'പത്ത് കോടി രൂപയുടെ മാന്യത ഇവർക്കുണ്ടോ, കൂടിപ്പോയാൽ പതിനായിരം കിട്ടും, അൻസിബയുടേത് ഒറ്റയാൾ പോരാട്ടം'
താരസംഘടന അമ്മയിലെ അംഗങ്ങൾ തമ്മിൽ നടക്കുന്ന പ്രശ്നങ്ങളിൽ തന്റെ നിരീക്ഷണം പങ്കുവെച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. നടി അൻസിബ ഹസന്റെ രാജിയോടെയാണ് അമ്മയിൽ ഭിന്നതയും പ്രശ്നങ്ങളും ശക്തമായത്. ഏറ്റവും വലിയ നിയമയുദ്ധം നടക്കുന്നത് അൻസിബയും ടിനി ടോമും ലക്ഷ്മിപ്രിയയും തമ്മിലാണ്. തെളിവുകൾ ഉണ്ടെങ്കിൽ കാലം എത്ര കഴിഞ്ഞാലും സുകന്യയെപ്പോലെ അൻസിബ ഹസനും വിജയിക്കാനാകുമെന്ന് ആലപ്പി അഷ്റഫ് പറയുന്നു.
സംവിധായകന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പണ്ടൊക്കെ സിനിമാ താരങ്ങളുടെ വിശേഷങ്ങളും അവരുടെ കുടുംബ വിശേഷങ്ങളും ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളും തുടങ്ങി ആരോഗ്യകരമായ വാർത്തകളായിരുന്നു വന്നുകൊണ്ടിരുന്നത്. പിന്നീട് നടിയെ ആക്രമിച്ചതോട് കൂടി പീഡന പരമ്പകളുടെ ഞെട്ടിക്കുന്ന കഥകളുടെ ഒരു കുത്തൊഴുക്കായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ അമ്മ എന്ന താരസംഘടനയുടെ മേൽക്കൂര തകർന്ന് അടിഞ്ഞു. പണ്ടൊക്കെ നടി നടന്മാരെ വലിയ ആരാധനയോടെയാണ് പൊതുജനം നോക്കി കണ്ടിരുന്നത്. അന്ന് അവരെ കുറിച്ച് കൂടുതലൊന്നും ആർക്കും അറിയുമായിരുന്നില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്നെ അത് അപ്പോൾ തന്നെ പരിഹരിക്കപ്പെടുകയും ചെയ്യുമായിരുന്നു. അതൊന്നും നാറ്റക്കേസായി ജനമധ്യത്തിൽ വരാറുമില്ലായിരുന്നു.
ഇപ്പോൾ നടീനടന്മാരുടെ ഭൂതവും ഭാവിയും വർത്തമാനവും ജാതകവും വരെ ആളുകൾക്ക് കാണാപാഠമാണ്. നടന്മാരെ കുറിച്ച് നല്ല വാർത്തകൾ വരുന്നത് കുറവാണ്. സെലിബ്രിറ്റികളായ സ്ത്രീകളുടെ പരാതികളും പരിഭവങ്ങളും പീഡന കഥകളും കൊണ്ട് സോഷ്യൽമീഡിയ നിറഞ്ഞ് നിൽക്കുകയാണ്. അവതാരകയായ രഞ്ജിനി ഹരിദാസ് ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു.
സംഗീത രംഗത്തെ ഒരു പ്രശസ്തൻ തന്നെ കിടക്ക പങ്കിടാൻ വിളിച്ചുവെന്നതാണ് അതിൽ ഒന്ന്. മറ്റൊന്ന് നമുക്കൊക്കെ അറിയാവുന്ന വലിയൊരു നടൻ രഞ്ജിനിയുടേയും അടുത്ത സുഹൃത്താണ്. അയാൾ ഷർട്ടിടാത്ത ഫോട്ടോ അയച്ചുകൊടുത്തിട്ട് അർധനഗ്നയായ ഫോട്ടോ രഞ്ജിനിയിൽ നിന്നും ആവശ്യപ്പെട്ടുവെന്നതാണ് രണ്ടാമത്തേത്. ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പമാണ് സംഗീത സംവിധായകനും നടനും. രഞ്ജിനി പേര് വെളിപ്പെടുത്തിയില്ലല്ലോയെന്ന് കരുതി രണ്ട് പേർക്കും ആശ്വസിക്കാം.
അതുപോലെ മറ്റൊരു സെലിബ്രിറ്റിയുടെ കാര്യം പറഞ്ഞാൽ തന്നെ ചാനലിലൂടെ അപമാനിച്ച വ്യക്തിക്ക് എതിരെ കഴിഞ്ഞ 30 വർഷമായി നിയമപോരാട്ടം നടത്തി കൊണ്ടിരുന്ന നടി സുകന്യയ്ക്ക് നീതി ലഭിച്ചു. സുകന്യയെ കുറിച്ച് കാട്ടുകള്ളൻ വീരപ്പൻ പറഞ്ഞ കഥകളാണ് ഈ കേസിന് ആധാരം. സുകന്യയുടെ എതിർകക്ഷി അതിശക്തരായ സൺടിവിയായിരുന്നു. അതുപോലെ ഇവിടെ ഇപ്പോൾ നടി അൻസിബയും തന്നെ കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞ് അപമാനിച്ചവർക്കെതിരെ സുകന്യയെപ്പോലെ തീരുമാനിച്ച് ഉറച്ച് ഇറങ്ങി കഴിഞ്ഞു.

ടിനി ടോമിനെതിരെയാണ് അൻസിബയുടെ നിയമപോരാട്ടം. തെളിവുകൾ ഉണ്ടെങ്കിൽ കാലം എത്ര കഴിഞ്ഞാലും സുകന്യയെപ്പോലെ വിജയിക്കാനാകുമെന്നത് സംശയമന്യേ പറയാം. ഒരു കൂട്ടം നടിമാർ നിന്ന സ്ഥലത്ത് ഇരുന്നുകൊണ്ടാണ് ടിനി ടോം അൻസിബയ്ക്ക് എതിരെ ഗുരുതരമായ അശ്ലീല പരാമർശം നടത്തിയതെന്ന് പറയപ്പെടുന്നു. ടിനിക്ക് ഉന്നതരായ രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്നതാണ് അൻസിബയിൽ ഭയം ഉണ്ടാക്കുന്നത്.
അവർ ടിനിയെ സഹായിക്കുമോയെന്ന ആശങ്കയും അൻസിബ ചാനലിലൂടെ പങ്കുവെച്ചിരുന്നു. അൻസിബ ടിനി ടോമിന് എതിരെ മാത്രമല്ല പൊരുതുന്നത്. അമ്മയുടെ വൈസ് പ്രസിഡന്റായ ലക്ഷ്മി പ്രിയയ്ക്ക് എതിരേയും നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. ശക്തരായ എതിരാളികൾക്ക് എതിരെ അൻസിബയുടേത് ഒറ്റയാൾ പോരാട്ടം. അൻസിബയിൽ നിന്നും പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ പോവുകയാണ് താനെന്ന് ലക്ഷ്മിപ്രിയ പറയുന്നു.
ഈ കേസിൽ വിജയിച്ചാൽ ലക്ഷ്മിക്ക് പിന്നെ ഒരു ജോലിക്കും പോകേണ്ട ആവശ്യമില്ല. അൻസിബ തരുന്ന പത്ത് കോടി വാങ്ങി ബാങ്കിലിട്ട് ശിഷ്ടകാലം സുഖമായി ജീവിക്കാം. പക്ഷെ കേസ് ഫയൽ ചെയ്താൽ പത്ത് കോടിയുടെ പത്ത് ശതമാനമായ ഒരു കോടി രൂപ ലക്ഷ്മി കോടതിയിൽ കെട്ടിവെക്കണം. കേസ് നടത്താൻ ചിലവുകൾ വേറെയും. ഇതെല്ലാം ചെയ്താലും പത്ത് കോടി രൂപയുടെ മാന്യത ഇവർക്കുണ്ടോയെന്ന് കോടതി പരിശോധിക്കും.
ന്യായമായിരുന്നിട്ടും നഷ്ടപരിഹാരമായി സുകന്യയ്ക്ക് ലഭിച്ചത് പത്ത് ലക്ഷം രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ലക്ഷ്മിയുടെ കേസിൽ കൂടിപ്പോയാൽ പതിനായിരം രൂപ വരെ പ്രതീക്ഷിക്കാം. അതുപോലെ മാനാഭിമാനം എല്ലാവർക്കും ഉണ്ടെന്ന് കൂടി ലക്ഷ്മിപ്രിയ ഓർത്താൽ നന്നായിരിക്കും എന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications


