അനിൽ കപൂർ ആൾക്കൂട്ടത്തിൽ വച്ച് അപമാനിച്ചു, രക്ഷയായായത് രൺബീർ: ആനിമൽ നടൻ വെളിപ്പെടുത്തുന്നു
ബോളിവുഡിന് അടുത്ത കാലത്ത് ലഭിച്ച ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയങ്ങളിൽ ഒന്നാണ് ആനിമൽ. രൺബീർ കപൂർ നായകനായി, സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയ്ത ചിത്രം, അതിലെ മനം മടുപ്പിക്കുന്ന വയലൻസ് രംഗങ്ങൾ കൊണ്ടും, സ്ത്രീ വിരുദ്ധത കൊണ്ടും ഒരുപാട് വിമർശനങ്ങൾ നേരിട്ടു. പക്ഷെ, അതൊന്നും ആനിമൽ ബോക്സ് ഓഫീസിൽ വിജയങ്ങൾ കൊയ്യുന്നതിന് തടസ്സമായില്ല. രൺബീറിനൊപ്പം ചിത്രത്തിൽ അനിൽ കപൂർ, രശ്‌മിക മന്ദന, തൃപ്തി ഡിമ്രി, ബബ്ലൂ പ്രിത്വിരാജ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ആനിമൽ വിജയാഘോഷത്തിനിടെ അനിൽ കപൂർ അപമാനിച്ചെന്ന് ബബ്ലൂ പ്രിത്വിരാജ്
സന്ദീപ് റെഡ്ഢി വാങ്ക സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയ ബബ്ലൂ പ്രിത്വിരാജ്, അടുത്തിടെ റെഡ് നൂൽ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, അത്ര സുഖകരമല്ലാത്ത ഒരനുഭവം ഓർത്തെടുത്തു. നായകൻ രൺബീർ കപൂറിന്റെ അച്ഛന്റെ വേഷത്തിൽ എത്തിയ അനിൽ കപൂറിൽ നിന്ന് നേരിട്ട അപമാനത്തെ കുറിച്ചാണ് പ്രിത്വിരാജ് വെളിപ്പെടുത്തിയത്.

"ആനിമൽ ബോക്സ് ഓഫീസിൽ കളക്ഷൻ 1600 കോടി കടന്നപ്പോൾ ബോംബയിൽ വച്ച് ഒരു സക്സസ് പാർട്ടി നടന്നിരുന്നു. ആദ്യം സംസാരിച്ചത് വില്ലനായി അഭിനയിച്ച ബോബി (ഡിയോൾ) ആണ്, അടുത്തതായി അനിൽ കപൂർ സാർ. അടുത്തത് എന്റെ ഊഴമായിരുന്നു. അനിൽ സാർ പ്രസംഗത്തിനിടെ ചിരിക്കുകയും, വേറെ ആളുകളോട് സംസാരിക്കുകയും ഒക്കെ ചെയ്തു. അപ്പോഴും മൈക്ക് അദ്ധേഹത്തിന്റെ കൈയിൽ ആയിരുന്നു. എന്റെ ഊഴം എത്തിയപ്പോൾ ഞാൻ മൈക്ക് ചോദിച്ചു, അദ്ദേഹം തരാൻ വിസമ്മതിച്ചു," ബബ്ലൂ പ്രിത്വിരാജ് ഓർത്തെടുത്തു.
"മൈക്കിനായി ഞാൻ കൈ നീട്ടി. അപ്പൊ അദ്ദേഹം തന്റെ കൈയിൽ ഇരുന്ന മൈക്ക് പുറകിലേക്ക് മാറ്റി പിടിച്ച് "തരില്ല" എന്ന രീതിയിൽ ഒരു ആംഗ്യം കാണിച്ചു. കൈ നീട്ടി നിന്ന ഞാൻ ആകെ വല്ലാതായി. ആരും കണ്ടു കാണരുതേ എന്ന് വെറുതെ ഒന്ന് ആഗ്രഹിച്ചു. പക്ഷെ ചുറ്റും നോക്കിയപ്പോൾ, അവിടെ നിന്ന എല്ലാവരും അനിൽ കപൂർ സാർ ചെയ്തത് കണ്ടിരുന്നു. ഞാൻ ആകെ നാണം കേട്ട അവസ്ഥയിൽ ആയി," ബബ്ലൂ പ്രിത്വിരാജ് വെളിപ്പെടുത്തി.

രക്ഷക്കെത്തിയ രൺബീർ കപൂർ
ആകെ അപമാനിതനായി സ്റ്റേജിൽ നിൽക്കേണ്ടി വന്ന അവസ്ഥയിൽ, തനിക്ക് രക്ഷയായത് ആനിമലിലെ നായകൻ രൺബീർ കപൂറാണ് എന്നും ബബ്ലൂ പ്രിത്വിരാജ് വെളിപ്പെടുത്തി. "ഞാൻ ആകെ വല്ലാതായി നിൽക്കുകയായിരുന്നു. അപ്പോൾ ആർ.കെ (രൺബീർ കപൂർ), ഞങ്ങൾക്ക് ഓപ്പോസിറ്റ് ആയി നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം എല്ലാം കാണുകയും ചെയ്തു. പ്രത്യേകിച്ച് ഭാവഭേദം ഒന്നുമില്ലാതെ നടന്നു വന്ന രൺബീർ, എന്റെ അടുത്ത് വന്ന് തോളിൽ കൈ വച്ചു നിന്നു. എന്നിട്ട് അനിൽ സാറിന്റെ കൈയിൽ നിന്ന് തഞ്ചത്തിൽ മൈക്ക് വാങ്ങി എനിക്ക് നേരെ നീട്ടി, "നിങ്ങൾ സംസാരിക്കു സാർ" എന്ന് പറഞ്ഞു," പ്രിത്വിരാജ് തുടർന്ന് പറഞ്ഞു.
Babloo Prithviraj about Anil Kapoor and RK
byu/Mirror-Southern inBollyBlindsNGossip
ബബ്ലൂ പ്രിത്വിരാജിന്റെ വീഡിയോ വൈറലായതോടെ, രൺബീർ കപൂർ സഹപ്രവർത്തകരോട് കാണിക്കുന്ന സ്നേഹവും മര്യാദയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്. ഒപ്പം, അനിൽ കപൂറിന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തെ റെഡിറ്റ് പ്രേക്ഷകർ കടുത്ത ഭാഷയിൽ വിമർശിക്കുന്നുമുണ്ട്. ഇതിനിടെ, അധികം വൈകാതെ ആനിമലിന്റെ രണ്ടാം ഭാഗമായ ആനിമൽ പാർക്ക് എന്ന ചിത്രത്തിൽ നായകനാവാൻ ഒരുങ്ങുകയാണ് രൺബീർ.


Click it and Unblock the Notifications











