നിവിന്‍ പോളി എന്റെ സീനിയറാണ്; ആസിഫിനെ ചെറുപ്പത്തിലെ പരിചയമുണ്ട്, സിനിമയിലെത്തിയതിനെ കുറിച്ച് അമിത്
വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തില്‍ ഫാ.വിന്‍സെന്റ് കൊമ്പാന എന്ന കഥാപാത്രത്തിലൂടെ നടന്‍ അമിത് ചക്കാലയ്ക്കല്‍ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതിന് മുന്‍പ് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അമിത്. സിനിമയുമായി യാതൊരു ബന്ധവുമില്ലാഞ്ഞിട്ടും മലയാളത്തില്‍ അറിയപ്പെടുന്ന നടനായത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അമിത്തിന് ഒരുപാട് പറയാനുണ്ട്.
റിയാലിറ്റി ഷോ യിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് കാണുന്ന നടനിലേക്കുള്ള യാത്രയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരമിപ്പോള്‍. തന്റെ സീനിയറായി പഠിച്ച നിവിന്‍ പോളിയും ആസിഫ് അലിയുമൊക്കെ സിനിമയിലെത്തിയതിന് ശേഷമുണ്ടായ ആത്മവിശ്വാസം കൂടി ഉണ്ടെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമിത് വ്യക്തമാക്കി.

മമ്മൂട്ടി ദ് ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോ യില്‍ ആണ് ആദ്യമായി ഞാന്‍ പങ്കെടുത്തത്. അതില്‍ ഫൈനല്‍ റൗണ്ടില്‍ ഞാന്‍ പുറത്താക്കപ്പെട്ടു, അതിന് ശേഷം ഒരുപാട് ഓഡിഷനില്‍ പങ്കെടുത്തു. അവസരം ലഭിച്ചല്ല. താടിയുള്ള മച്ചാന്മാര്‍ക്ക് എന്ന പേരില്‍ ഹണി ബീ എന്ന സിനിമയുടെ ഒരു ഓഡിഷന്‍ നടക്കുന്നുവെന്ന് കേട്ടു, അങ്ങനെ അതില്‍ പങ്കെടുത്തു. സിദ്ദിക്ക, ലാല്‍, അസീം, സുരേഷേട്ടന്‍ എന്നിവരെ ആയിരുന്നു കഥാപാത്രങ്ങളായി തിരഞ്ഞെടുത്തിരുന്നത്. പക്ഷേ സിദ്ദിക്കയ്ക്ക് വേറെ ഒരു സിനിമയുടെ കണ്ടിന്യൂയിറ്റി പ്രശ്‌നം വന്നു താടി എടുക്കേണ്ടി വന്നപ്പോള്‍ അദ്ദേഹം അതില്‍ നിന്നും മാറി. അങ്ങനെയാണ് ആ കഥാപാത്രത്തിനായി ഓഡിഷന്‍ നടന്നത്. ഞാന്‍ അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാന്‍-ഗ്രിഗറി ടീമിന്റെ എബിസിഡി എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഞാന്‍ പോയിരുന്നു. ആ സിനിമയില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അതുപോലെ ഇന്ദ്രജിത്ത് ചേട്ടന്റെ മസാല റിപ്പബ്ലിക് എന്ന സിനിമയിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി അഭിനയിച്ചു. ഇപ്പോള്‍ ഒരു ഭാഗ്യമെന്ന പോലെ ഞാന്‍ ലീഡ് റോള്‍ ചെയ്ത് സിനിമയില്‍ ഗ്രിഗറി ഉണ്ട് കൂടെ, പിന്നെ ഇന്ദ്രേട്ടന്‍ ഒപ്പം ആഹാ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. ഞാന്‍ ആരാധിച്ചിരുന്ന ഇവരോടൊപ്പമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു, ഇതൊക്കെ 'ഡ്രീം കം ട്രൂ' എന്ന പോലെ ആണ് തോന്നുന്നത്.

ആരുടെയും സഹായമില്ലാതെ സിനിമയില്‍ എത്തിയ ഒരാളാണ് ഞാന്‍. സിനിമയില്‍ സൗഹൃദങ്ങളും കുറവാണ്. ഓരോ സിനിമയിലും ചെയ്ത ചെറിയ റോളുകള്‍ കണ്ട് താല്‍പര്യം തോന്നിയാണ് സംവിധായകര്‍ എന്നെ തേടി എത്തിയത്. കോടികള്‍ മുടക്കി സിനിമ എടുക്കുന്ന ഒരാള്‍ ഒരിക്കലും പരീക്ഷണം നടത്താനായി ഒരു തെരഞ്ഞെടുക്കില്ല. വാരിക്കുഴിയിലേക്ക് എന്നെ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് തോന്നിയത് എന്റെ ഭാഗ്യം തന്നെയാണ്.

ആരുടെയും സഹായമില്ലാതെ സിനിമയിലേക്ക് വന്നത് എനിക്ക് എന്നിലുള്ള വിശ്വാസം കൊണ്ടാണ്. അതാണ് എന്റെ ധൈര്യം. കുടുംബത്തിലുള്ളവരോ സുഹൃത്തുക്കളോ ആരും തന്നെ സിനിമയില്‍ ഇല്ല. ഉപദേശിച്ച് തരാനും ആരുമില്ല. മനസില്‍ ഉള്ള ആഗ്രഹം ആരോടെങ്കിലും പറയാന്‍ തന്നെ പേടിയായിരുന്നു. ആദ്യമൊക്കെ ഒരു കോംപ്ലക്‌സ് ആയിരുന്നു. വെളുത്ത് തുടുത്ത നായകന്മാരെ കണ്ട് വളര്‍ന്നവരാണ് നമ്മള്‍. എന്നെ പോലെ ഒരാളെ അംഗീകരിക്കുമ എന്ന പേടി ഉണ്ടായിരുന്നു. പക്ഷെ സിനിമ വളരെ മാറി പോയി. ആള്‍ക്കാര്‍ പുരോഗമനപരമായി ചിന്തിച്ച് തുടങ്ങി.
Recommended Video

എന്റെ സീനിയര്‍ ആയി പഠിച്ച ആളാണ് നിവിന്‍ പോളി. ആസിഫ് അലിയെ ചെറുപ്പത്തിലെ പരിചയമുണ്ട്. നമ്മുടെ ഇടയിലുള്ളവര്‍ സിനിമയിലേക്ക് വന്നത് കണ്ടപ്പോള്‍ എനിക്കും ധൈര്യം വന്നു. ഒന്ന് ശ്രമിച്ച് നോക്കിയാലോ എന്ന് തോന്നി. ആഗ്രഹം മനസില്‍ വച്ചിരിക്കാതെ ശ്രമിക്കണം എന്ന് തന്നെ തോന്നി. അങ്ങനെയാണ് ഓഡീഷനുകളില്‍ പോയി തുടങ്ങിയത്. അവിടെ നിന്നും നന്നായിട്ടുണ്ട് എന്ന അഭിപ്രായം കിട്ടി തുടങ്ങിയപ്പോള്‍ എനിക്ക് തന്നെ ആത്മവിശ്വാസമായി.


Click it and Unblock the Notifications











