സ്‌ക്രീനിലെ ആ പെണ്‍കുട്ടി ഞാന്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു 22 കാരി ആയിരുന്നു; അനശ്വരയോട് ചേച്ചി പറഞ്ഞത്...
മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന സിനിമയില്‍ അഭിനയിച്ചാണ് അനശ്വര രാജന്‍ ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ നടി ഇന്ന് നായികയായി തിളങ്ങി നില്‍ക്കുകയാണ്. ഏറ്റവും പുതിയതായി ആസിഫ് അലിയ്‌ക്കൊപ്പം രേഖാചിത്രം എന്ന സിനിമയിലാണ് അനശ്വര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റിലീസിനെത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. ഒപ്പം അനശ്വരയുടെ പ്രകടനവും പ്രേക്ഷക പ്രശംസ നേടി. ഇതിനിടെ നടിയുടെ സഹോദരി കൂടിയായ ഐശ്വര്യ രാജന്‍ സോഷ്യല്‍ മീഡിയയിലൂടെ അനിയത്തിയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്.

പലപ്പോഴും അനശ്വരയുടെ കൂടെ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ചേച്ചി ഐശ്വര്യ കാര്യമായി സംസാരിക്കാറില്ല. എന്നാലിപ്പോള്‍ രേഖാചിത്രം കണ്ടതിന് ശേഷം ഞാനിതുവരെ കാണാത്ത ഒരു ഇരുപത്തിരണ്ട് വയസുകാരിയെ സ്‌ക്രീനില്‍ കണ്ടുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ താരസഹോദരി സൂചിപ്പിച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട രേഖയ്ക്ക്... ഇങ്ങനെയൊക്കെ നടന്നില്ലായിരുന്നെങ്കിലെന്ന് ഒരുപാട് നാള്‍ക്ക് ശേഷം തോന്നിപ്പോയ ഒരു അനുഭവമാണെനിക്ക് ''രേഖയുടെ ചിത്രം''. സ്‌നേഹം... അനുകമ്പ... സഹതാപം.
പ്രിയപ്പെട്ട അനശ്വരക്ക്, ഞാന്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത ഒരു 22 കാരി ആയിരുന്നു സ്‌ക്രീനിലെ ആ പെണ്‍കുട്ടി. രേഖയെ മാത്രമേ കണ്ടിരുന്നുള്ളൂ. സിനിമ ഒട്ടാകെ വീണ്ടും വീണ്ടും കണ്ടിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു വിസ്മയം. കരച്ചിലോ സ്‌നേഹമോ വിഷമങ്ങളോ സന്തോഷമോ അതിശയമോ ഒന്നും തന്നെ ഞാന്‍ ഇന്ന് വരെയും കണ്ട, ഒന്നും ആയിരുന്നില്ല. എല്ലാം വ്യത്യാസം.

മറ്റാരെയും ശ്രദ്ധിക്കാന്‍ പറ്റാതെ കാണികളെ ഒന്നാകെ ആശ്ലേഷിച്ച ആ പെണ്‍കുട്ടിക്ക് ഒരിക്കലും പറഞ്ഞവസാനിപ്പിക്കാന്‍ പറ്റാത്ത അഭിനന്ദനങ്ങള്‍. കയ്യടികള്‍... സന്തോഷം... അഭിമാനം... സ്‌നേഹം...
പ്രിയപ്പെട്ട ജോഫിന്‍, ഒരിക്കലും ആലോചിക്കാന്‍ സാധ്യത ഇല്ലാത്തൊരു കാര്യത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയതിന്. ഒരിക്കലും ചെന്നെത്തില്ലായിരുന്നൊരു കാലത്തിന്റെ ഓര്‍മ്മയിലേക്ക് അവളെയും എത്തിച്ചതിന്. അഭിനന്ദനങ്ങള്‍. ഇനിയിപ്പോള്‍ ഏതു പേരില്‍ അറിയപ്പെട്ടാലും, വെറുതെ വന്നതല്ല, അത്ര എളുപ്പവുമല്ല. മറ്റാരെയും ഓര്‍മ വരാത്ത സ്ഥിതിയ്ക്ക്, അതൊക്കെ കാണികള്‍ കയ്യടിച്ച സ്ഥിതിയ്ക്ക് അതൊരു അര്‍ഹതപ്പെട്ട അംഗീരമാണ്.
നിന്റെ വഴികളൊന്നും അത്ര എളുപ്പമായിരുന്നില്ല. അതിനൊക്കെ നീ ചെവി കൊടുത്തിരുന്നിരുന്നെങ്കില്‍ ഇന്ന് രേഖയെ കണ്ട് കണ്ണ് നിറയാന്‍ അച്ചൂന് പറ്റില്ലായിരുന്നല്ലോ? ''സിനിമ ഓരോരുത്തര്‍ക്കും എന്തെങ്കിലുമൊക്കെ കരുതി വച്ചിട്ടുണ്ടാകും.'' എന്ന് രേഖ പത്രോസിന്റെ ആരാധിക...' എന്നും പറഞ്ഞാണ് ഐശ്വര്യ എഴുത്ത് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications











