അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ; പ്രാർത്ഥനയോടെ സുഹൃത്തുക്കൾ
പ്രമുഖ അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഞായറാഴ്ച ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്ക് ശേഷം തളർന്ന് വീണ രാജേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഡിയാക് അറസ്റ്റ് ആണെന്നാണ് വിവരം. ആൻജിയോ പ്ലാസി ചെയ്യുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. ഇതേക്കുറിച്ച് ഫേസ്ബുക്ക്ഗ്രൂപ്പിൽ വന്ന കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്.
"നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്.ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം 15-20 മിനിറ്റിനുള്ളിൽ രാജേഷിനെ കൊച്ചി ലേക് ഷോർ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. പക്ഷെ വീണപ്പോൾ തന്നെ Cardiac arrest ഉണ്ടായതായി ഡോക്ടർമാർ പറയുന്നു. തുടർന്ന് Angioplastyl ചെയ്തു. അപ്പോൾ മുതൽ വെന്റിലേറ്റർ സഹായത്തോടെ ജീവിക്കുന്ന അവൻ ഇത് വരെയും പ്രതികരിച്ചിട്ടില്ല (ഇടയ്ക്ക് ചെറിയ അനക്കങ്ങൾ കണ്ടതൊഴിച്ചാൽ ) തലച്ചോറിനെയും ചെറിയ രീതിയിൽ ഈ അവസ്ഥ ബാധിച്ചതായി ഡോക്ടമാർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്"

"ജീവിതത്തിലേക്ക് അവനു തിരിച്ചു വരാൻ ഇനി വേണ്ടത് സ്നേഹമുള്ളവരുടെ പ്രാർത്ഥന കൂടി ആണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. സ്റ്റേജിൽ തകർത്തു പെർഫോമൻസ് ചെയ്യുന്ന അവന് ഇങ്ങിനെ വെന്റിലേറ്റർ ബലത്തിൽ കിടക്കാൻ കഴിയില്ല.. നമ്മളൊക്കെ ഒത്തു പിടിച്ചാൽ അവൻ എണീറ്റു വരും.. പഴയ പോലെ സ്റ്റേജിൽ നിറഞ്ഞാടുന്ന... നമ്മുടെ സുഹൃത്തിനു വേണ്ടി ശക്തമായ പ്രാർത്ഥനയും സ്നേഹവും ഉണ്ടാവണം.. കൂടുതലൊന്നും പറയാൻ ഇപ്പോൾ പറ്റുന്നില്ല... അവൻ തിരിച്ചു വരും.. വന്നേ പറ്റൂ....," ഫേസ്ബുക്ക് കുറിപ്പിങ്ങനെ. ടീം സിനിഫെെൽ എന്ന ഗ്രൂപ്പിലാണ് പോസ്റ്റ് വന്നിരിക്കുന്നത്.
വർഷങ്ങളായി ജനങ്ങൾക്ക് കണ്ട് പരിചയമുള്ള ആങ്കറാണ് രാജേഷ് കേശവ്. നിരവധി വലിയ ഇവന്റുകളിൽ രാജേഷ് കേശവ് ആങ്കറായി എത്തിയിട്ടുണ്ട്. നിരവധി പേരാണ് രാജേഷിന്റെ തിരിച്ച് വരവിന് വേണ്ടി പ്രാർത്ഥിക്കുന്നത്. ഓൺലെെൻ മീഡിയകളുടെ കടന്ന് വരവിന് മുമ്പേ ടെലിവിഷനിലൂടെ ജനമനസിൽ ഇടം നേടിയ ആങ്കറാണ് രാജേഷ് കേശവ്.

സഹപ്രവർത്തകരായ നിരവധി പേർ രാജേഷ് കേശവിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. 'വലിയ ബഹളങ്ങളും ഒച്ചപ്പാടുകളും ഇല്ലാത്ത ഒരു അവതാരകൻ.ആൾക്കൂട്ടങ്ങളിൽ ശ്രദ്ധ നേടാൻ കൂക്കി വിളിച്ചു സ്റ്റേജ് കൈകാര്യം ചെയ്യണ്ടതില്ല എന്ന് തോന്നിപ്പിച്ച മനുഷ്യൻ. കൈകാര്യം ചെയ്ത ചാനൽ പരിപാടികളിലും വേദികളിലും അങ്ങനെ കയ്യൊപ്പ് പതിപ്പിച്ച ഒരാൾ...വേഗം തിരിച്ചു വരാൻ പ്രാർത്ഥനകൾ,' ആർജെ ഫെമിന സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.
'വേദികളേതായാലും അലറിവിളികളോ അതിഭാവുകത്വങ്ങളോ ഇല്ലാത്ത ആ സാന്നിദ്ധ്യത്തിനും കൈയ്യൊതുക്കത്തിനും മിതത്വത്തിനും നിറയെ ആരാധകരുണ്ട് ! പ്രശസ്തരും അതിപ്രശസ്തരുമായ എത്രയെത്ര ഇതിഹാസങ്ങൾക്കൊപ്പമാണ് ബഹുഭാഷാ പ്രഗൽഭ്യവുമായി തോളുരുമ്മി നിന്നത്,' സന്തോഷ് പാലീ പാലിയോ കുറിച്ചതിങ്ങനെ.
രാജേഷ് കേശവിന്റെ തിരിച്ച് വരവിന് വേണ്ടി നിരവധി പേർ പ്രാർത്ഥിക്കുന്നുണ്ട്. അറിയപ്പെടുന്ന ആങ്കറായ രാജേഷ് കേശവ് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. ഇംഗ്ലീഷ് അനായാസം കെെകാര്യം ചെയ്യുന്ന രാജേഷ് കേശവ് നിരവധി ബഹുഭാഷാ സിനിമകളുടെ ഇവന്റുകൾക്ക് ആങ്കറായി എത്തിയിട്ടുണ്ട്. മോഹൻലാൽ, കമൽ ഹാസൻ തുടങ്ങിയ താരങ്ങൾക്കെല്ലാം ഒപ്പമുള്ള ഫോട്ടോകൾ രാജേഷ് കേശവ് പങ്കുവെച്ചിട്ടുണ്ട്. ആങ്കറിങ്കിന് പുറമെ അഭിനയ രംഗത്തും രാജേഷ് കേശവ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾക്ക് സുപരിചിതനാണ് രാജേഷ് കേശവ്.


Click it and Unblock the Notifications











