ഗര്‍ഭകാലം ആഘോഷമാക്കി, ഇനി മകനൊപ്പമുള്ള നിമിഷങ്ങള്‍! താരപുത്രനൊപ്പം നടി എമി ജാക്‌സന്റെ വീഡിയോ
ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ നടിയാണ് എമി ജാക്‌സണ്‍. താന്‍ അമ്മയാവാന്‍ പോവുന്നതായി അറിഞ്ഞത് മുതല്‍ പുതിയ വിശേഷങ്ങള്‍ എമി പങ്കുവെക്കാറുണ്ടായിരുന്നു. വിവിധ രീതിയിലുള്ള ഫോട്ടോഷൂട്ടും മറ്റുമായി നടി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ ഒരു ആണ്‍കുഞ്ഞ് എമിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തിലേക്ക് കടന്ന് വന്നിട്ട് ഒരു മാസം ആയിരിക്കുകയാണ്. മകന്റെ പിറന്നാള്‍ ദിനത്തില്‍ പാട്ട് പാടി കൊടുത്തിരിക്കുകയാണ് നടിയിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം അതിമനോഹരമായ കുറിപ്പും എഴുതിയിരുന്നു.

ഹാപ്പി ബെര്‍ത്ത് ഡേ... നിനക്കിന്ന് ഒരു മാസം പ്രായം. നീ ജനിക്കുന്നതിന് മുന്‍പുള്ള ജീവിതം എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ പറ്റുന്നില്ല. പറയാന്‍ പോലും കഴിയാത്ത വിധം നീ എന്നെ പൂര്‍ണയാക്കി. നിനക്കൊപ്പം ഞാന്‍ ചെലവിടുന്ന ഓരോ നിമിഷത്തിനും ഞാന്‍ നിന്നോട് നന്ദി പറയുന്നു. കരുത്തുറ്റ ഒരു യുവാവായി നീ വളര്‍ന്നു വലുതാകുന്നത് കാണാന്‍ കാത്തിരിക്കാന്‍ വയ്യെനിക്കെന്നും വികാരഭരിതയായി എമി പറയുന്നു.
2015 ലായിരുന്നു ജോര്‍ജുമായി എമി പ്രണയത്തിലാവുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. ഇതിന് പിന്നാലെയാണ് താന്‍ അമ്മയാവാന്‍ പോവുന്ന കാര്യം സോഷ്യല്‍ മീഡിയ വഴി നടി വെളിപ്പെടുത്തിയത്. ജോര്‍ജ് പനായോട്ടുമായി ദുബായില്‍ നിന്നും ഗര്‍ഭകാലം ആഘോഷിച്ച എമി ഇപ്പോള്‍ ലണ്ടനിലാണ് സെറ്റിലായിരിക്കുന്നത്.


Click it and Unblock the Notifications











