ഒരു പാരന്റിനെ ലൂസ് ചെയ്യുന്നതിന്റെ വിഷമം എനിക്കറിയാം, എന്റെ ഇപ്പോഴത്തെ സന്തോഷം: ആൻ അഗസ്റ്റിൻ
ജീവിതതത്തിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി ആൻ അഗസ്റ്റിൻ. അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാനാകുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ആൻ അഗസ്റ്റിൻ പറയുന്നു. മനോരമ ഓൺലെെനിൽ സംസാരിക്കുകയായിരുന്നു നടി. ഇപ്പോൾ ഞാൻ എന്റെ അമ്മയ്ക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. അമ്മയുടെ ആരോഗ്യം മോശമാണ്. എന്ത് കിട്ടിയാലും എക്സ്ട്രാ ആണ്. ഇപ്പോൾ അമ്മ കൂടെയുണ്ട്, അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കാൻ പറ്റുന്നു. എന്നാലും എന്റെയൊരു കാര്യത്തിൽ അമ്മ ഹാപ്പിയായിരിക്കും. അതെനിക്ക് അമൂല്യമാണ്. എപ്പോഴും അതങ്ങനെ ആയിരിക്കണം എന്നെനിക്കുണ്ട്. ഒരു പാരന്റിനെ ലൂസ് ചെയ്യുന്നതിന്റെ വിഷമം എനിക്കറിയാം. ഈ കിട്ടുന്ന ചെറിയ സമയങ്ങളാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതെന്ന് ആൻ അഗസ്റ്റിൻ പറയുന്നു.
അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. കോഴിക്കോട് സ്വദേശിയായിരുന്നു അഗസ്റ്റിൻ. ബാംഗ്ലൂരിലാണ് ആൻ ഇന്ന് കഴിയുന്നത്. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന ആൻ ആദ്യ ചിത്രത്തിലൂടെ തന്നെ ജനപ്രീതി നേടി. ലാൽ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ ആൻ അഗസ്റ്റിൻ നായികയായെത്തി. 2013 ൽ ആർട്ടിസ്റ്റ് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. എന്നാൽ ഒരു ഘട്ടത്തിൽ താരം സിനിമാ രംഗത്ത് സജീവമല്ലാതായി. പിന്നീട് ഇടയ്ക്ക് മാത്രമേ നടി സാന്നിധ്യം അറിയിക്കാറുള്ളൂ.

ആൻ അഗസ്റ്റിനെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ലാൽ ജോസ് സംസാരിച്ചിട്ടുണ്ട്. അഗസ്റ്റിൻ ചേട്ടൻ സുഖമില്ലാതെ കിടക്കുമ്പോൾ ഞാൻ കാണാൻ പോയിരുന്നു. അവിടെ വെച്ചാണ് ആനിനെ കാണുന്നത്. ആനിന്റെ കുസൃതിയെല്ലാം കണ്ടപ്പോൾ എൽസമ്മയാകാൻ പറ്റുമെന്ന് തോന്നി. അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ കാശ് തന്നാൽ എന്തും ചെയ്യും. പക്ഷെ പൂ കൊടുക്കാൻ പോലും സ്റ്റേജിൽ കയറിയിട്ടില്ലെന്ന് ആൻ പറഞ്ഞു.
അഗസ്റ്റിൻ ചേട്ടനോട് ചോദിച്ചപ്പോൾ നീ വെറുതെ പുലിവാൽ പിടിക്കേണ്ട, ഇവളെ ഇന്ന് ഇവിടെ നിർത്തിയാൽ പിന്നെ നോക്കുമ്പോൾ ബാംഗ്ലൂരോ മദ്രാസിലോ ആയിരിക്കും. വിചാരിക്കുന്നത് പോലെ നിനക്ക് കൺട്രോൾ ചെയ്ത് നിർത്താൻ പറ്റില്ല, ഒരു അനുസരണയില്ലെന്ന് അദ്ദേഹം. ആൻ അത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നെന്നും ലാൽ ജോസ് ഓർത്തു. ഷൂട്ട് തുടങ്ങിയപ്പോൾ ആനിന്റെ സ്മാർട്ട്നെസൊക്കെ പോയി.

ആളുകളെ കാണുമ്പോൾ പരിഭ്രമം തോന്നുന്നുണ്ട് നായികയായി മറ്റാരെയെങ്കിലും നോക്കിയാലോ എന്ന് ആൻ ചോദിച്ചു. നെടുമുടി വേണു ഉൾപ്പെടെയുള്ളവർ ധൈര്യം കൊടുത്താണ് ആദ്യത്തെ സീൻ ഷൂട്ട് ചെയ്തത്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ആൻ അഗസ്റ്റിന്റെ പേടിയൊക്കെ മാറിയെന്നും ലാൽ ജോസ് വ്യക്തമാക്കി. ടെെറ്റിൽ ക്യാരക്ടറാണ് എൽസമ്മ എന്ന ആൺകുട്ടിയിൽ ആൻ അഗസ്റ്റിൻ ചെയ്തത്. ആൻ അഗസ്റ്റിന് പുറമെ നെടുമുടി വേണു, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരന്ന സിനിമ കുടുംബപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടി. സിനിമാേട്ടോഗ്രാഫർ ജോമോൻ ടി ജോൺ ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവാണ്. 2014 ൽ വിവാഹിതരായ ഇരുവരും 2020 ൽ വേർപിരിഞ്ഞു. ജോമോൻ ടി ജോൺ അടുത്തിടെ രണ്ടാമത് വിവാഹം ചെയ്തു.


Click it and Unblock the Notifications











