ആളുകൾ ഞങ്ങളെ വളഞ്ഞു, അന്ന് സംരക്ഷിച്ചത് സഹപ്രവർത്തകർ; അനുവാദമില്ലാതെ തൊടരുത്; മമിതയും അനശ്വരയും
മലയാള സിനിമയിൽ ഇന്ന് യുവനിരയിൽ ശ്രദ്ധേയയായ രണ്ട് പേരാണ് അനശ്വര രാജനും മമിത ബൈജുവും. ഇരുവരും ഒരുമിച്ച് നേരത്തെ സൂപ്പർ ശരണ്യ എന്ന സിനിമ ചെയ്തിട്ടുണ്ട്. ഓൺ സ്ക്രീനിലെ പോലെ തന്നെ ഓഫ് സ്ക്രീനിലെയും അടുത്ത സുഹൃത്തുക്കളാണ് മമിതയും അനശ്വരയും ഇരുവരും ഒരുമിച്ചഭിനയിക്കുന്ന പുതിയ സിനിമയാണ് പ്രണയ വിലാസം.
അനശ്വര, മമിത, അർജുൻ അശോകൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 24 ന് സിനിമ തിയറ്ററുകളിലെത്തും.
സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മമിതയും അനശ്വരയും. ഇന്ത്യാ ഗ്ലിറ്റ്സിന് ഇരുവരും നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ പൊതുവേദിയിൽ അനുവാദമില്ലാതെ സ്പർശിച്ചതിനെതിരെ നടി അപർണ ബാലമുരളി പ്രതികരിച്ച സംഭവത്തെക്കുറിച്ച് രണ്ട് പേരും സംസാരിച്ചു.
ചില പരിപാടികൾക്ക് പോവുമ്പോൾ ചിലർ ചേച്ചി ഫോട്ടോ എന്ന് പറഞ്ഞ് വരും. ശരണ്യയുടെ പ്രൊമോഷന് പോയപ്പോൾ ഞങ്ങൾ എല്ലാവരും കൂടി കവർ ചെയ്യുകയായിരുന്നു. അപ്പോൾ ഞങ്ങളുടെ കൂടെ ബാക്കിയുണ്ടായിരുന്ന ആർട്ടിസ്റ്റുകളാണ് ഞങ്ങളെ പ്രൊട്ടക്റ്റ് ചെയ്തത്. ഞങ്ങൾ ഭയങ്കര അൺ കംഫർട്ടബിളാവും. ഞങ്ങളുടെ ദേഹത്ത് വീഴും. അങ്ങനെ കുറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അനശ്വര പറഞ്ഞു.
എങ്ങനെയെങ്കിലും ആ സാഹചര്യത്തിൽ നിന്ന് കടക്കാനേ ഞങ്ങളപ്പോൾ നോക്കുള്ളൂ. ഞാൻ ആക്ടറല്ലെങ്കിലും വെറുതെ വന്ന് തൊടുന്നത് ഇഷ്ടപ്പെടില്ല. ആർക്കായാലും ഒരു പേഴ്സണൽ സ്പേസുണ്ട്.

എപ്പോഴും എന്റെ ഫ്രീഡം എന്നത് ഒരു കൈപ്പാടകലെ മാത്രമാണെന്ന് മമിത ബൈജുവും ചൂണ്ടിക്കാട്ടി. സൂര്യക്കൊപ്പം വണങ്കാൻ എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും സിനിമയിൽ നിന്ന് പിന്നീട് പിൻമാറിയതിനെക്കുറിച്ചും മമിത സംസാരിച്ചു.
'ആ സിനിമയിൽ നിന്ന് ഞാൻ പിൻവാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു. ഞാനും സൂര്യ സാറും തമ്മിലുള്ള കോംബിനേഷൻ സീനുകളുണ്ട്. നാൽപത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഒരു ഫ്രഷ് സ്റ്റാർട്ടാണ് അവർ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും'
'എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങൾ പോവും. എനിക്കത്രയും ദിവസങ്ങൾ കളയാനില്ല. കോളേജുണ്ട്. വേറെ പടങ്ങൾ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്,' മമിത പറഞ്ഞു.

ശീമാട്ടിയുടെ പരസ്യത്തിലെത്തിയതിനെക്കുറിച്ചും നടി സംസാരിച്ചു. കുഞ്ഞിലേ ശീമാട്ടിയുടെ പരസ്യത്തിലെ പാട്ട് കേട്ട് വളർന്നവരാണ്. ആ ശീമാട്ടി തന്നെ നമ്മളെ വെച്ച് പരസ്യമെടുത്തത് സന്തോഷമായി. തങ്ങളുടെ സുഹൃദ് ബന്ധത്തെക്കുറിച്ചും അനശ്വരയും മമിതയും വാചാലരായി.
അനശ്വര വളരെ കംഫർട്ടബിളായ ഫ്രണ്ടാണ്. എന്തെങ്കിലും രഹസ്യം പറഞ്ഞാൽ അവളത് സൂക്ഷിക്കുമെന്ന് മമിത പറഞ്ഞു. മമിത എല്ലാവരെയും കമ്പനിയാക്കി വെക്കും. പക്ഷെ ആൾക്കാരെ എവിടെ നിർത്തണമെന്ന് നന്നായറിയാമെന്ന് അനശ്വരയും പറഞ്ഞു.
അടുത്തിടെ അനശ്വര ചെയ്ത ഫോട്ടോ ഷൂട്ട് ചർച്ചയായിരുന്നു. നടിക്കെതിരെ കുറ്റപ്പെടുത്തലുകളും ട്രോളുകളും വന്നിരുന്നു. എന്നാൽ ഇത് കാര്യമാക്കുന്നില്ലെന്ന് നടി വ്യക്തമാക്കി. അതിനോട് ഇപ്പോൾ പ്രതികരിക്കാറില്ല. പറയുന്നവർ പറഞ്ഞോട്ടെയെന്നാണ് കരുതാറ് അതിന് വേണ്ടി എനർജി കളയാനില്ലെന്നും നടി പറഞ്ഞു.
മലയാളത്തിലും തമിഴിലുമായി നിരവധി അവസരങ്ങളാണ് മമിതയ്ക്കും അനശ്വരയ്ക്കും ലഭിച്ച് കൊണ്ടിരിക്കുന്നത്. മലയാള ചിത്രം ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്കിൽ നടി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications