അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ നാഴിയെന്ന് പറഞ്ഞതുപോല, പരസ്പര ബന്ധമില്ലാത്ത മറുപടികൾ, ഭാഷയിലും കൃത്രിമത്വം!
വിവാഹത്തോടെ അഭിനയ ജീവിതം ഉപേക്ഷിച്ച ആനി മിനിസ്ക്രീനിൽ അവതാരക റോളിൽ സജീവമാണ്. ആനി ആങ്കറായ ആനീസ് കിച്ചൺ എന്ന പ്രോഗ്രാമിന് നിരവധി പ്രേക്ഷകരുണ്ട്. ഷോ മിക്കപ്പോഴും ചർച്ച വിഷയമായി മാറുന്നത് പരിപാടിയിൽ അതിഥികൾ വരുമ്പോൾ അവരുമായുള്ള സംസാരത്തിനിടയിൽ ആനി നടത്തുന്ന ചില പ്രസ്താവനകൾ കൊണ്ടാണ്.
അടുത്തിടെ നടി പ്രിയങ്ക നായർ ഗസ്റ്റായി എത്തിയപ്പോൾ ശരീര ഭാരം കുറച്ച് മെലിഞ്ഞതിന്റെ പേരിൽ ബോഡി ഷെയ്മിങ് കമന്റ് പറഞ്ഞതിനും ഫെമിനിസത്തെ ഗസ്റ്റ് പരിഹസിച്ചപ്പോൾ അതിനൊപ്പം നിന്ന് പിന്തുണച്ചതിനും എല്ലാം ആനി വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇതിനെതിരെ സോഷ്യൽമീഡിയയിൽ നടിക്ക് എതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നുവെങ്കിലും ആനി ഒന്നിനോടും പ്രതികരിച്ചിരുന്നില്ല.

എന്നാൽ മകൻ റുഷിന്റെ യുട്യൂബ് ചാനൽ വഴി വിമർശനങ്ങൾ ആനി മറുപടി നൽകി. ആരെയും ബോഡി ഷെയ്മിങ് നടത്തണമെന്ന് താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചോദിച്ചത് നാട്ടുനടപ്പിന്റെ ഭാഗമായ ചില ചോദ്യങ്ങൾ മാത്രമാണെന്നുമാണ് ആനി പറഞ്ഞത്. 1993ൽ ഞാൻ സിനിമയിലേക്ക് വരുമ്പോൾ പതിനഞ്ചുവയസാണ്. ആ സമയം മുതൽ ഞാൻ സമ്പാദിച്ച് തുടങ്ങിയതാണ്. അത് എനിക്ക് അഭിമാനം ആയിരുന്നു. എന്റെ ഇഷ്ടത്തിന് ഞാൻ അഭിനയിച്ചു.
എനിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചു. എനിക്ക് മൂന്ന് കുഞ്ഞുങ്ങളുമായി. പെൺകുട്ടികൾ അന്നത്തെ സൊസൈറ്റിയിൽ നിന്ന് പല ചോദ്യങ്ങളും നേരിട്ടിരുന്നു. അന്നൊക്കെ പെൺകുട്ടികൾ അടിച്ചമർത്തി പെട്ടിരുന്നു. അവർക്കൊക്കെ കഴിവുകളും ഉണ്ടായിരുന്നു. അവരെ ഒക്കെ മുൻനിരയിലേക്ക് കൊണ്ട് വരണമായിരുന്നു അതായിരുന്നു ഫെമിനിസം.
പിന്നെ സ്ത്രീകൾക്ക് മാത്രമല്ല എല്ലാവർക്കും കുക്കിങ് അറിയണം. എന്നെ എന്റെ ഏട്ടനും മക്കളും അടുക്കളയിൽ ഹെൽപ് ചെയ്യാറുണ്ട് എന്നാണ് ഫെമിനിസം അമ്മയുടെ കാഴ്ചപ്പാടിൽ എന്താണെന്ന് റുഷിൻ ചോദിച്ചപ്പോൾ ആനി നൽകിയ മറുപടി. പക്ഷെ ആനിയുടെ വിശദീകരണ വീഡിയോ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ വിമർശനമാണ് ഏറെയും വന്നത്.
ഷോയിൽ പറഞ്ഞ കാര്യങ്ങളും ആനി നൽകിയ വിശദീകരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് കമന്റുകൾ. അരിയെത്ര എന്ന് ചോദിച്ചപ്പോൾ പയർ നാഴിയെന്ന് പറഞ്ഞതുപോലെയാണ് ആനിയുടെ മറുപടി കേട്ടപ്പോൾ തോന്നിയതെന്നായിരുന്നു പ്രേക്ഷക പ്രതികരണങ്ങൾ. പ്രിവിലേജ്ഡ് ആയിട്ടുള്ള സ്ത്രീകൾ പാട്രിയാർക്കിയെ സപ്പോർട്ട് ചെയ്യുമ്പോൾ അത് മൂലം കഷ്ടപ്പെടുന്ന മിഡിൽ ക്ലാസ് സ്ത്രീകൾ ഉണ്ടെന്ന് മറക്കരുത് എന്നായിരുന്നു ഒരാൾ കുറിച്ചത്.

ചോദ്യം ഒന്ന് ഉത്തരം വേറെ എന്തോ ഒന്ന്. കല്യാണവും പാചകവും അല്ല ജീവിതമെന്ന് അമ്മയ്ക്ക് മകൻ പറഞ്ഞ് കൊടുക്കണം, ആനിക്ക് പെൺമക്കൾ ഇല്ലാത്തതിന്റെ കുഴപ്പമാണ്. അവർ ഉണ്ടായിരുന്നുവെങ്കിൽ എല്ലാം കൃത്യമായി പറഞ്ഞ് കൊടുക്കുമായിരുന്നു. ആനിക്ക് അറിയാം സ്വന്തം ഇഷ്ടത്തിന് അഭിനയിച്ചു, ഇഷ്ടമുള്ള ആളെ കല്യാണം കഴിച്ചു, ഇഷ്ടമുള്ളത് പോലെ ജീവിക്കുന്നു എന്ന്.
ഈ ഒരു പൊസിഷനിൽ ഇരുന്ന് അടിച്ചമർത്തപെടുന്നവർക്ക് വേണ്ടി സംസാരിക്കുന്നവരെ പരിഹസിച്ച് എന്തുവാ ഈ ഫെമിനിസം എന്നൊക്കെ ചോദിക്കാൻ ചേച്ചിക്ക് എങ്ങനെ കഴിയുന്നു. ഈ സമൂഹത്തിലെ പഴഞ്ചൻ രീതികൾക്കെതിരെ പ്രതികരിച്ച് തുല്യ നീതിക്ക് വേണ്ടി സംസാരിക്കുന്നവർ പുരുഷന് വില കൊടുക്കാതെ അവരെ തള്ളികളയണം എന്നല്ല പറയുന്നത്. സ്ത്രീക്ക് ആരുടേയും മുകളിൽ അധികാരം വേണമെന്നല്ല സ്ത്രീയായത് കൊണ്ട് അവഗണന നേരിടുന്നത്, അശ്ലീലം കേൾക്കേണ്ടി വരുന്നത്, സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത്, വിദ്യാഭ്യാസം മുടക്കുന്നത്,
കുടുംബത്തിന് ഭാരമായി കണക്കാക്കി നേരത്തെ വിവാഹം കഴിപ്പിച്ചയക്കുന്നത്, ഭർത്താവിന്റെയും വീട്ടുകാരുടെയും മുന്നിൽ ഭയന്ന് ജീവിക്കേണ്ടി വരുന്നത്, പ്രതികരിക്കുന്ന സ്ത്രീകളെ ചട്ടമ്പി എന്ന് മുദ്ര കുത്തുന്നത് അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളെ നേരെയാക്കാൻ വേണ്ടി സംസാരിക്കുന്നവരെയാണ് നിങ്ങളീ എന്തുവാ ഫെമിനിസം എന്ന ഒറ്റ പുച്‌ഛം കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നിങ്ങനെയാണ് പ്രേക്ഷകരിൽ നിന്നും വന്ന പ്രതികരണങ്ങൾ. മാത്രമല്ല ടിവി ഷോകളിൽ വരുമ്പോൾ മാത്രം കോട്ടയം സ്ലാങ് കൃത്രിമമായി സംസാരിക്കുന്നതിനും ആനിയെ ചിലർ വിമർശിച്ചു.


Click it and Unblock the Notifications











