ഉറുമിയിലേക്ക് ആദ്യം വിളിച്ചത് എന്നെ, പിന്നീട് ചെയ്തത് നിത്യ; സംഭവിച്ചതെന്തെന്ന് ആൻ അഗസ്റ്റിൻ
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് നടി ആൻ അഗസ്റ്റിൻ. എൽസമ്മ എൻ ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന ആൻ അഗസ്റ്റിൻ ആദ്യ സിനിമയിലൂടെ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റി. ആദ്യ സിനിമയിൽ ടൈറ്റിൽ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാനുള്ള ഭാഗ്യവും ആൻ അഗസ്റ്റിനെ തേടി വന്നു.
പിന്നീട് ആർട്ടിസ്റ്റ്, നീന എന്നീ സിനിമകളിലാണ് നടി ശ്രദ്ധേയ വേഷം ചെയ്തത്. ആർട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നടിക്ക് ലഭിച്ചു. കരിയറിൽ മികച്ച വേഷങ്ങൾ ലഭിച്ച് വരവെയാണ് ആൻ അഗസ്റ്റിൻ ഇടവേളയെടുത്തത്.

അച്ഛന്റെ മരണമുൾപ്പെടെയുള്ള കാരണങ്ങൾ മൂലമായിരുന്നു നടി കുറച്ച് കാലം മാറി നിന്നത്. ബാംഗ്ലൂരിലാണ് നടി താമസിക്കുന്നത്. ഇടവേളയ്ക്ക് ശേഷം പ്രതീക്ഷകൾ നൽകുന്ന ഒരു സിനിമയിലൂടെ തിരിച്ച് വരികയാണ് ആൻ അഗസ്റ്റിൻ. എം മുകുന്ദൻ ആദ്യമായി തിരക്കഥ എഴുതുന്ന, ഹരികുമാർ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെ ആണ് ആൻ അഗസ്റ്റിൻ തിരിച്ചെത്തുന്നത്. സുരാജ് വെഞ്ഞാറമൂടാണ് സിനിമയിലെ നായകൻ. ഒക്ടോബർ 28 നാണ് സിനിമ തിയറ്ററുകളിലെത്തുന്നത്.

ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആൻ അഗസ്റ്റിൻ. തുടക്ക കാലത്ത് താൻ നിരസിച്ച ഒരു സിനിമയെ പറ്റിയും ആൻ അഗസ്റ്റിൻ തുറന്ന് പറഞ്ഞു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഉറുമി എന്ന സിനിമയാണ് നടി വേണ്ടെന്ന് വെച്ചത്. ആൻ അഗസ്റ്റിന് പകരം പിന്നീട് നിത്യ മേനോൻ ആണ് ആ സിനിമ ചെയ്തത്. സിനിമയും നിത്യ മേനോന്റെ കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമ നിരസിക്കാനുണ്ടായ കാരണവും ആൻ അഗസ്റ്റിൻ പറഞ്ഞു. ആദ്യത്തെ സിനിമ എൽസമ്മ എന്ന ആൺകുട്ടിയിൽ എന്നെത്തന്നെ സ്വയം നോക്കിയിട്ട് അടുത്ത സിനിമ ചെയ്യാമെന്നായിരുന്നത്രെ ആൻ അഗസ്റ്റിൻ ഓഫർ നിരസിച്ച് കൊണ്ട് പറഞ്ഞത്.
നിത്യ ബ്രില്യന്റ് പെർഫോമർ ആണ്. അങ്ങനെ ചെയ്യാൻ പറ്റുമെന്നാെന്നും തോന്നുന്നില്ല. പക്ഷെ ആ സിനിമ മിസ് ചെയ്തല്ലോ എന്നെനിക്ക് തോന്നിയിട്ടുണ്ടെന്നും ആൻ അഗസ്റ്റിൻ പറഞ്ഞു. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം. പൃഥിരാജ്, പ്രഭുദേവ, ആര്യ, വിദ്യ ബാലൻ, ജെനീലിയ, നിത്യ മേനോൻ തുടങ്ങിയവർ അഭിനയിച്ച സിനിമ മറുഭാഷകളിൽ മൊഴി മാറ്റിയെത്തിയപ്പോഴും ഹിറ്റായി.

സിനിമകളിൽ നിന്ന് പൂർണമായും മാറി നിന്നിട്ടില്ലെന്നും ബിഗ് സ്ക്രീനിൽ ഇല്ലെങ്കിലും നിർമാണ രംഗത്ത് താനുണ്ടായിരുന്നെന്ന് ആൻ അഗസ്റ്റിൻ പറഞ്ഞു. തുടക്ക കാലത്ത് സിനിമയെ ഗൗരവമായി കണ്ടിരുന്നില്ല. പിന്നീടാണ് ഇത് തിരിച്ചറിഞ്ഞതെന്നും ആൻ അഗസ്റ്റിൻ പറഞ്ഞു. വിട പറഞ്ഞ പിതാവ് നടൻ അഗസ്റ്റിനെക്കുറിച്ചും ആൻ അഗസ്റ്റിൻ സംസാരിച്ചു. സൗഹൃദ മനോഭാവമുള്ളയാളായിരുന്നു പിതാവ്. എല്ലാവരെയും സഹായിക്കുന്ന വ്യക്തിയായിരുന്നെന്നും ആൻ അഗസ്റ്റിൻ പറഞ്ഞു.


Click it and Unblock the Notifications











