ഷൂട്ടിനിടയിൽ ശരീരത്തിലേക്ക് തീ അടിച്ചു, മോളുടെ കൈയ്യും കണ്ണും ചെവിയും പൊള്ളി; മകളുടെ അപകടത്തെ കുറിച്ച് അഞ്ജലി
നടിയും മോഡലുമായ അഞ്ജലി നായർ ഇരുപത് വർത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. ഇതിനോടകം മികച്ച സഹ നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം വരെ ലഭിച്ചിട്ടുണ്ട്. അമ്മയുടെ വഴിയെ തന്നെയാണ് മൂത്തമകൾ ആവണിയുടേയും സഞ്ചാരം. അജയന്റെ രണ്ടാം മോഷണം, ഫീനിക്സ് തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ ആവണി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കഴിഞ്ഞു.
ഏറ്റവും അവസാനം ആവണി അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ സൂര്യ നായകനായ റെട്രോയായിരുന്നു. നായിക പൂജ ഹെഗ്ഡെയുടെ ബാല്യകാലമായിരുന്നു ആവണി അവതരിപ്പിച്ചത്. സിനിമയുടെ പ്രമോഷനായി കേരളത്തിൽ റെട്രോ ടീം എത്തിയപ്പോൾ ആവണിക്ക് സെറ്റിൽവെച്ചുണ്ടായ ഒരു അപകടത്തെ കുറിച്ച് നടൻ സൂര്യ സ്റ്റേജിൽ വെച്ച് പറഞ്ഞപ്പോഴാണ് പ്രേക്ഷകരും അപകടത്തെ കുറിച്ച് അറിയുന്നത്.

എന്നാൽ അതിന്റെ തീവ്രത എത്രത്തോളം വലുതായിരുന്നുവെന്ന് പ്രേക്ഷകർ അറിയുന്നത് അപകടം സംഭവിച്ച സമയത്തെ ആവണിയുടെ വീഡിയോ അഞ്ജലി നായർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോഴാണ്. തീയുടെ ചൂടേറ്റ് പൊള്ളിയ ആവണിയുടെ കയ്യിൽ കുമിളകൾ വന്നതിന്റെ ഭീകരമായ അവസ്ഥ അഞ്ജലിയുടെ വീഡിയോയിൽ വ്യക്തമാണ്. ആവണിയുടെ കയ്യിൽ മാത്രമല്ല കണ്ണിനും ചെവിയിലും പൊള്ളലേറ്റിരുന്നു.
കാശിയിൽ ചിത കത്തുന്ന സീൻ ചിത്രീകരിക്കുന്നതിനിടെയാണ് ആവണിക്ക് പൊള്ളലേറ്റത്. ചിത കത്തിക്കുന്ന സീനിൽ ആവണിയുമുണ്ട്. ചിത്രീകരണത്തിനിടെ വല്ലാതെ കാറ്റടിച്ചപ്പോൾ ചിതയിലെ തീ ആവണിയുടെ ദേഹത്തേക്ക് അടിച്ചു. പെട്ടെന്നായതുകൊണ്ട് സെറ്റിൽ ഉള്ളവർക്കും ആവണിയെ രക്ഷിക്കാൻ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
അപ്പോഴേക്കും ആവണിയുടെ കൈയ്യും കണ്ണിന്റെ കുറച്ച് ഭാഗവും പുരികവും ചെവിയും പൊള്ളി. സുഹൃത്തുക്കളെ... തിരുവനന്തപുരത്ത് നടന്ന റെട്രോ സിനിമയുടെ പ്രമോഷൻ ചടങ്ങിന്റെ വീഡിയോ നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാകും. നടൻ സൂര്യ സാർ ആവണിയെ വേദിയിലേക്ക് ക്ഷണിച്ച് അവളുടെ കൈകൾ പിടിച്ച് റെട്രോ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായ തീപിടുത്ത അപകടത്തെക്കുറിച്ച് വിവരിച്ചിരുന്നു.
ആവണിയെ അനുഗ്രഹിച്ചതിനും നൽകിയ പിന്തുണയ്ക്കും കരുതലിനും സ്നേഹത്തിനും നന്ദി സൂര്യ സാറിന് നന്ദി അറിയിക്കുന്നു. കഠിനമായ വേദന അനുഭവിച്ചിട്ടും അഭിനയത്തോടുള്ള അവളുടെ അഭിനിവേശവും സമർപ്പണവും കണ്ട് ഞങ്ങളുടെ കുടുംബം ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾ, പുരികങ്ങൾ, മുടി, ചെവികൾ, കൈ എന്നിവയിലേക്കാണ് തീ അടിച്ചത്.

അപകടശേഷം സംവിധായകനും സംഘവും ആവണിയോട് വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചപ്പോഴും ആവണി അതിന് തയ്യാറായില്ല. ഇടവേള എടുത്ത് ധൈര്യപൂർവ്വം ഒരു മണിക്കൂറിനുശേഷം തിരികെ എത്തി തന്റെ രംഗങ്ങൾ പൂർത്തിയാക്കാൻ ആവണി സഹകരിച്ചു. അത് എനിക്ക് സന്തോഷം പകർന്നു. ആവണിയുടെ അമ്മ എന്ന നിലയിൽ ഇങ്ങനൊരു മകളെ ലഭിച്ചതിൽ ഭാഗ്യമായി കരുതുന്നു.
ഒരു നടി എന്ന നിലയിൽ അവളുടെ ശക്തിയെയും സഹിഷ്ണുതയെയും ഞാൻ അഭിനന്ദിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ കണ്ണാ.. മാത്രമല്ല നമ്മുടെ ഇതിഹാസ നടൻ മമ്മുക്കയും നടൻ വിഷ്ണു ഉണ്ണികൃഷ്ണനും കുഞ്ഞിന്റെ പൊള്ളൽ സുഖപ്പെടുത്തുന്നതിന് ഞങ്ങൾക്ക് ഒരു ഡോക്ടറെ നിർദ്ദേശിച്ച് തന്നിരുന്നു.
വളരെ നന്ദി... ഒരിക്കൽ കൂടി ഫുൾ റെട്രോ ടീമിനും കാർത്തിക് സാറിനും നന്ദി എന്നാണ് മകൾക്കുണ്ടായ അപകടത്തെ കുറിച്ച് വിവരിച്ച് അഞ്ജലി കുറിച്ചത്. അഞ്ജലിയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആവണി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമായ അനീഷ് ഉപാസനയാണ് ആവണിയുടെ പിതാവ്. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയശേഷം മകളുടെ സംരക്ഷണം അഞ്ജലിക്കാണ്. അജിത്ത് രാജുവാണ് അഞ്ജലിയുടെ ഇപ്പോഴത്തെ ഭർത്താവ്. ഇരുവർക്കും അടുത്തിടെ ഒരു പെൺകുഞ്ഞ് പിറന്നിരുന്നു.


Click it and Unblock the Notifications











