്നത് ശരിയല്ല. ആ നിലപാടിനോട് എനിക്ക് യോജിപ്പില്ല. അമ്മയുടെ പല നിലപാടുകളും എനിക്ക് എതിരായിരുന്നു. അതിൽ നിങ്ങൾക്കും ഉത്തരവാദിത്വമുണ്ട് എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. അതിൽ ഞാൻ അപ്സെറ്റാകേണ്ട കാര്യമുണ്ടോ?. അവർ അവരുടെ അഭിപ്രായങ്ങൾ പറയുന്നു.
ഞാൻ വിശ്വസിക്കാൻ കൊള്ളാത്തവനാണ് എന്നാണ് ഗണേശന്റെ വിശ്വാസമെങ്കിൽ അതിനെ തിരുത്താൻ ഞാൻ പോകേണ്ട കാര്യമില്ല. അത് അയാളുടെ വിശ്വാസം. ചിലപ്പോൾ പോസിറ്റീവും എന്നെ കുറിച്ച് അവർ പറഞ്ഞിട്ടുണ്ട്. ജഗദീഷ് നല്ലവനായെന്നും ഗണേഷ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ സമ്മർദ്ദത്തിൽ രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും എന്തേലും പറയുന്നുണ്ടെങ്കിൽ അതിനെ വളരെ സീരിയസായി എടുക്കേണ്ട കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
അവരുടെ സാഹചര്യമില്ലേ. ഒരു റൂമിൽ വെച്ച് കണ്ടുമുട്ടിയാൽ ചിലപ്പോൾ അവർ കെട്ടിപിടിച്ചേക്കും. ആർക്കറിയാം. അടുത്ത കാലത്ത് വേണ്ടപ്പെട്ടവർക്ക് എതിരെ വരെ ഗണേശന്റെ പ്രസ്താവനകൾ വന്നിട്ടുണ്ട്. ഗണേശന്റെ സാഹചര്യം അനുസരിച്ച് അദ്ദേഹം പെരുമാറുന്നു. എന്നെ കുറിച്ച് പറയുന്നതിൽ എനിക്ക് ഫീലിങ്സ് ഇല്ല. ഞാൻ തന്നെ പറയുന്നു... എന്നിൽ സന്യാസിയുമുണ്ട് ചെകുത്താനുമുണ്ട്.
ഈ പോരാട്ടമാണ് എന്നും നടത്തി കൊണ്ടിരിക്കുന്നത്. ചെകുത്താനെ സർപ്രസ് ചെയ്യാൻ കഴിയുന്ന ദിവസങ്ങളിൽ ഞാൻ വിജയിക്കുന്നു. ചില ദിവസങ്ങളിൽ നമ്മുടെ നാവിൽ നിന്ന് തന്നെ അബദ്ധം വീഴാം. ആ ദിവസം ചെകുത്താൻ ജയിച്ചു എന്നും ജഗദീഷ് പറഞ്ഞു. നിരവധി സിനിമകളിൽ സുരേഷ് ഗോപിക്കൊപ്പവും ഗണേശ് കുമാറിനൊവും ജഗദീഷ് അഭിനയിച്ചിട്ടുണ്ട്.
ഇടക്കാലത്ത് ഇരുവരേയും പോലെ ജഗദീഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നുവെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. സുഖമാണോ സുഖമാണ് ആണ് ജഗദീഷ് ഭാഗമായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. മാത്യു തോമസ്, ദേവിക സഞ്ജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നവർ.


Click it and Unblock the Notifications











