അയാൾ പബ്ലിക്കായി ചീത്ത വിളിച്ചു, ആദിത്യ വന്നതോടെ ജീവിതം മാറി, ഇപ്പോൾ നല്ല കാലം, അവന്റെ പുണ്യം; അഞ്ജു
ഐഡിയ സ്റ്റാർ സിങറിൽ മത്സരാർത്ഥിയായി എത്തി ജനപ്രിയയായി മാറിയ ഗായികയാണ് അഞ്ജു ജോസഫ്. റിയാലിറ്റി ഷോയ്ക്കുശേഷം നിരവധി സിനിമകളിൽ പിന്നണി പാടിയിട്ടുള്ള ഗായിക ഇപ്പോൾ ലൈവ് ഷോകളും മറ്റുമായി തിരക്കിലാണ്. മുപ്പത്തിനാലുകാരിയായ അഞ്ജു റിയാലിറ്റിഷോയുടെ ഭാഗമായിരുന്നപ്പോഴുള്ള അനുഭവങ്ങളും രണ്ടാം വിവാഹത്തിനുശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളും പങ്കുവെച്ചു. ഇപ്പോൾ തന്റെ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണെന്ന് ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജു പറയുന്നു.
ഞാൻ ഒരുപാട് തവണ എലിമിനേഷൻ റൗണ്ടിൽ വന്നിട്ടുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട പല മത്സരാർത്ഥികളും എനിക്കൊപ്പം വന്ന് എലിമിനേഷൻ റൗണ്ടിൽ നിന്നും പുറത്തായിട്ടുമുണ്ട്. എനിക്കൊപ്പം എലിമിനേഷൻ ഫെയ്സ് ചെയ്ത് ഔട്ടായിപ്പോയ ചില മത്സരാർത്ഥികളുടെ ആരാധകർ എന്നെ ചീത്ത വിളിച്ചിട്ടുണ്ട്.

നയന എന്നൊരു മത്സരാർത്ഥി ഉണ്ടായിരുന്നു. ആ കുട്ടി എലിമിനേറ്റയതിന് എന്നെ ഒരാൾ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു. അതും റോഡിൽ വെച്ച്. അയാൾ അന്ന് നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്. നീ ഒറ്റ ഒരുത്തി കാരണമാണ് നയന ഔട്ടായിപ്പോയത്. നീ ഒക്കെ എന്ത് പാടിയിട്ടാണ് ഷോയിൽ നിൽക്കുന്നത്?. എപ്പോഴും എലിമിനേഷനിലുമെത്തും എന്നുമാണ് അയാൾ പറഞ്ഞത്.
പതിനാറ് കൊല്ലമായി ഞാൻ സ്റ്റാർ സിങർ ഷോയിൽ നിന്ന് ഇറങ്ങിയിട്ട് പക്ഷെ ഇപ്പോഴും എന്നെ ആളുകൾ തിരിച്ചറിയുന്നതും ഷോ ബുക്ക് ചെയ്യുന്നതും ഐഡിയ സ്റ്റാർ സിങർ താരം എന്ന പേരിലാണെന്ന് ഗായിക പറയുന്നു. ലൈവ് ഷോകളും റെക്കോർഡിങ്സും ഞാൻ നിരവധി ചെയ്യാറുണ്ട്. പക്ഷെ അതൊന്നും സിനിമയായി കൺവേർട്ട് ചെയ്യാനോ ഒരുപാട് സിനിമകളിൽ പിന്നണി പാടാനോ എനിക്ക് പറ്റിയിട്ടില്ല. സിനിമയിൽ പാടിയാൽ മാത്രമെ നമുക്ക് വാല്യുവുള്ളെന്ന് തോന്നുന്ന സമയം ഉണ്ടായിരുന്നു.
അന്ന് പിന്നണി പാടാൻ അവസരം കിട്ടാത്തതിൽ വിഷമിച്ചിരുന്നു. ഇപ്പോൾ അങ്ങനെയുള്ള അവസ്ഥകളൊന്നും ഇല്ല. കുറേ മാറി. സ്വതന്ത്ര്യമായി പാട്ട് ചെയ്താലും നമുക്ക് നമ്മുടേതായ സ്പേസ് കിട്ടും. കോൺടാക്ട് മെയിന്റെയ്ൻ ചെയ്യാത്തതുകൊണ്ടും കൂടിയാണ് അവസരങ്ങൾ കിട്ടാത്തത്. സിനിമയിൽ പാടാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ബാഹുബലിയിലെ ഗാനം കവർ സോങ് ചെയ്തപ്പോൾ രാജമൗലി സാറും കീരവാണി സാറുമെല്ലാം വിളിച്ച് അഭിനന്ദിച്ചിരുന്നു.
ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല അന്ന് ആ കവർ സോങ് ചെയ്തത്. രാജമൗലി സാറായിരിക്കില്ല. ആരെങ്കിലും പറ്റിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തോട് ഞാൻ അത് ചോദിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ടീം ആ സോങ് ഷെയർ ചെയ്തപ്പോഴാണ് ഒറിജിനൽ രാജമൗലി സാർ തന്നെയാണ് വിളിച്ചതെന്ന് എനിക്ക് മനസിലായത്.

കീരവാണി സാറുമായി അതിനുശേഷവും കോൺടാക്ടുണ്ടായിരുന്നു. രാജമൗലി സാറിന്റെ നമ്പർ പോലും ഞാൻ സേവ് ചെയ്തിട്ടില്ലെന്നും അഞ്ജു പറയുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം ഏറെക്കാലം അഞ്ജു സിംഗിൾ ലൈഫായിരുന്നു നയിച്ചിരുന്നത്. അതിനുശേഷം അടുത്തിടെയാണ് സുഹൃത്ത് ആദിത്യയെ അഞ്ജു വിവാഹം ചെയ്തത്. കഴിഞ്ഞ ജന്മത്തിൽ അവൻ എന്തോ പുണ്യം ചെയ്തതുകൊണ്ടാണ് അവന് എന്നെ പോലൊരു സ്ത്രീയെ പങ്കാളിയായി കിട്ടിയത്.
ആദിത്യയെ കല്യാണം കഴിച്ചശേഷമാണ് എന്റെ ജീവിതം മാറിയത്. അതിനുശേഷം നിലത്തിരുന്നിട്ടില്ല. ഷോകളും മറ്റുമായി തിരക്കാണ് നല്ല കാലമാണ്. ലൈഫ് കൂടുതൽ ഈസിയായി തോന്നുന്നു. പതിനെട്ട് വർഷത്തോളം നീണ്ട സൗഹൃദമുണ്ടായിരുന്നതും ദാമ്പത്യത്തിന് ഗുണം ചെയ്തു. സ്കൂളിൽ വെച്ചാണ് കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. വളരെ ശാന്തനാണ്. അണ്ടർസ്റ്റാന്റിങാണ്. എല്ലാവരോടും ദയയോടെ പെരുമാറുന്നയാളാണ്. ആറ് കൊല്ലത്തോളം ഒറ്റയ്ക്കാണ് ഞാൻ താമസിച്ചത്.
അന്നൊന്നും തിരിച്ച് വീട്ടിൽ വരാൻ എനിക്ക് ഒരു കാരണമില്ലായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. എന്റെ വീട് തന്നെ ആദിത്യനാണ്. അവന് എന്നോട് അത്രത്തോളം സ്നേഹമുള്ളതുകൊണ്ടാണ് അന്ന് വിവാഹത്തിന് കരഞ്ഞത്. ഇമോഷൻസ് കാണിക്കുന്ന ആളുകളെയാണ് എനിക്കിഷ്ടം. എല്ലാവരുടേയും ജീവിതത്തിൽ ഒരു ആദിത്യ ഉണ്ടായിരുന്നുവെങ്കിൽ എന്നാണ് എന്റെ ആഗ്രഹമെന്നും അഞ്ജു പറയുന്നു.


Click it and Unblock the Notifications











