എന്റെ മുഖം കണ്ടാല്‍ സിനിമ ഹിറ്റാവും; ഇങ്ങനൊരു കഥ പ്രചരിച്ചതോടെ സിനിമകളിലേക്ക് വിളി കൂടിയെന്ന് അഞ്ജലി നായര്‍
ദുഃഖപുത്രി ഇമേജില്‍ നിരവധി സിനിമകള്‍ ചെയ്തിട്ടുള്ള നടിയാണ് അഞ്ജലി നായര്‍. പലപ്പോഴും വളരെ ഡള്‍ ആയി മേക്കപ്പ് ചെയ്തും പഴയ സാരി ഉടുത്തിട്ടുള്ള കഥാപാത്രങ്ങളുമൊക്കെയാണ് അഞ്ജലി ചെയ്തിരുന്നത്. ഇതോടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ജലിയുടെ മുഖം ഭാഗ്യമാണെന്ന് കരുതിയ ആളുകളും ഉണ്ടായിരുന്നു.
സിനിമയുടെ തുടക്കത്തില്‍ അഞ്ജലിയെ കാണിച്ച് കൊണ്ട് തുടങ്ങിയാല്‍ അത് സൂപ്പര്‍ഹിറ്റാവുമെന്ന തരത്തിലൊരു പ്രചരണം ഉണ്ടായതായിട്ടാണ് നടി പറയുന്നത്. അത്തരത്തില്‍ ഇറങ്ങിയ സിനിമകള്‍ ഹിറ്റായതോടെ അത് തനിക്കുമൊരു ബാധ്യതയായെന്ന് അഞ്ജലി പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഞ്ജലി നായര്‍.

സിനിമയില്‍ അഭിനയിച്ചിരുന്നെങ്കിലും വിവാഹം കഴിഞ്ഞതോട് കൂടി ഇടവേള എടുത്തു. എങ്കിലും ഒന്ന് രണ്ട് ചെറിയ വേഷങ്ങളില്‍ താന്‍ അഭിനയിച്ചു. ഇതിനിടയില്‍ ഗര്‍ഭിണിയായതോടെ പൂര്‍ണമായും സിനിമ ഉപേക്ഷിച്ചു.
മകള്‍ക്ക് ഏഴ് മാസം പ്രായമുള്ളപ്പോഴാണ് അഞ്ച് സുന്ദരികളിലെ സേതുലക്ഷ്മി എന്ന കഥയിലേക്ക് അഭിനയിക്കാന്‍ പോവുന്നത്. ശരിക്കും അമ്മയുടെയും കുഞ്ഞിനെയും വേണമെന്നുള്ള ആവശ്യം കൊണ്ടാണ് തന്നെ വിളിച്ചത്. മകളെ ക്യാമറയ്്ക്ക് മുന്നില്‍ കാണിക്കാമെന്നുള്ളത് കൊണ്ടാണ് താനതിന് പോയതെന്നാണ് നടി പറയുന്നത്.

ആ സിനിമയുടെ തുടക്കത്തില്‍ തന്റെ മുഖം കാണിച്ച് കൊണ്ടാണ് തുടങ്ങുന്നത്. അഞ്ച് കഥകളുള്ള ആന്തോളജി ചിത്രമായിരുന്നത്. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് സേതുലക്ഷ്മിയാണ്. പിന്നീട് അമ്പതോളം സിനിമകളാണ് തന്നെ തേടി വന്നത്. മാത്രമല്ല എബിസിഡി അടക്കം പലതിലും സിനിമയുടെ ഇന്‍ട്രോ തന്നെ എന്റെ മുഖം കാണിച്ച് തുടങ്ങി. അത്തരം ചിത്രങ്ങളൊക്കെ വലിയ വിജയം നേടുന്നുവെന്ന പ്രചരണവും ഉണ്ടായി. അതൊക്കെ കേട്ടതോടെ തനിക്കും പേടി വന്നുവെന്നാണ് അഞ്ജലി പറയുന്നത്.

എന്റെ കൂടെ അഭിനയിക്കുന്ന കുട്ടികള്‍ക്ക് അവാര്‍ഡുകളൊക്കെ കിട്ടി തുടങ്ങി. അതുപോലെ ഞാന്‍ ഡബ്ബ് ചെയ്ത സിനിമകളും വിജയമാണെന്ന് പറഞ്ഞ് തുടങ്ങി. ഇതോടെ പലരും സിനിമയിലേക്ക് എന്നെ ഡബ്ബിങ്ങിനടക്കം വിളിച്ച് തുടങ്ങി. എന്തായാലും പറഞ്ഞ് പറഞ്ഞ് ആ ഭാഗ്യമൊക്കെ നഷ്ടപ്പെട്ടുവെന്നാണ് കഴിഞ്ഞ കുറച്ച് കാലം കൊണ്ട് മനസിലായതെന്നും പരിപാടിയിലൂടെ അഞ്ജലി വ്യക്തമാക്കി.

ഇതിനിടെ അവാര്‍ഡുകള്‍ ലഭിച്ചതോടെ തനിക്ക് പല നല്ല അവസരങ്ങളും നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും നടി പറയുന്നു. അവാര്‍ഡ് കിട്ടിയ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന സിനിമയൊന്നുമല്ലിതെന്ന് പറഞ്ഞ് ചില സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടു. നിങ്ങളെ പോലൊരാള്‍ക്ക് ഇങ്ങനെ അവാര്‍ഡൊക്കെ കിട്ടിയതിന് ശേഷം ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ലെന്നാണ് ഒരു സംവിധായകന്‍ പറഞ്ഞത്. ഇതോടെ അലമാരയിലിരിക്കുന്ന അവാര്‍ഡ് എന്നെ തേടി എന്തിനാണ് വന്നതെന്ന് ചിന്തിച്ച് പോയെന്നും നടി സൂചിപ്പിച്ചു.

മലയാളത്തിന് പുറമേ തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഞ്ജലി നായര്‍ ഒത്തിരി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നടി പിന്നീട് നായികയായി മാറി. തമിഴില്‍ നിന്നുമാണ് കരിയര്‍ വീണ്ടും തുടങ്ങുന്നത്. അവിടെ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അഞ്ജലി പരിപാടിയിലൂടെ തുറന്ന് സംസാരിച്ചിരുന്നു.


Click it and Unblock the Notifications











