'ഒരു സീക്വൻസിന്റെ ആറ് വേർഷനൊക്കെ ലാൽ സാർ അഭിനയിച്ച് കാണിച്ച് കൊടുക്കും, എക്സൈറ്റ് ചെയ്യിപ്പിച്ചത് അതാണ്'
അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ടെസ്റ്റ് ബുക്കാണ് മോഹൻലാൽ ചെയ്തുവെച്ച ഒട്ടുമിക്ക സിനിമകളെന്നും സിനിമാ പ്രേമികൾ പറയാറുണ്ട്. കംപ്ലീറ്റ് ആക്ടർ എന്ന വിശേഷണത്തിന് മോഹൻലാലിനോളം അർഹനായ മറ്റൊരാളിലെന്നും പ്രേക്ഷകർ പറയാറുണ്ട്. എന്നാൽ അടുത്തിടെയായി നടൻ തിരഞ്ഞെടുക്കുന്ന സിനിമകളെല്ലാം പരാജയമായി മാറുകയാണ്. മമ്മൂട്ടിയെപ്പോലെ കാലത്തിനൊത്ത് മാറി മോഹൻലാൽ നല്ല കഥപാത്രങ്ങളും സിനിമകളും ചെയ്യുന്നത് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
അതേസമയം സിനിമയിലേക്ക് എത്തിപ്പെടുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കുള്ള ഒരാഗ്രഹമാണ് സംവിധാനം ചെയ്യുക എന്നത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ മലയാളത്തിൽ ഓരേ സമയം അഭിനയകത്തിലും സംവിധാനം തിളങ്ങി നിൽക്കുന്നുണ്ട്. മോഹൻലാലും സംവിധായകന്റെ കുപ്പായമണിഞ്ഞ് കഴിഞ്ഞു. ബറോസാണ് നടൻ സംവിധാനം ചെയ്ത് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

എന്നാൽ മോഹൻലാൽ സംവിധാനത്തിലേക്ക് ഇറങ്ങിയപ്പോൾ പ്രോത്സാഹനത്തേക്കാൾ പരിഹാസമാണ് കൂടുതലും ഉയർന്ന് കേട്ടത്. അഭിനയിച്ചാൽ പോരേ സംവിധാനം ചെയ്ത് ഉള്ള പേര് കളയണോ എന്നിങ്ങനെ എല്ലാം അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ സംവിധായകൻ എന്ന രീതിയിൽ അദ്ദേഹം പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്നാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസനയുടെ വാക്കുകളിൽ നിന്നും മനസിലാകുന്നത്.
ബറോസ് സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു അനീഷ്. ഒരു സീക്വൻസിന്റെ ആറ് വേർഷനൊക്കെ മോഹൻലാൽ അഭിനേതാക്കൾക്ക് അഭിനയിച്ച് കാണിച്ച് കൊടുക്കുമെന്നും അത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്നുമാണ് അനീഷ് ഉപാസന അടുത്തിടെ ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
നടൻ ഗുരു സോമസുന്ദരമൊക്കെ ബറോസിൽ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വലിയൊരു നടനാണ്. അവരൊക്കെ സീൻ അഭിനയിക്കാൻ വരുമ്പോൾ സാർ അവർക്ക് പറഞ്ഞുകൊടുക്കുന്നത് ഞാൻ പോയി കാണും. എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ അതാണ്. സാർ എങ്ങനെ മറ്റൊരാൾക്ക് അഭിനയം പറഞ്ഞുകൊടുക്കുമെന്നത്. സാർ അഭിനയിക്കുന്നത് നമ്മൾ ഒരുപാട് കണ്ടതല്ലേ... വളരെ സിംപിളായി സാർ പറഞ്ഞ് കൊടുക്കും.
അഞ്ച്, ആറ് രീതിയിൽ ഒരു സീൻ തന്നെ സാർ താരങ്ങൾക്ക് അഭിനയിച്ച് കാണിച്ച് കൊടുക്കും. സിനിമയിൽ അഭിനയിക്കാൻ വന്നവരെയെല്ലാം സാർ എന്ന് തന്നെയാണ് ലാൽ സാർ അഭിംബോധന ചെയ്യുക. ഞാൻ ഒന്ന് കാണിച്ച് തരട്ടേയെന്ന് ചോദിച്ച് ഒരു സീക്വൻസിന്റെ ആറ് വേർഷനൊക്കെ കാണിച്ച് കൊടുത്തിട്ട് ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതി... ഇങ്ങനെയൊക്കെ കിട്ടിയാൽ മതി.

ഇതിലും ബെറ്ററായാലും സൂപ്പറെന്ന് പറഞ്ഞ് ലാൽ സാർ പോകും. ഗുരു സോമസുന്ദരം സാറൊക്കെ ഗംഭീര ആക്ടറാണ്. പക്ഷെ ലാൽ സാർ വന്ന് അഭിനയിച്ച് കാണിച്ച് കൊടുക്കുമ്പോൾ തകർന്ന് പോകും. ലാൽ സാർ അഭിനയിക്കുമ്പോൾ ഒരു മാജിക്ക് തന്നെയാണ് സംഭവിക്കുന്നത്. ബറോസിൽ വിദേശിയായ ഒരു കുട്ടിയാണ് മെയിൻ റോൾ ചെയ്തിരിക്കുന്നത്. ആ കുട്ടിക്ക് ലാൽ സാറിന്റെ വലിപ്പത്തെ കുറിച്ചൊന്നും ധാരണയുണ്ടാവില്ലല്ലോ.
ഒന്നാമത് ചെറിയ പ്രായത്തിലുള്ള കുട്ടിയാണ്... ഫോറിനറാണ്. പക്ഷെ സാർ ആ കുട്ടിക്ക് ഒരോ സീനും കൃത്യമായി പറഞ്ഞ് കൊടുക്കും. അതും കുട്ടിയെപ്പോലെ നിന്നുകൊണ്ട്. സാറിന് എല്ലാ കാര്യം ചെയ്യുമ്പോഴും ഭയങ്കര ക്ഷമയാണെന്നും അനീഷ് ഉപാസന പറയുന്നു. മോഹൻലാൽ സംവിധാനം ചെയ്ത സിനിമ എന്ന രീതിയിലാകും ആളുകൾ ബറോസ് വരുമ്പോൾ തിയേറ്ററിലേക്ക് എത്തുക.
അഭിനേതാവിൽ നിന്നും മാറി സംവിധായകനാകുമ്പോഴുള്ള മോഹൻലാലിനെ കാണാൻ സിനിമാ പ്രേമികൾക്കെല്ലാം ആഗ്രഹമുണ്ട്. ടൈറ്റിൽ റോളാണ് സിനിമയിൽ മോഹൻലാൽ ചെയ്തിരിക്കുന്നത്. ത്രീഡിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക.


Click it and Unblock the Notifications











