സ്റ്റാർ സിംഗറിൽ നിന്ന് പുറത്താകണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്; ഇന്നത്തെ സ്റ്റാർ സിംഗർ പോലെയല്ല; അഞ്ജു ജോസഫ്
സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്ന ഗായികയാണ് അഞ്ജു ജോസഫ്. അക്കാലത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഞ്ജു ജോസഫ്. പിന്നീട് കവർ സോങ്ങിലൂടെ അഞ്ജു ജോസഫ് ജനശ്രദ്ധ നേടി. സ്റ്റാർ സിംഗറിന്റെ നാലാം സീസണിലാണ് അഞ്ജു ജോസഫ് മത്സരാർത്ഥിയായി എത്തിയത്. അന്ന് പിന്നണി ഗാന രംഗത്ത് ഗായിക സജീവമാണ്. വർഷങ്ങൾക്കിപ്പുറം സ്റ്റാർ സിംഗറിന്റെ ഓർമകൾ പങ്കുവെക്കുകയാണ് അഞ്ജു ജോസഫ്.
സോഷ്യൽ മീഡിയ ഇല്ലാത്ത ആ കാലം പോലെയല്ല ഇന്നെന്ന് അഞ്ജു ജോസഫ് പറയുന്നു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.
ഞങ്ങൾ ഷോയിൽ പങ്കെടുക്കുന്ന സമയത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായി ഓർക്കൂട്ട് മാത്രമേയുള്ളൂ. ഫേസബുക്ക് ഉള്ളതായി ഓർമയില്ല. എനിക്കില്ല. ഇന്ന് ഒരു പാട്ട് യൂട്യൂബിൽ പോയി എടുക്കാം. എന്റെ വീട്ടിൽ നിന്ന് ഒരു മണിക്കൂറോളം യാത്ര ചെയ്ത് കടയിൽ പോയി പാട്ട് റെക്കോഡ് ചെയ്ത് സിഡിയിലാക്കണം. എന്നിട്ട് സിഡി പ്ലെയർ വെച്ചാണ് പഠിക്കുന്നത്. പക്ഷെ അതിന് അതിന്റേതായ ഗുണങ്ങളുമുണ്ടായിരുന്നെന്നും അഞ്ജു ജോസഫ് പറഞ്ഞു.

സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ നേരിട്ടാണ് കമന്റുകൾ വന്നിരുന്നത്. പ്രേക്ഷകർക്ക് ഇഷ്ടമുള്ള മത്സരാർത്ഥികൾ പുറത്താകുമ്പോൾ എനിക്ക് ചീത്ത കിട്ടിയിട്ടുണ്ട്. ഒമ്പത് തവണ ഞാൻ എലിമിനേഷനിൽ നിന്നിട്ടുണ്ട്. അവർക്കിഷ്ടമുള്ള ആരെയെങ്കിലും പുറത്താക്കിയായിരിക്കും ഞാൻ അകത്താവുക. വോട്ടിന്റെയും അന്ന് പെർഫോം ചെയ്തതിന്റെയും അടിസ്ഥാനത്തിലായിരിക്കും കയറ്റി വിട്ടത്. പക്ഷെ ആളുകൾക്കത് സഹിക്കാൻ പറ്റില്ല.
ഒരിക്കൽ ഒരാൾ പുറത്തായതിന് റോഡിൽ വെച്ച് ഒരാൾ ചീത്ത വിളിച്ചിട്ടുണ്ട്. നിനക്കൊന്നും കഴിവില്ല, നീയൊക്കെ എന്ത് ചെയ്തിട്ടാണെന്നൊക്കെ പറഞ്ഞു. അതായിരുന്നു ഭേദം. ഇന്നത്തെ പോലെ കമന്റുകളിലൂടെയുള്ള ആക്രമണം അന്നില്ലായിരുന്നെന്നും അഞ്ജു ജോസഫ് വ്യക്തമാക്കി. അന്നത്തെ സ്റ്റാർ സിംഗറിൽ നിന്നും ഇന്നത്തെ സ്റ്റാർ സിംഗർ വ്യത്യസ്തമാണെന്നും അഞ്ജു ജോസഫ് പറയുന്നു.

സ്റ്റാർ സിംഗറോ മറ്റേതൊരു റിയാലിറ്റി ഷോയോ എടുത്താലും കുറച്ച് കൂടെ ലിബറലായി എന്നെനിക്ക് തോന്നിയിട്ടുണ്ട്. അന്നത്തെ ജഡ്ജസ് രവീന്ദ്രൻ മാഷ്, ദക്ഷിണാമൂർത്തി തുടങ്ങിയവരുടെ കൂടെ വർക്ക് ചെയ്ത് വരുന്നവരാണ്. അവർ ഫോളോ ചെയ്യുന്ന പാറ്റേണും അങ്ങനെ തന്നെയായിരിക്കും. അവരെ പരിശീലിപ്പിച്ച പോലെ നമ്മളെ പരിശീലിപ്പിക്കാനാണ് അവർ അന്ന് ശ്രമിച്ചത്.


Click it and Unblock the Notifications