ആ സിനിമയില്‍ ലീഡ് റോള്‍ ചെയ്യേണ്ടിയിരുന്നത് ഞാന്‍, കിട്ടിയത് സൗബിന്; അനീഷിന്റെ വാക്കുകള്‍
മലയാള സിനിമയില്‍ ചെറിയ കഥാപാത്രങ്ങളാണെങ്കിലും ശ്രദ്ധിക്കപ്പെട്ട ഒത്തിരി വേഷങ്ങള്‍ ചെയ്ത നടനാണ് അനീഷ് ജി മേനോന്‍. ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത അനീഷ് മികച്ച പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്ന തിരക്കിലാണ്. ലൂസിഫറിലും കടുവയിലും ദൃശ്യത്തിലും ദൃശ്യം 2വിലും ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു. നാടക കലയിലൂടെയാണ് അനീഷ് അഭിനയ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. കെപിഎസിയിലും അനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് തനിക്ക് സിനിമകള്‍ അധികം ലഭിക്കാതെയായെന്നും അനീഷ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിനെക്കുറിച്ചും പറഞ്ഞത് ശ്രദ്ധ നേടുകയാണ്. താന്‍ സുഡാനി ഫ്രം നൈജീരിയ എന്ന സക്കരിയ ചിത്രത്തില്‍ താന്‍ ആയിരുന്നു ലീഡ് വേഷം ചെയ്യേണ്ടിയിരുന്നത് എന്ന് പറയുകയാണ് അനീഷ്. എന്നാല്‍ ആ പ്രൊജക്ട് നഷ്ടമായത് തനിക്ക് കരിയറില്‍ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനീഷ് ഇക്കാര്യം പറഞ്ഞത്.

'ഞാന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം മറ്റു ചിലര്‍ക്ക് പോയ അവസരം ഉണ്ടായിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയയില്‍ ഞാന്‍ ആയിരുന്നു ലീഡ് റോള്‍ ചെയ്യേണ്ടിയിരുന്നത്. അത് എന്നെ വേണ്ട എന്ന് വെച്ചതല്ല, എനിക്ക് ഒരു പ്രൊഡ്യൂസറെ കിട്ടാന്‍ ബുദ്ധിമുട്ട് വരികയായിരുന്നു,' എന്നാണ് അനീഷ് പറഞ്ഞത്. സുഡാനിയുടെ കഥ സക്കരിയ രാജീവ് രവി സാറിന്റെ അടുത്താണ് ആദ്യം സംസാരിക്കുന്നതെന്നും അനീഷ് പറയുന്നു.
രാജീവ് രവിയാണ് സമീര്‍ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും അടുത്തേക്ക് കഥ എത്തിക്കുന്നത്. അവര്‍ സൗബിന്റെ സുഹൃത്തുക്കളായിരുന്നു. അവര്‍ സൗബിനെ വെച്ച് അത്തരത്തിലൊരു സിനിമ ചെയ്യുന്ന ആലോചനയിലുമായിരുന്നതിനാല്‍ എനിക്ക് പകരം സൗബിന്‍ ആ സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. നടന്‍ സിദ്ദിഖിനോട് ഇക്കാര്യം മുന്നെ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു, തനിക്കും ഇതുപോലെ നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എന്നും അനീഷ് പറഞ്ഞു.

സിനിമയില്‍ ഇതൊക്കെ സംഭവിക്കുന്ന കാര്യമാണ്. സക്കരിയ ആയാലും മുഹ്‌സിന്‍ പരാരിയായാലും അടുത്ത സുഹൃത്തുക്കളല്ലേ. അപ്പോള്‍ അങ്ങനെയുള്ള ഒരു ടീമില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കാതെ വരുന്നത് തീര്‍ച്ചയായും നിരാശയുണ്ടാക്കുന്ന കാര്യമാണ്. മുഹ്‌സിന്റെ അടുത്തൊന്നും പോയി അടുത്ത പടത്തില്‍ നീ എന്നെ വിളിക്കണം എന്ന് എനിക്ക് അവരോട് പറയാന്‍ കഴിയില്ല. കാരണം അങ്ങനെയുള്ള ബന്ധമാണ്. ഈ കഥാപാത്രം ഇവന് കൊടുക്കാം എന്ന് അവര്‍ക്ക് തോന്നി തരുമ്പോഴേ എനിക്ക് അത് കിട്ടുകയുള്ളു.
വേറെ ഒരാളോട് ആണെങ്കില്‍ എനിക്ക് ചോദിക്കാന്‍ ബുദ്ധിമുട്ടില്ല. ലൂസിഫറില്‍ ചെയ്തതുകൊണ്ട് തന്നെ പൃഥ്വിരാജ് എന്നെ കടുവയിലേക്ക് ഡയറക്ട് കാസ്റ്റ് ചെയ്യുകയായിരുന്നു. മമ്മൂക്കയെ ആണ് ഇപ്പോള്‍ കിട്ടാത്തതും കാണാന്‍ സാധിക്കാത്തതും. അത് എന്റെ തെറ്റാണ്. ഞാന്‍ പോയി കാണാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ ഞാന്‍ പോയി അവസരങ്ങള്‍ ഒക്കെ ചോദിക്കുമായിരുന്നു. പിന്നെ പിന്നെ ആളുകള്‍ വിളിച്ച് കഥാപാത്രം തരാന്‍ തുടങ്ങിയപ്പോഴേക്കും പോയി കണ്ട് അവസരം ചോദിക്കുന്നത് കട്ട് ആയെന്നും അനീഷ് പറഞ്ഞു.


Click it and Unblock the Notifications











