സ്വാസികയുടെ സംസ്ഥാന പുരസ്‌കാരം മോഷണം പോയി; നടന്‍ സിജു വിത്സനൊരുക്കിയ പണിയില്‍ കുടങ്ങി നടി
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വാഭവ നടിയ്ക്കുള്ള അംഗീകാരം നേടിയെടുത്തത് നടി സ്വാസിക വിജയ് ആയിരുന്നു. കഴിഞ്ഞ ദിവസം വിതരണം ചെയ്ത പുരസ്‌കാരം സ്വാസികയും ഏറ്റു വാങ്ങിയിരുന്നു. വേദിയില്‍ നിന്നുള്ള നിരവധി ഫോട്ടോസ് നടി തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തു.
എന്നാല്‍ സ്വാസികയുടെ സംസ്ഥാന പുരസ്‌കാരം മോഷ്ടിക്കപ്പെട്ടു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ തരംഗമാവുന്നത്. മറ്റൊരാളുടെ പുരസ്‌കാരമൊക്കെ ആരെങ്കിലും മോഷ്ടിക്കുമോ എന്ന് ചോദിക്കാന്‍ വരട്ടെ. ഇതിന് പിന്നില്‍ രസകരമായൊരു കഥ കൂടി നടന്നിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. സ്വാസികയെ പറ്റിക്കുന്നതിന് വേണ്ടി അനൂപ് പന്തളം ഒരുക്കിയ പണിയാണ് ഇത്.

ഗുലുമാല്‍ പ്രാങ്ക് വീഡിയോയിലൂടെ ശ്രദ്ധേയനായ അനൂപ് പന്തളം പല പ്രമുഖ താരങ്ങളെയും പ്രാങ്ക് ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ അവസരം കിട്ടിയത് സ്വാസികയ്ക്ക് ആയിരുന്നു. വാസന്തി എന്ന സിനിമയിലൂടെയാണ് സ്വാസികയ്ക്ക് അംഗീകാരം ലഭിച്ചത്. ഈ സിനിമയ്ക്ക് മാത്രം ആറ് പുരസ്‌കാരങ്ങളായിരുന്നു ലഭിച്ചത്. സംസ്ഥാന പുരസ്‌കാരദാന ചടങ്ങിന് ശേഷം സ്വാസികയും വാസന്തി സിനിമയുടെ സംവിധായകരായ ഷിനോസ് റഹ്മമാന്‍-സജാസ് റഹ്മാനും നിര്‍മാതാവും നടനുമായ സിജു വിത്സണും ഒന്നിച്ചുള്ള അഭിമുഖം നടത്തിയിരുന്നു.

ഈ സമയത്ത് തൊട്ടടുത്തുള്ള മേശയില്‍ പുരസ്‌കാര ഫലകങ്ങളെല്ലാം വെക്കുകയും ചെയ്തു. അഭിമുഖം ഒരു വശത്ത് നടക്കുമ്പോള്‍ അനൂപും കൂട്ടരും ചേര്‍ന്ന് സ്വാസികയുടെ ഫലകം എടുത്ത് മാറ്റി വെക്കുകയായിരുന്നു. ഒടുവില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഒരെണ്ണം മാത്രം കാണാനില്ല. എല്ലാവരും ടെന്‍ഷനിലായി. ഒരു യുവാവ് ഫലകവുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി ആരോ സ്വാസികയോട് പറഞ്ഞു. ഇതോടെ സിജു വിത്സണ്‍ പോലീസിനെ വിളിക്കുന്നു.

പുരസ്‌കാരം വാങ്ങിയത് മുതല്‍ സ്വാസികയെ പിന്തുടര്‍ന്ന സംഘം തന്നെയാണ് അവിടെ അഭിമുഖം ഒരുക്കിയത്. സ്വാസിക അടക്കമുള്ളവരുടെ കൈയില്‍ നിന്നും പുരസ്‌കാരം വാങ്ങി മേശയില്‍ വച്ച ഉടന്‍ അനൂപിന്റെ സുഹൃത്ത് അതുമായി കടന്ന് കളയുകയായിരുന്നു. തുടക്കത്തില്‍ ശക്തമായി നിന്നെങ്കിലും അവസാനം കരച്ചിലിന്റെ വക്കിലെത്തിയ സ്വാസികയ്ക്ക് മുന്‍പില്‍ സത്യം തുറന്ന് പറഞ്ഞു. വാസ്തവത്തില്‍ നടന്‍ സിജു വിത്സണ്‍ കൂടി അറിഞ്ഞ് കൊണ്ടാണ് സ്വാസികയെ പറ്റിച്ചത്. പോലീസ് എന്ന് പറഞ്ഞ് സിജു വിളിച്ചത് അനൂപിനെയായിരുന്നു. മുന്‍പ് സിജുവിനും അനൂപും സംഘവും ഇതുപോലെ വിളിച്ച് പറ്റിച്ചിരുന്നു.

വാസന്തിയില്‍ അവള്‍ റിലാക്‌സഡ് ആയി അഭിനയിച്ചത് അല്ലേ. ഇച്ചിരി ടെന്‍ഷന്‍ ആകട്ടേ എന്ന് കരുതി. എനിക്ക് കിട്ടിയത് ആര്‍ക്കെങ്കിലും കൊടുക്കണ്ടേ എന്നാണ് കരുതിയത്. തനിക്ക് അവാര്‍ഡ് കിട്ടിയാല്‍ കൈയില്‍ നിന്നും നിലത്ത് വെക്കില്ലെന്ന് പറഞ്ഞ ആളാണ് സ്വാസികയെന്നും സിജു സൂചിപ്പിച്ചു. അപ്പോള്‍ നമ്മള്‍ പോലീസിനെ വിളിച്ചതോ എന്ന് നടി ചോദിച്ചപ്പോള്‍ പോലീസ് ആരാണെന്ന് കൂടി താരം വെളിപ്പെടുത്തുന്നു.
ഗുലുമാൽ വീഡിയോ കാണാം


Click it and Unblock the Notifications