'പെർഫെക്ട് മാച്ചായിരുന്നു... തിരിച്ചറിയാൻ സാധിച്ചില്ല, ഇത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല'; പാർവതി!
ഇതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു തിയേറ്റർ എക്സ്പീരിയൻസാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി സിനിമ മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതേസമയം പതിവ് മാസ് പ്രതീക്ഷിച്ച് പോയവർക്ക് നിരാശപ്പെടേണ്ടി വന്നു. അതുകൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ചിലർ മലൈക്കോട്ടൈ വാലിബൻ ഭയങ്കര ലാഗാണ് എന്നാണ് വിമർശിച്ച് പറയുന്നത്. നാടീകയത ഡയലോഗിൽ അടക്കം ഉണ്ടെന്നതാണ് മറ്റ് ചിലർ സിനിമയെ വിമർശിക്കാൻ കാരണമായത്.
സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും മലൈക്കോട്ടൈ വാലിബൻ കാണാനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. മാസങ്ങളോളം നീണ്ട അധ്വാനത്തിന്റെ ഫലമാണ് മലൈക്കോട്ടൈ വാലിബൻ എന്നതെന്ന് സിനിമ കാണുമ്പോൾ വ്യക്തമാകും. അറുപത്തിമൂന്നിലും അസാമാന്യ മെയ്വഴക്കത്തോടെയാണ് മല്ലനായി ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്.

വാലിബനായി മാറുന്നതിന് വേണ്ടി കഠിനമായ വർക്ക് ഔട്ടുകൾ വരെ മോഹൻലാൽ ചെയ്ത് ശരീരത്തെ പാകപ്പെടുത്തി എടുത്തിരുന്നു. സിനിമയിൽ വാലിബനൊപ്പം തന്നെ ആളുകളുടെ മനസിൽ കയറിക്കൂടിയ ഒരു കഥാപാത്രമാണ് ചിന്നപ്പയ്യന്റെ കാമുകിയായും ഭാര്യയായും അഭിനയിച്ച ജമന്തി.
ബംഗാളി നടിയും മോഡലുമായ കത നന്ദിയാണ് ചിത്രത്തിൽ ജമന്തിയുടെ വേഷം കൈകാര്യം ചെയ്തത്. ചിത്രത്തിൽ ഉടനീളം നിറഞ്ഞ് നിൽക്കുന്ന ജമന്തി കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് ശബ്ദം കൊണ്ട് കൂടിയാണ്. കുസൃതി നിറഞ്ഞ ജമന്തിയുടെ സംസാരം തന്നെയാണ് ആ കഥാപാത്രത്തെ കൂടുതൽ ആകർഷകമാക്കിയതും.
മലയാളിയല്ല കത നന്ദി എന്നതുകൊണ്ട് തന്നെ ജമന്തിക്ക് മറ്റൊരാളാണ് ശബ്ദം നൽകിയത്. അത് മറ്റാരുമല്ല അവതാരകയായും മോഡലായും നടിയായും കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന പാർവതി ബാബുവാണ് ജമന്തിക്ക് ശബ്ദം നൽകിയത്. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കിട്ട കുറിപ്പിലൂടെ പാർവതി തന്നെയാണ് മലൈക്കോട്ടൈ വാലിബൻ ഡബ്ബിങ് അനുഭവം വെളിപ്പെടുത്തിയത്.
ഇതിന് മുമ്പ് അയൽവാശി എന്ന സിനിമയിൽ ഒരു കഥാപാത്രം പാർവതി ചെയ്തിരുന്നു. മലൈക്കോട്ടൈ വാലിബനൊപ്പമുള്ള എൻ്റെ ഡബ്ബിംഗ് യാത്ര എന്ന തലക്കെട്ടോടെയാണ് നടി കുറിപ്പ് പങ്കിട്ടത്. പാർവതിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ഇത്തരമൊരു ബൃഹത്തായ പ്രൊജക്റ്റിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ അനുഗ്രഹീതയായി തോന്നുന്നു.'

'അതെ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ ഒരു കഥാപാത്രത്തിന് ഞാൻ ഡബ്ബ് ചെയ്തു. കത നന്ദി മനോഹരമായി അവതരിപ്പിച്ച ജമന്തി എന്ന കഥാപാത്രത്തിന് എൻ്റെ ശബ്ദം നൽകി. എൻ്റെ ശബ്ദത്തിലൂടെ ആ കഥാപാത്രത്തിന് ജീവൻ നൽകി ആ കഥാപാത്രത്തോട് നീതി പുലർത്തിയെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ സാറിൻ്റെ കോമ്പിനേഷൻ സീനുകൾക്ക് ഡബ്ബ് ചെയ്യാൻ സാധിച്ചതിലും നന്ദിയുണ്ട്.'
'ഇപ്പോഴും ഇതൊക്കെ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല. ഡബ്ബിങ് ഒരിക്കലും എൻ്റെ ലിസ്റ്റിലോ സ്വപ്നത്തിലോ ഉണ്ടായിരുന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മോഹൻലാലിൻ്റെയും ചിത്രത്തിന് വേണ്ടിയാണ് ഞാൻ ഡബ്ബ് ചെയ്തതെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.'
'അതിനായി എനിക്ക് ഈ അവസരം തന്നതിന് ലിജോ ജോസ്, രതീഷ് ചേട്ടൻ എന്നിവരോട് എൻ്റെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മുഴുവൻ പ്രക്രിയയിലും വളരെ ക്ഷമയും പിന്തുണയും നൽകിയതിനും എൻ്റെ ശബ്ദത്തിൽ വിശ്വാസമർപ്പിച്ചതിനും വളരെ നന്ദി. ഓരോ സീനുകളിലെയും വികാരങ്ങൾ, അനുഭവങ്ങൾ ബിഗ്‌സ്‌ക്രീനിൽ കണ്ട് സാക്ഷ്യം വഹിക്കാൻ എനിക്ക് കാത്തിരിക്കാനാകില്ല.'
'എൽജെപിയുടെ ഓരോ ഫ്രെയിമും എന്നെ അത്ഭുതപ്പെടുത്തി. എൻ്റെ ജീവിതത്തിലെ ഈ അധ്യായം എപ്പോഴും സവിശേഷവും എൻ്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതുമായിരിക്കും', എന്നാണ് ഡബ്ബിങ് അനുഭവം പങ്കിട്ട് പാർവതി കുറിച്ചത്. നിരവധി പേർ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ പാർവതിയെ അഭിനന്ദിച്ച് എത്തി.
പെർഫെക്ട് മാച്ചായിരുന്നു..., തിരിച്ചറിയാൻ സാധിച്ചിരുന്നില്ല, കൊള്ളാം പാർവതി... നിങ്ങളുടെ ശബ്ദം ജമന്തി എന്ന കഥാപാത്രത്തിന് യോജിച്ചതായിരുന്നു എന്നിങ്ങനെ എല്ലാമാണ് പാർവതിയെ അഭിനന്ദിച്ച് വന്ന കമന്റുകൾ.


Click it and Unblock the Notifications