'ഗ്രാവിറ്റി അറിഞ്ഞിട്ടല്ല ആ ചിത്രം ചെയ്തത്, നാനും റൗഡി താനിലേക്ക് എന്നെ സെലക്ട് ചെയ്യാൻ പറഞ്ഞത് നയൻതാര ചേച്ചി'
തങ്ങളുടെ കൺമുന്നിൽ വളർന്ന കുട്ടി എന്ന ഇമേജാണ് നായികയായിട്ടും അനിഖ സുരേന്ദ്രന്. പത്തൊമ്പതുകാരിയായ താരം ഇന്ന് തെലുങ്കിൽ അടക്കം തിരക്കുള്ള അഭിനേത്രിയായി മാറി കഴിഞ്ഞു. ബേബി അനിഖയിൽ നിന്നും നായിക അനിഖയെന്ന് മാറ്റി വിളിക്കാൻ മലയാളികൾക്ക് സാധിക്കാറില്ല. കഥ തുടരുന്നു, ഭാസ്കർ ദി റാസ്ക്കൽ തുടങ്ങിയ സിനിമകളിലെ കുറുമ്പിയായ അനിഖയെ മനസിൽ നിന്നും കളയാൻ കഴിയുന്നില്ലെന്നതാണ് കാരണം. പത്തൊമ്പത് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമായ അനിഖയുടെ ആദ്യ സിനിമ മോഹൻലാൽ ചിത്രം ഛോട്ടാ മുംബൈയായിരുന്നു.
മോഹൻലാൽ അവതരിപ്പിച്ച വാസ്കോ എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷമായിരുന്നു. കഥ തുടരുന്നു, ബാവൂട്ടിയുടെ നാമത്തിൽ, ഭാസ്കർ ദ് റാസ്കൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നാനും റൗഡി താൻ, വിശ്വാസം, യെന്നൈ അറിന്താൽ എന്നിവയാണ് ബാലതാരമായി അനിഖ അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവ.

2013ൽ അഞ്ച് സുന്ദരികളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ഇന്നും അനിഖ അഭിനയിച്ച സിനിമകളിൽ ആരാധകർ ഏറെയുള്ളത് അഞ്ച് സുന്ദരികൾക്കാണ്. എന്നാൽ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം പ്രമേയമാക്കിയ സിനിമയുടെ പ്രമേയവും കഥയുടെ ആഴവും മനസിലാക്കാതെയാണ് താൻ ആ കഥാപാത്രം ചെയ്തതെന്ന് പറയുകയാണിപ്പോൾ അനിഖ. പുതിയ സിനിമയായ കപ്പിന്റെ പ്രമോഷന്റെ ഭാഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ഞാനായാലും ചേതനായാലും ഞങ്ങള്‍ രണ്ടുപേരും അന്ന് ആ സിനിമയുടെ ഗ്രാവിറ്റി അറിഞ്ഞിട്ടല്ല ആ ചിത്രം ചെയ്തത്. ആ സമയത്ത് ദിലീഷ് പോത്തന്‍ ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം എന്റെയടുത്ത് വേണ്ട കാര്യങ്ങള്‍ മാത്രം പറഞ്ഞ് തരും ഞാന്‍ അതുപോലെ അഭിനയിക്കും. അത്രയേ ഉണ്ടായിരുന്നുള്ളു. അല്ലാതെ കഥ ഒന്നും മനസിലാക്കിയിട്ടല്ല ഞാന്‍ അന്ന് ചെയ്തത്.
ഞാന്‍ വലിയൊരു ബോധമില്ലാതെ അങ്ങനെ പോയി അഭിനയിച്ച ചിത്രമായിരുന്നു അത്. സിനിമ കഴിഞ്ഞപ്പോഴും ഞാന്‍ ചെയ്ത് വെച്ചതിനെ കുറിച്ച് എനിക്കൊരു ഐഡിയ ഉണ്ടാകുമല്ലോ അതിലൊന്നും ആ കഥാപാത്രത്തിന്റെ ആഴം അറിഞ്ഞിരുന്നില്ല. അത് കഴിഞ്ഞ് സ്റ്റേറ്റ് അവാര്‍ഡൊക്കെ കിട്ടി കഴിഞ്ഞപ്പോഴും ആളുകള്‍ എന്റെ അടുത്ത് വന്ന് പറയും... ആ സിനിമ വളരെ ഹോണ്ടിങ്ങായിരുന്നെന്ന്. അപ്പോഴൊക്കെ ഞാന്‍ ആലോചിക്കും ഇതില്‍ എന്താ ഇത്രക്ക് ഹോണ്ടിങ്ങായിട്ടുള്ളതെന്ന്.
ഒരു ഫോട്ടോ എടുത്ത് പോയി അത്രയല്ലേ ഉള്ളു. പക്ഷെ ഇപ്പോഴാണ് അതിന്റെ അര്‍ഥം മനസിലാകുന്നത്. അത്രയും ഭാരമുള്ള ഒരു കഥയാണ് ആ മുപ്പത് മിനിറ്റില്‍ പറഞ്ഞുവെച്ചേക്കുന്നതെന്ന് അനിഖ പറഞ്ഞു. സിനിമ അഭിനയത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് താരം. കോളജ് കാലം നഷ്ടപ്പെടരുതെന്ന ഉറച്ച തീരുമാനം തനിക്കുണ്ടായിരുന്നുവെന്നും അനിഖ പറയുന്നു.

സിനിമയിലേക്ക് വരാൻ വലിയ ബുദ്ധിമുട്ടുകളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതുപോലെ ഞാൻ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉള്ളവരെല്ലാം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അമ്മയും പഠിക്കാൻ സഹായിക്കുമായിരുന്നു. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ ഇപ്പോൾ ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ കണ്ടിട്ടുള്ള താരങ്ങളിൽ പലരും സ്കൂൾ കഴിഞ്ഞ് കോളജിൽ പോകാതെ ഡിസ്റ്റൻസായി പഠിക്കുകയാണ് ചെയ്യാറുള്ളത്.
പക്ഷെ കോളജ് ലൈഫ് എഞ്ചോയ് ചെയ്യണമെന്നത് എന്റെ നിർബന്ധമായിരുന്നു. കാരണം അമ്മയുടെ കോളജ് ലൈഫിനെ കുറിച്ചൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. എനിക്ക് ഇപ്പോൾ എന്റെ കോളജ് ലൈഫ് ആസ്വദിക്കാൻ സാദിക്കുന്നുണ്ട്. ജേണലിസാണ് പഠിക്കുന്നത്. പ്ലസ് ടു കഴിഞ്ഞിട്ട് ഒരു വർഷം ഗ്യാപ് എടുത്തിട്ടാണ് കോളജിൽ ചേർന്നത്. ആ ഒരു വർഷം ജോലി മാത്രമാണ് ചെയ്തിരുന്നത്. ഒരു സോഷ്യൽ ലൈഫ് എനിക്ക് ഉണ്ടായിരുന്നില്ല. അത് സ്ട്രസ്ഫുള്ളയായിരുന്നു.
കോളജിൽ പോയി തുടങ്ങിയതോടെ എല്ലാം ബാലൻസ് ചെയ്ത് ആസ്വദിക്കാൻ തുടങ്ങിയെന്നും അനിഖ പറയുന്നു. തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാരയുമായി സാമ്യപ്പെടുത്തുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള അനിഖയുടെ മറുപടി ഇങ്ങനെയായിരുന്നു.
നയൻതാര ചേച്ചിക്കൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ളതുകൊണ്ടാകും ആളുകൾക്ക് ഞങ്ങൾ തമ്മിൽ സാമ്യമുള്ളതായി തോന്നുന്നത്. നാനും റൗഡി താനിലേക്ക് എന്നെ സെലക്ട് ചെയ്യാൻ പറഞ്ഞത് പോലും നയൻതാര ചേച്ചിയാണെന്ന് അനിഖ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











