ആ സമയത്തൊക്കെ പ്രശ്നങ്ങളുണ്ട്; എല്ലാവരും അവൾക്കൊപ്പം നിന്നു; അതിജീവിതയെക്കുറിച്ച് അനാർക്കലി
ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് അനാർക്കലി മരിക്കാർ. ഉയരെ ഉൾപ്പെടെയുള്ള സിനിമളിലും നടി പിന്നീട് അഭിനയിച്ചു. 2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്തത്. ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് ചെയ്ത സിനിമ വിജയം നേടി. റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗണേശ് രാജാണ് സിനിമ സംവിധാനം ചെയ്തത്.
നടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് സുലൈഖ മൻസിൽ. തമാശ, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്. തന്നോടൊപ്പം വിജയ് ബാബു കേസിലെ അതിജീവിത അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേപറ്റി അനാർക്കലി സംസാരിച്ചത്.
'ആ പ്രശ്നം നടക്കുന്ന സമയത്താണ് ഷൂട്ട് ചെയ്യുന്നത്. സെറ്റ് മൊത്തം പുള്ളിക്കാരിയുടെ കൂടെ നിന്നിരുന്നു. ഞങ്ങളെല്ലാവരും അവരെ പിന്തുണച്ചു. അവൾ നന്നായി ചെയ്തു. അവൾ അഭിനയിക്കുന്നത് കാണാൻ ഭയങ്കര രസമാണ്. ഞങ്ങൾക്ക് രണ്ട് പേർക്കുമാണ് ഏറ്റവും കൂടുതൽ കോംബിനേഷൻ സീനുകളുള്ളത്. ഞങ്ങൾ നല്ല കൂട്ടാണ്. പുള്ളിക്കാരി ആത്മാർത്ഥമായി ചെയ്യുകയും ചെയ്തു'

'ആ സമയത്തൊക്കെ ഈ പ്രശ്നങ്ങൾ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. അതൊന്നും പുള്ളിക്കാരിയുടെ അഭിനയത്തെ ബാധിച്ചതേയില്ല. വളരെ ചില്ലായ ആളാണ്. ആ സമയത്ത് അവൾക്ക് പരമാവധി പിന്തുണ കാെടുത്തിട്ടുണ്ട്. അതിന്റെ വ്യത്യാസം പുള്ളിക്കാരിക്കുണ്ടാവും എന്ന് കരുതുന്നു,' അനാർക്കലി പറഞ്ഞു.
സിനിമാ രംഗത്ത് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ അനാർക്കലി തന്നെ വേദനിപ്പിക്കുന്നത് ആർട്ടിസ്റ്റുകൾ തമ്മിലുള്ള തരംതിരിവാണെന്നും വ്യക്തമാക്കി. ചെറിയ ആർട്ടിസ്റ്റുകളെ പരിഗണിക്കുന്ന രീതി വ്യത്യസ്തമാണ്. തങ്ങളെ എത്ര നേരം വേണമെങ്കിലും കാത്തിരിപ്പിക്കാം പ്രശ്നമില്ലെന്ന പ്രവണതയുണ്ടെന്നും അനാർക്കലി അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ തുടരെ ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്ന ഒരു സമയമുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അതിന് താൽപര്യമില്ലെന്നും നടി വ്യക്തമാക്കി.
മുമ്പത്തേക്കാൾ വ്യത്യാസം ചില കാര്യങ്ങളിൽ തനിക്ക് വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. മുമ്പ് എന്തും തുറന്ന് സംസാരിക്കുമായിരുന്നു ഇപ്പോൾ അങ്ങനെയല്ല. മുമ്പ് പണം നന്നായി ചെലവാക്കുമായിരുന്നു. ഇന്ന് പണം സൂക്ഷിക്കുന്നതിനെ പറ്റി ചിന്തിക്കുന്നെന്നും നടി തുറന്ന് പറഞ്ഞു. ഡിപ്ലോമാറ്റിക്കായിരിക്കണമെന്ന് മാതാപിതാക്കളടക്കം പറഞ്ഞിട്ടുണ്ട്. എന്നാൽ താൻ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും തുറന്ന് പ്രകടിപ്പിക്കുന്ന ആളാണ്. സിനിമയിൽ ഡിപ്ലോമസിയാണ് വേണ്ടതെന്നും നടി അഭിപ്രായപ്പെട്ടു.
സോഷ്യൽ മീഡിയയിൽ പലപ്പോഴും അനാർക്കലി സൈബറാക്രമണത്തിന് ഇരയാവേണ്ടി വരാറുണ്ട്. നടി പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളിലെ വസ്ത്രങ്ങളുടെ പേരിലാണ് അധിക്ഷേപം വരാറ്. എന്നാൽ ഇതിനോടൊന്നും നടി അധികം പ്രതികരിക്കാറില്ല. അനാർക്കലിയുടെ അഭിമുഖങ്ങളും ഒരു ഘട്ടത്തിൽ നിരന്തരം ട്രോൾ ചെയ്യപ്പെടാറുണ്ടായിരുന്നു. സുലൈഖ മൻസിൽ എന്ന സിനിമ കരിയറിലെ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

അനാർക്കലിയും ലുക്മാൻ അവറാനുമാണ് സുലൈഖ മൻസിലിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. തിരൂരാണ് സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. ചെമ്പൻ വിനോദിന്റെ ചെമ്പോസ്കി മോഷൻ പിക്ചേഴ്സാണ് സിനിമ നിർമ്മിക്കുന്നത്. ചെമ്പൻ വിനോദ്, ശബരിഷ് വർമ, മാമുക്കോയ തുടങ്ങിയവർ സിനിമയിൽ മറ്റ് വേഷങ്ങൾ ചെയ്യുന്നു. സുലൈഖ മൻസിലിലെ പാട്ട് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. തല്ലുമാല എന്ന സിനിമയുടെ വിജയത്തിന് ശേഷം അഷ്റഫ് ഹംസ തിരക്കഥയിൽ വരുന്ന സിനിമയുമാണിത്.


Click it and Unblock the Notifications