മകൾ എന്നോടങ്ങനെ പെരുമാറിയപ്പോഴാണ് മനസിലായത്, അമ്മയ്ക്കെത്ര വിഷമമായിക്കാണും: അമൃത സുരേഷ്
ജീവിതത്തിലെ വിഷമകരമായ നാളുകൾ പിന്നിട്ട് മുന്നോട്ട് പോകുകയാണ് ഗായിക അമൃത സുരേഷ്. മുൻഭർത്താവ് നടൻ ബാലയുടെ ആരോപണങ്ങളും ഉപദ്രവവും നേരിട്ട അമൃത സുരേഷ് കടുത്ത സെെബർ ആക്രമണത്തിനും ഇരയായി. മകളായിരുന്നു പ്രശ്നങ്ങളിലും അമൃതയുടെ ആശ്വാസം. ഒപ്പം അമ്മയും സഹോദരിയും. മകളെക്കുറിച്ച് അമൃത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്.
മകൾ ഇംഗ്ലീഷ് പാട്ടുകളാണ് കേൾക്കാറ്. അവരുടെ തലമുറയിലെ എല്ലാവരും അങ്ങനെയാണ്. ഷോകളിൽ അപൂർവമായേ മകളെ ഒപ്പം കൊണ്ട് പോകാറുള്ളൂ. നമ്മൾ ആ സമയത്ത് പൂർണമായും മറ്റൊരു ഫോക്കസിലായിരിക്കും. മകളെ അത്ര കാര്യമായി ശ്രദ്ധിക്കാൻ പറ്റില്ല. പിന്നെ അവളെ സ്റ്റേജിന്റെ സെെഡിൽ ഇരുത്തണം. ഷോ കഴിഞ്ഞ് ആളുകൾ ഫോട്ടോയെടുക്കാൻ വരും. അതൊന്നും മകളെ ബുദ്ധിമുട്ടിക്കരുത് എന്ന് കരുതിയാണ് ഒപ്പം കൂട്ടാത്തത്. മകളെ ഗെെഡ് ചെയ്യാനാണ് ഞാനാഗ്രഹിക്കുന്നത്.

തെറ്റും ശരിയും പറഞ്ഞ് കൊടുക്കും. അപ്പോൾ അവൾ സ്വന്തം ബുദ്ധി ഉപയോഗിച്ച് മനസിലാക്കാൻ ശ്രമിക്കും. അങ്ങനത്തെ ഇടപെടലുകളേ ഞാൻ നടത്തൂ. ധെെര്യം കാണിക്കാനാണ് മകളെ ഉപദേശിക്കാറ്. എന്തെങ്കിലും പറയാൻ തോന്നിയാൽ ആരെയും പേടിക്കാതെ വാ തുറന്ന് പറയുക. അയാളെന്ത് വിചാരിക്കും, ഇയാളെന്ത് വിചാരിക്കും എന്ന് ചിന്തിക്കേണ്ട. ദേഷ്യം വന്നാൽ പ്രകടിപ്പിക്കുക. മറച്ച് വെക്കേണ്ട കാര്യമില്ലെന്നും അമൃത സുരേഷ് പറയുന്നു.
അമ്മയെ മനസിലാക്കിയതിനെക്കുറിച്ചും അമൃത സുരേഷ് സംസാരിച്ചു. പൊതുവെ അമ്മയോട് അങ്ങനെ ഒച്ച വെക്കുന്ന ആളല്ല ഞങ്ങൾ. എന്നാൽ ഇടയ്ക്ക് പോ അമ്മേ എന്നൊക്കെ പറഞ്ഞ് ഞാൻ ഇറങ്ങിപ്പോകും. ഒരു ദിവസം പാപ്പു (മകൾ) എന്നോട് ഇങ്ങനെ പെരുമാറി. അതെന്റെ കണ്ണ് തുറപ്പിച്ചു. അമ്മയ്ക്കെത്ര മാത്രം വിഷമമായിട്ടുണ്ടാകും എന്ന് ചിന്തിച്ചു. നമ്മളൊരു അമ്മയാകുമ്പോൾ നമ്മുടെ അമ്മ എന്തായിരുന്നെന്ന് മനസിലാകുമെന്നും അമൃത പറയുന്നു.
സഹോദരി അഭിരാമി സുരേഷിനെക്കുറിച്ചും അമൃത സംസാരിച്ചു. വീട്ടുകാരെ എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് വെെകാരികമായി പ്രതികരിക്കുന്നയാളാണ്. ഞാൻ തടയാൻ നോക്കും. പറഞ്ഞ് തീരും മുമ്പ് അവൾ പ്രതികരിച്ചിട്ടുണ്ടാകും. അഭിരാമിയെയും മകളെ പോലെ ഞാൻ കയ്യിലെടുത്ത് വളർത്തിയതാണ്. അഭിരാമിയായിരുന്നു കൂടുതൽ കുസൃതി. പാപ്പുവിനെ നോക്കാൻ ഞാൻ, അഭിരാമി, അമ്മ എന്നീ മൂന്ന് അമ്മമാരുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബം ഒരു ടീമാണെന്നും അമൃത സുരേഷ് പറഞ്ഞു.


Click it and Unblock the Notifications















