എന്ത് ധൈര്യത്തിലാണ് നീ എന്നോട് പണം ചോദിച്ചത്?; ദിലീപേട്ടനോട് പതിനായിരം രൂപ ചോദിച്ചപ്പോൾ വന്ന പ്രതികരണം; അനീഷ്
സംവിധായകൻ, സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രശസ്തനാണ് അനീഷ് ഉപാസന. മഹാനടൻ മോഹൻലാലിന്റെ ഓഫീഷ്യൽ പേജിൽ പ്രത്യക്ഷപ്പെടുന്ന ഒട്ടുമിക്ക ഫോട്ടോകളും അനീഷ് പകർത്തിയവയാണ്. തനിക്ക് ആരാധനയുള്ളത് മോഹൻലാലിനാണെങ്കിലും മനസിൽ ജേഷ്ഠ സ്ഥാനം നടൻ ദിലീപിനാണെന്ന് അനീഷ് ഉപാസന പറയുന്നു. സെല്ലുലോയിഡ് മാഗസീനിന് നൽകിയ അഭിമുഖത്തിൽ നടനുമായി ഉണ്ടായ ഹൃദയസ്പർശിയായ അനുഭവവും അനീഷ് പങ്കുവെച്ചു.
ഒരു ക്യാമറ ഓപ്പറേറ്റ് ചെയ്യാൻ പഠിക്കാൻ അഞ്ച്, പത്ത് മിനിറ്റ് മതി. പക്ഷെ ഫോട്ടോഗ്രഫി അങ്ങനെ പഠിക്കാൻ പറ്റില്ല. ഫ്രെയിം സെൻസ്, കളർ സെൻസ്, കംപോസ് ചെയ്യുന്നത് എങ്ങനെയാണ് എന്നതെല്ലാമുണ്ട്. ഒരു ഫോട്ടോ ഏറ്റവും നന്നായി എടുക്കാൻ വേണ്ടിയാണ് ഫോട്ടോഗ്രാഫറെ വിളിക്കുന്നത്. അയാളെ ആണല്ലോ പ്രൊഫഷണൽ ഫോട്ടോഗ്രാഫറെന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ചെയ്യുമ്പോൾ പ്രൊഫഷണലായിരിക്കണം.

ഞാൻ ഫോട്ടോഗ്രഫി പഠിച്ചതുപോലെ പഠിക്കണമെന്നല്ല ഉദ്ദേശിച്ചത്. ഫിലിം ഫെയറിന്റെ ബുക്ക് സെക്കന്റ് സെയിലിൽ വാങ്ങി അത് നോക്കിയാണ് ഞാൻ ഫോട്ടോഗ്രഫി പഠിച്ചത്. നൂറ് രൂപയാണ് ഫിലിം ഫെയറിന്റെ ബുക്കിന്. കലൂർ സ്റ്റാന്റിൽ പോയാൽ അത് ഇരുപത് രൂപയ്ക്ക് കിട്ടും. ആ ബുക്ക് മേടിച്ച് അത് മറിച്ച് നോക്കിയിട്ടാണ് ലൈറ്റിങ് പഠിച്ചതൊക്കെ. ലാലേട്ടനെ കൂടാതെ ഏറ്റവും കൂടുതൽ ബോണ്ടുള്ള മറ്റൊരു നടൻ ദിലീപാണ്.
എനിക്ക് ഭയങ്കര ഇഷ്ടമുള്ള വ്യക്തിയാണ് ലാൽ സാർ. അദ്ദേഹത്തിന് വേണ്ടി ഫോട്ടോയെടുക്കുന്നതും എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കാര്യമാണ്. പക്ഷെ ദിലീപേട്ടൻ എനിക്ക് എന്റെ ചേട്ടനെ പോലെയാണ്. അദ്ദേഹവുമായി വേറൊരു വൈബാണ്. ഷൂട്ടിങും ഫോട്ടോഗ്രഫിയും തുടങ്ങിയ സമയത്ത് സാമ്പത്തികമായി ഒന്നും കാര്യമായി എന്റെ കയ്യിലേക്ക് വരുന്നില്ലായിരുന്നു. ഒരു കാലഘട്ടത്തിൽ മംഗളത്തിനും മനോരമയ്ക്കും വേണ്ടിയാണ് ഞാൻ കവർ പേജ് ചെയ്തിരുന്നത്.
ആ സമയത്ത് ഒരു കവർ പേജ് ചെയ്താൽ എനിക്ക് കിട്ടുന്നത് 1200 രൂപയാണ്. ഒരു റോൾ ഫിലിം അതിന് ആവശ്യമാണ്. ഒരുപാട് ഫോട്ടോകൾ എടുക്കും അതിൽ നിന്നും അവർക്ക് ഇഷ്ടപ്പെട്ട ഒന്ന് സെലക്ട് ചെയ്യും അതിന് പ്രതിഫലമായി 1200 രൂപ തരും. രണ്ട് മാസം കഴിഞ്ഞാണ് ഈ തുക കയ്യിൽ കിട്ടുക. ഇതൊന്നും വെച്ച് മുന്നിലേക്ക് പോകാൻ എനിക്ക് പറ്റുന്നില്ല. അങ്ങനെ കൊച്ചിയിൽ വെച്ച് വ്യാസേട്ടനെ ഞാൻ കണ്ടു. ആ സമയത്ത് അദ്ദേഹം ദിലീപ് സിനിമയുടെ സെറ്റിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞാനും ഒപ്പം വന്നോട്ടെയെന്ന് ചോദിച്ചു.
അവിടെ പോയി സെറ്റിലെ കാര്യങ്ങളെല്ലാം കണ്ട് മനസിലാക്കി ഞാൻ അവിടെ ഒരു മരത്തണലിൽ ഇരിക്കുകയാണ്. ദിലീപേട്ടൻ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്. ഞാൻ മാഗസീനിന് വേണ്ടി ഫോട്ടോ എടുക്കാറുള്ളതുകൊണ്ട് അദ്ദേഹം എന്നെ എവിടെയൊക്കയോ വെച്ച് കണ്ടിട്ടുണ്ട്. അങ്ങനെ ഷോട്ട് കഴിഞ്ഞ് തിരികെ വന്ന ദിലീപേട്ടന്റെ മുന്നിൽ കയറി നിന്ന് ഞാൻ ഒരു 3500 രൂപ തരാമോയെന്ന് ചോദിച്ചു. ശരിക്കും എനിക്ക് വേണ്ടത് പതിനായിരം രൂപയാണ്. റൂം റെന്റ് 3500 ആണ്.

ഞാൻ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് പറഞ്ഞു. നിങ്ങൾ ആരാണെന്നാണ് പുള്ളി അപ്പോൾ എന്നോട് ചോദിച്ചത്. അതിനിടയിൽ പുള്ളിയുടെ അസിസ്റ്റന്റ് എന്നോട് മാറി നിൽക്കാനൊക്കെ പറയുന്നുണ്ട്. ദിലീപേട്ടന് ഒന്നും മനസിലായില്ല. പുള്ളി കാരവാനിന് അകത്തേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോൾ വ്യാസേട്ടൻ ഓടി വന്നു. നീ എന്താണ് ദിലീപിനോട് ചോദിച്ചത് എന്ന് എന്നോട് ചോദിച്ചു. പതിനായിരം രൂപ ചോദിച്ച കാര്യം ഞാൻ പറഞ്ഞു. അത് കേട്ടതും പുള്ളി എന്നെ എന്തൊക്കയോ പറഞ്ഞു.
അത്യാവശ്യം ആയതുകൊണ്ടാണ് ചോദിച്ചത് വേറെ ആരോടും ചോദിക്കാനില്ലെന്ന് ഞാനും പറയുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ദിലീപേട്ടൻ എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു. ഇടിക്കാനാകുമോ എന്ന് ഞാൻ കരുതി. ഞാൻ ചെന്നു... പേരും മറ്റ് വിവരങ്ങളും ചോദിച്ചു. എവിടെയോ വെച്ച് കണ്ടതായി ഓർക്കുന്നു എന്നെല്ലാം അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് തന്നോട് പൈസ കടം ചോദിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഒരു സ്റ്റുഡിയോ ഫ്ലോർ വാടയ്ക്ക് എടുക്കാനാണ് പണമെന്ന് പറഞ്ഞു. എന്ത് ധൈര്യത്തിലാണ് പൈസ ചോദിച്ചതെന്നായി അദ്ദേഹം.
സിനിമയില്‍ കണ്ട പരിചയം വെച്ച് ചോദിച്ചതാണെന്ന് പറഞ്ഞു. സ്റ്റുഡിയോ ആരംഭിച്ച് ഫോട്ടോഷൂട്ട് ചെയ്ത പണം സമ്പാദിച്ചശേഷം പതിനായിരം രൂപ തിരിച്ച് തരുമെന്നും ഞാൻ പറഞ്ഞു. അതുകേട്ടതോടെ പുള്ളി ചിരിച്ചു. സിനിമയിൽ വർക്ക് ചെയ്യാനുള്ള ആഗ്രഹവും ഞാൻ പറഞ്ഞു. ചോദിച്ചത് തെറ്റായി പോയെങ്കിൽ സോറിയെന്നും പറഞ്ഞ് ഞാൻ പോകാൻ തുടങ്ങി. ആ സമയത്ത് പുള്ളി ഒരു പതിനായിരം രൂപയെടുത്ത് തന്നു. നിങ്ങൾ ഇതെനിക്ക് തിരിച്ച് തരുമെന്ന് തോന്നുന്നില്ല.
എന്നാലും നിങ്ങളുടെ കണ്ണിൽ ഒരു ഫയറുണ്ട്. ഈ പണം നീ വെച്ചോളൂ. ഞാൻ പലരേയും സഹായിക്കാറുണ്ട്. അതിൽ ഒരാളാണ് നിങ്ങളും എന്ന് പറഞ്ഞ് പണം എനിക്ക് തന്നു. പൈസ വേസ്റ്റ് ചെയ്യരുതെന്നും പറഞ്ഞു. ആ പൈസ കിട്ടിയ ഉടൻ അവിടെ നിന്നും നാട്ടിൽ ഞാൻ തിരിച്ച് വന്നു. സ്റ്റുഡിയോ ഫ്ലോർ വാടകയ്ക്ക് എടുത്തു. ഫോട്ടോഷൂട്ട് ചെയ്ത് തുടങ്ങി. അത്യാവശ്യം പേരായി. പിന്നെ പതിയെ ആദ്യത്തെ സിനിമ ചെയ്യാൻ ഒരുങ്ങി. മാറ്റിനിയായിരുന്നു ആ സിനിമ.
അതിന്റെ പൂജയ്ക്ക് വന്ന സ്പെഷ്യൽ ഗസ്റ്റ് ദിലീപേട്ടനായിരുന്നു. ആ പരിപാടിക്കുശേഷം ഞാൻ അദ്ദേഹത്തെ കണ്ടതും പതിനായിരം രൂപ കടം ചോദിച്ച കഥയും പറഞ്ഞു. അപ്പോഴാണ് പുള്ളിക്ക് എന്നെ ഓർമ വന്നത്. ദിലീപേട്ടന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകി. പൈസ തിരിച്ച് കൊടുക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹം വാങ്ങിയില്ലെന്നും അനീഷ് പറയുന്നു.


Click it and Unblock the Notifications


