അഞ്ചാം പാതിര ബ്രില്യന്‍സിനെ പുകഴ്ത്തി ട്രോളുകള്‍! തരംഗമായി റിപ്പര്‍ രവിയും ബെഞ്ചമിന്‍ ലൂയിസും
ടെലിവിഷന്‍ പ്രീമിയറിന് പിന്നാലെ അഞ്ചാം പാതിരയെക്കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍. ഇക്കഴിഞ്ഞ എപ്രില്‍ 10ന് സൂര്യ ടിവിയില്‍ ആയിരുന്നു അഞ്ചാം പാതിരയുടെ ടിവി പ്രീമിയര്‍ നടന്നത്. പ്രീമിയറിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമ കണ്ടവരെല്ലാം ചിത്രത്തെ പുകഴ്ത്തികൊണ്ടുളള പോസ്റ്റുകളുമായി എത്തിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിലാണ് ത്രില്ലര്‍ ചിത്രം ഒരുങ്ങിയത്.
ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ സിനിമ 2020ലെ ആദ്യ ബ്ലോക്ക്ബസ്റ്ററായും മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ആദ്യ അമ്പത് കോടി ചിത്രമായി അഞ്ചാം പാതിര മാറിയിരുന്നു. ചിത്രത്തില്‍ ക്രിമിനോളജിസ്റ്റായ ഡോ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായാണ് ചാക്കോച്ചന്‍ എത്തിയത്. അതേസമയം ടിവിയില്‍ സിനിമ കണ്ട മിക്കവരും ഡോ ബെഞ്ചമിന്‍ ലൂയിസ്, റിപ്പര്‍ രവി തുടങ്ങിയ കഥാപാത്രങ്ങളെക്കുറിച്ചുളള എഴുത്തുകളുമായാണ് എത്തുന്നത്.

ബെഞ്ചമിന്‍ ലൂയിസായി ഷറഫുദ്ദീനും റിപ്പര്‍ രവിയായായി ഇന്ദ്രന്‍സുമാണ് അഭിനയിച്ചത്. സിനിമയില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചത് ഷറഫുദ്ദീനാണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ അത് ഇന്ദ്രന്‍സാണെന്നാണ് പറയുന്നത്. രണ്ട് പേരുടെയും പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്. ടെലിവിഷന്‍ പ്രീമിയറിന് പിന്നാലെ അഞ്ചാം പാതിരയെക്കുറിച്ചുളള ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വെറും അഞ്ച് മിനിറ്റ് മാത്രമുളള ഇന്ദ്രന്‍സിന്റെ കഥാപാത്രം ഞെട്ടിച്ചുവെന്ന് മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. ഇന്ദ്രന്‍സിന്റെ റിപ്പര്‍ രവിയുടെ ഡയലോഗ് എഴുതി കാണിച്ചുകൊണ്ടാണ് ഒരു ട്രോള്‍ വന്നിരിക്കുന്നത്. "ചുറ്റിക കൊണ്ട് തലക്ക് അടിക്കുമ്പോള്‍ തലയോട്ടി പിളരുന്ന ഒരൊച്ചയുണ്ട് ഹോ. ഈയൊരു ഡയലോഗ് പറയുമ്പോള്‍ ഇങ്ങേരുടെ എക്‌സപ്രഷന്‍, വെറും അഞ്ച് മിനിറ്റ് കൊണ്ട് ഞെട്ടിച്ച് കളഞ്ഞ കഥാപാത്രം റിപ്പര്‍ രവി.

ഒപ്പം ഷറഫുദ്ദീന്‍ അവതരിപ്പിച്ച ഡോ ബെഞ്ചമിന്‍ ലൂയിസിനെക്കുറിച്ചുളള ട്രോളുകളും വരുന്നുണ്ട്. എന്റെ കഥയും എന്റെ പ്രതികാരവും എല്ലാമെന്റെ സ്വകാര്യതയാണ് എന്ന ഷറഫുദ്ദീന്റെ ഡയലോഗാണ് തരംഗമായി കൊണ്ടിരിക്കുന്നത്. അഞ്ചാം പാതിര ട്രോള്‍ പ്രളയത്തിനിടെ തനിക്ക് ഇഷ്ടപ്പെട്ടൊരു ട്രോള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും പങ്കുവെച്ചിരുന്നു.

നിഖില വിമലിന്റെ കഥാപാത്രത്തെക്കുറിച്ച് വന്ന ട്രോളാണ് തന്നെ ഏറെ ചിരിപ്പിച്ചത് എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകന്‍ ട്രോള്‍ പങ്കുവെച്ചത്. കൂടാതെ കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടകൊലപാതക കേസിലെ പ്രതി കേഡല്‍ ജിന്‍സണിന്റെ കഥയും ചിത്രത്തില്‍ പറയുന്നുണ്ടെന്ന് കാണിച്ചും ട്രോളുകളുണ്ട്. അഞ്ചാം പാതിരയുടെതായി കൂടുതലും പോസിറ്റീവ് ട്രോളുകളാണ് വന്നിരിക്കുന്നത്.


Click it and Unblock the Notifications











