എനിക്ക് പറ്റിയ വലിയൊരു അബദ്ധം, അരലക്ഷം രൂപയോളം നഷ്ടപ്പെട്ടു, മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല; അമൃത
ഓൺലൈൻ വഴി നടക്കുന്ന പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകൾ ദിവസവും വർധിച്ച് വരികയാണ്. ഇപ്പോഴിതാ ഗായിക അമൃത സുരേഷിനും വാട്സ്ആപ്പ് സ്കാം വഴി ഒരു സംഘം നടത്തിയ തട്ടിപ്പിലൂടെ അരലക്ഷം രൂപയോളം നഷ്ടപ്പെട്ടിരിക്കുന്നു. അമൃതയുടെ ബന്ധുവിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ തുടക്കം. അരലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുള്ള കസിന്റെ മസേജ് വന്നപ്പോൾ അത്യാവശ്യമാകുമെന്ന് കരുതി മറിച്ച് ഒന്നും ചിന്തിക്കാതെ ഗായിക പണം ഗൂഗിൾ പെ ചെയ്തു.
പിന്നീട് വീണ്ടും കുറച്ച് കൂടി പണം ആവശ്യപ്പെട്ട് മെസേജ് വന്നപ്പോൾ കാര്യം തിരിക്കാമെന്ന് കരുതി കസിനെ ഫോൺ വിളിച്ചപ്പോഴാണ് അതൊരു ഓൺലൈൻ സ്കാം ആയിരുന്നുവെന്ന് അമൃത മനസിലാക്കുന്നത്. എനിക്ക് പറ്റിയ പുതിയ മണ്ടത്തരത്തെ കുറിച്ചാണ് പറയാനാണ് ഈ വീഡിയോ. പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന മണ്ടത്തരമല്ല.

അത് ഇനി ഏതായാലും ഇല്ലയെന്ന് പറഞ്ഞുകൊണ്ടാണ് അമൃതയുടെ വീഡിയോ ആരംഭിക്കുന്നത്. കൂനിൻ മേൽ കുരുവെന്ന് പറയുന്നത് പോലെ പണി കിട്ടി പണി കിട്ടി 45000 രൂപയോളം വെറുതെ കളഞ്ഞിട്ട് ഇരിക്കുകയാണ് അമൃതയെന്ന് സഹോദരി അഭിരാമിയും പറയുന്നു. മഴക്കാലവും സ്കൂൾ ഓപ്പണിങ്ങിമെല്ലാം ഉള്ളതുകൊണ്ട് ആർട്ടിസ്റ്റുകൾക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സമയമാണല്ലോ ഇപ്പോൾ... (ചിരിക്കുന്നു).
അങ്ങനെ അടുത്തിടെ ഒരു വാട്സ്ആപ്പ് സ്കാമിൽ ഞാൻ ഉൾപ്പെട്ടു. ഇങ്ങനൊരു സ്കാം നടക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. സ്കാമിന് ഇരയായപ്പോൾ മുതൽ ഈ സമയം വരെ ഞാൻ ചിരിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു പ്രശ്നമാണ്. സ്ട്രെസ് വന്നാൽ എനിക്ക് ചിരിവരും. പിന്നെ കിളി പൊട്ടന്മാരെപ്പോലെ ഇരിക്കും. വീട്ടിൽ വലിയ ഇഷ്യു നടന്നാലും ഞാൻ ചിരിച്ചുകൊണ്ടിരിക്കും.
പിന്നീട് ആരും ഇല്ലാത്ത സമയത്ത് മാത്രമെ ആ വിഷമം പുറത്ത് വരും. നമ്മൾ ഫോൺ വിളിക്കാനായി ഡയൽ ചെയ്ത് കഴിയുമ്പോൾ കേൾക്കുന്ന അനൗൺസ്മെന്റ് ഇതുവരെയും എനിക്ക് ഒരു അലോസരമായാണ് തോന്നിയിട്ടുള്ളത്. സൈബർ കുറ്റവാളികളെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ആ അനൗൺസ്മെന്റ്. തട്ടിപ്പിന് ഇരയായാൽ വിളിക്കാനുള്ള ഒരു ഹെൽപ്പ് ലൈൻ നമ്പറും ആ അനൗൺസ്മെന്റിൽ പറയുന്നുണ്ട്.
അതൊന്നും മുമ്പ് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഒരു ദിവസം സ്റ്റുഡിയോയിലായിരിക്കുമ്പോഴാണ് ഞങ്ങളുടെ കസിൻ ചേച്ചി പണം ആവശ്യപ്പെട്ട് മെസേജ് അയച്ചത്. എമർജൻസിയാണ്... 45000 രൂപ അയക്കാമോ എന്നാണ് ചോദിച്ചത്. ഒപ്പം ഒരു യുപിഐ ഐഡിയും അയച്ചു. ചേച്ചിയുടെ യുപിഐ വർക്ക് ചെയ്യുന്നില്ല അതുകൊണ്ട് ഇതിലേക്ക് അയക്കാനാണ് പറഞ്ഞത്.

എമർജൻസി ആയതുകൊണ്ട് കൂടുതൽ ചോദിക്കാതെ ഞാൻ പണം അയച്ച് കൊടുത്തു. കൂടാതെ സ്ക്രീൻ ഷോട്ടും എന്റെ ഒരു സെൽഫിയും വരെ അയച്ചു. അപ്പോൾ തന്നെ താങ്ക്യു മെസേജും വന്നു. കൂടാതെ കുറച്ച് പൈസ കൂടി അയക്കാമോയെന്നും ചോദിച്ചു. ഉടൻ ഞാൻ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. പക്ഷെ ആരും എടുത്തില്ല. കോൾ കട്ടായി. ശേഷം ഞാൻ നോർമൽ കോൾ വിളിച്ചു. അപ്പോൾ അപ്പുറത്തെ തലയ്ക്കൽ കരച്ചിലും നിലവിളിയുമാണ് കേട്ടത്.
എന്റെ വാട്സ് ആപ്പ് ആരോ ഹാക്ക് ചെയ്തു... നീ പൈസയൊന്നും അയച്ച് കൊടുക്കരുതെന്നാണ് ചേച്ചി പറഞ്ഞത്. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. എനിക്ക് മാത്രമല്ല ചേച്ചിയുടെ കോൺടാക്ടിലുള്ള ഒരുപാട് പേർക്ക് ഇങ്ങനെ പണം ആവശ്യപ്പെട്ട് മെസേജ് പോയിട്ടുണ്ട്. ചേച്ചി ഒരു പാഴ്സൽ ഓഡർ ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട കോൾ ആകുമെന്ന് കരുതി പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന കോൾ എടുത്തതോടെയാണ് പ്രശ്നമായത്.
ശേഷം ഞങ്ങൾ സൈബർ സെല്ലിൽ പരാതിപ്പെട്ടുവെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴേക്കും തട്ടിപ്പ് സംഘം പണം എടിഎമ്മിൽ നിന്നും പിൻവലിച്ചിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥരുടെ സഹായം തേടിയാൽ പണം ചിലപ്പോൾ തിരികെ കിട്ടുമായിരുന്നുവെന്നും അമൃത അനുഭവം പങ്കിട്ട് പറഞ്ഞു.


Click it and Unblock the Notifications











