'അന്ന് രണ്ട് പടം മാത്രമാണ് റിലീസ് ചെയ്തത്, അദ്ദേഹം കയ്യിൽ പിടിച്ച് ഒരുപാട് സംസാരിച്ചു, അപ്ഡേറ്റഡാണ്'; പെപ്പെ!
ആദ്യ സിനിമയിലൂടെ തന്നെ ഏറ്റവും കൂടുതൽ ആളുകളെ സ്വന്തം കഴിവുകൊണ്ട് ആരാധകരാക്കിയ ഈ തലമുറയിലെ യുവനടന്മാരിൽ പ്രധാനിയാണ് ആരാധകർ സ്നേഹത്തോടെ പെപ്പെ എന്ന് വിളിക്കുന്ന അങ്കമാലിക്കാരൻ ആന്റണി വർഗീസ്. എത്ര സിനിമകൾ കഴിഞ്ഞാലും ആന്റണി വർഗീസ് എന്നാൽ മലയാളി പ്രേക്ഷകർക്കും ആരാധകർക്കും അങ്കമാലിയിലെ പെപ്പെ തന്നെയാണ്.
നീണ്ട ചുരുളൻ മുടിക്കാരനായി എത്തി പ്രേക്ഷകരുടെ മനം കവർന്ന പെപ്പെയ്ക്ക് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. താരത്തിന്റെ ഏറ്റവും പുതിയ റിലീസ് ആർഡിഎക്സാണ്. ആന്റണിക്ക് പുറമെ ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്.
റിലീസിനെത്തും മുമ്പ് തന്നെ നിരവധി വിവാദങ്ങളിൽ കുടുങ്ങിയ ആർഡിഎക്സ് കാണാൻ വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണ് പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി കിടിലൻ എന്റർടെയ്നറായിരുന്നു ആർഡിഎക്സ്. കിങ് ഓഫ് കൊത്തയ്ക്ക് ഒപ്പം തിയേറ്ററിൽ എത്തുന്ന സിനിമയായതുകൊണ്ട് തന്നെ തങ്ങളുടെ സിനിമ കാണാൻ ആളുകൾ എത്തുമോയെന്ന സംശയം ആർഡിഎക്സ് അണിയറപ്രവർത്തകർക്ക് ഉണ്ടായിരുന്നു.

ഇപ്പോഴിതാ ആർഡിഎക്സിന്റെ പ്രമോഷന് വേണ്ടി പോപ്പർ സ്റ്റോപ്പ് മലയാളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആന്റണി വർഗീസ് പറഞ്ഞ ഒരു അനുഭവമാണ് ശ്രദ്ധനേടുന്നത്. തമിഴിലെ നടിപ്പിൻ നായകൻ സൂര്യയെ തിരുവനന്തപുരത്ത് വെച്ച് അടുത്ത് കണ്ടപ്പോഴുള്ള അനുഭവമാണ് ആന്റണി വർഗീസ് പങ്കുവെച്ചത്.
വെറും രണ്ട് സിനിമകൾ മാത്രമാണ് ആ സമയത്ത് തന്റേതായി റിലീസിന് എത്തിയതെന്നും എന്നിട്ടും സൂര്യ തന്നെ തിരിച്ചറിഞ്ഞ് ഒരുപാട് നേരം സംസാരിച്ചുവെന്നാണ് ആന്റണി വർഗീസ് പറയുന്നത്. 'തിരുവനന്തപുരത്ത് ഒരു അവാർഡ് ഫങ്ഷന് സൂര്യ വന്നപ്പോൾ സംസാരിക്കാൻ അവസരം കിട്ടിയിരുന്നു.'
'പുള്ളിയെ ഫങ്ഷനിൽ വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് രോമാഞ്ചം വന്നിരുന്നു. ഒന്ന് പോയി സംസാരിക്കണമെന്നും ആഗ്രഹിച്ചിരുന്നു. അങ്ങനെ അവസാനം പുള്ളിയുടെ അടുത്ത് നിന്ന ആളുകളോട് അനുവാദം ചോദിച്ച് സൂര്യയുടെ അടുത്ത് ചെന്ന് ഞാൻ സംസാരിച്ചു. അന്ന് എന്റെ അങ്കമാലി ഡയറീസും സ്വാതന്ത്ര്യം അർധരാത്രിയിലും മാത്രമാണ് റിലീസ് ചെയ്തിരുന്നത്.'
'അതുകൊണ്ട് തന്നെ അങ്കമാലി ഡയറീസിന്റെ പേര് പറഞ്ഞാണ് സൂര്യയ്ക്ക് മുന്നിൽ എന്നെ ഞാൻ പരിചയപ്പെടുത്തിയത്. അങ്കമാലി ഡയറീസ് എന്ന് കേട്ടപ്പോൾ തന്നെ അദ്ദേഹം മനസിലാക്കി. പിന്നെ അദ്ദേഹം ആ സിനിമയുടെ ക്ലൈമാക്സിനെ കുറിച്ചൊക്കെ സംസാരിച്ചു.'

'എങ്ങനെയാണ് ക്ലൈമാക്സ് ചെയ്തത് എന്നൊക്കെയാണ് അദ്ദേഹം ചോദിച്ചത്. ആ സമയത്തെല്ലാം അദ്ദേഹം എന്റെ കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തോട് ആരാധനയുള്ളത് കൊണ്ട് തന്നെ ഞാൻ തന്നെ സർപ്രൈസായി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ.'
'ഭയങ്കര സന്തോഷമായിരുന്നു എനിക്ക്. അന്ന് അദ്ദേഹത്തോട് സംസാരിച്ചപ്പോഴാണ് അവരൊക്കെ എത്രത്തോളം അപ്ഡേറ്റഡാണ്, എത്രത്തോളം സിനിമകൾ കാണുന്നുണ്ട് എന്നതൊക്കെ എനിക്ക് മനസിലായത്. അവർ അങ്ങനെ മലയാള സിനിമകൾ വാച്ച് ചെയ്യുന്നതുകൊണ്ടാവും നമ്മളെയൊക്കെ അഭിനയിക്കാൻ വിളിക്കുന്നതെന്നും', സൂര്യയെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ച് ആന്റണി പറയുന്നു.
ഏത് ഭാഷയിലുള്ള താരമാണെങ്കിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചുവെന്ന് തോന്നിയാൽ മടിയില്ലാതെ പ്രശംസിക്കാൻ സൂര്യ ശ്രദ്ധിക്കാറുണ്ട്. മാസ് മസാല സിനിമകളിൽ നിന്നും മാറി അഭിനയ സാധ്യതയും കഥയുമുള്ള ചിത്രങ്ങളിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ജയ് ഭീം, സൂരരൈ പോട്ര് തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. കങ്കുവയാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സൂര്യ ചിത്രം.


Click it and Unblock the Notifications











