സെറ്റിലും യൂണിറ്റ് ബസിന് പുറകിലിരുന്നും സീനുകൾ എഴുതിയവരാണ്! സ്വന്തം സിനിമയെ പറ്റി അഭിരമിക്കുന്നില്ലെന്ന് അനൂപ്
മലയാള സിനിമയിലെ ഒരുപിടി നല്ല കഥാപാത്രങ്ങളും സിനിമയും സമ്മാനിച്ച ഹിറ്റ് കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും. നടന്‍ എന്നതിലുപരി തിരക്കഥാകൃത്ത് കൂടിയായ ശ്രീനിവാസന്‍ കഥയൊരുക്കിയ പല സിനിമകളും സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടായിരുന്നു. ഇതേ കൂട്ടുക്കെട്ടിലെത്തിയ സിനിമകളെല്ലാം പ്രേക്ഷകരുടെ മനസില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നതുമാണ്.
എന്നാല്‍ സ്വന്തം സിനിമകളെ പറ്റി പറഞ്ഞ് സ്വയം അഭിരമിക്കുന്നവരല്ല ഇവരെന്ന് പറയുകയാണ് അനൂപ് സത്യന്‍. സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് തന്റെ പിതാവിനെ കുറിച്ചും നടന്‍ ശ്രീനിവാസനെ കുറിച്ചും മാതൃഭൂമിയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് അനൂപ് പങ്കുവെച്ചത്.

ഷൂട്ടിങ് സെറ്റുകളിലും യൂണിറ്റ് ബസിന് പിറകിലും ഇരുന്നു സീനുകള്‍ എഴുതി, അടുപ്പിച്ച് സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടാക്കിയവരാണ് അച്ഛനും ശ്രീനിയങ്കിളും. എങ്കിലും അമിതമായ ആത്മവിശ്വാസമില്ലാതെ, കാലവും ജീവിതരീതിയും മാറിയത് ശ്രദ്ധിച്ച് വ്യക്തമായ ഹോംവര്‍ക്ക് ചെയ്താണ് അടുത്ത സിനിമയ്ക്കുവേണ്ടി അവര്‍ തയ്യാറെടുക്കുന്നതെന്ന് അനൂപ് പറയുന്നു.
ഈയടുത്ത് അച്ഛന്റെ കൂടെ ശ്രീനി അങ്കിളിന്റെ എറണാകുളത്തെ വീട്ടില്‍ പോയപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യമുണ്ടെന്നാണ് അനൂപ് പറയുന്നത്. ഈ ജോലി ഒരു എളുപ്പപ്പണിയാണ് എന്നൊരു തോന്നല്‍ ഈ രണ്ടാള്‍ക്കുമില്ല. ചെയ്തുവെച്ച ഗംഭീര സിനിമകളെപ്പറ്റി പറഞ്ഞ് സ്വയം അഭിരമിക്കുന്നുമില്ല.
'നാടോടിക്കാറ്റ് റിലീസായിട്ട് ഇന്നലെ 36 വര്‍ഷം കഴിഞ്ഞു ശ്രീനി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ഓ എന്ന ഒറ്റയക്ഷരം മാത്രമായിരുന്നു ശ്രീനി അങ്കിളിന്റെ മറുപടി. പിന്നെ അവര്‍ അടുത്ത സിനിമയുടെ ചര്‍ച്ചകളിലേക്ക് കയറി. നാലു പതിറ്റാണ്ടുകളിലേക്കെത്തുന്ന 'സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍' എന്ന ബ്രാന്‍ഡിന് ഇപ്പോഴും വിപണിമൂല്യം ഉള്ളതിന്റെ പ്രധാന കാരണം ഇതാണ് എന്നെനിക്കു തോന്നി.
പഴയകാര്യങ്ങള്‍ പറയുന്നതിന്റെ ഇടയ്ക്ക് ശ്രീനിയങ്കിള്‍ ഒരു കൈനോട്ടക്കാരന്റെ കഥ പറഞ്ഞു. സിനിമയില്‍ വരുന്നതിന് വളരെ മുന്‍പ് ഒരു സുഹൃത്ത് അദ്ദേഹത്തെ ഒരു കൈനോട്ടക്കാരന്റെ അടുത്തേക്ക് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. നിങ്ങള്‍ സിനിമപോലൊരു രംഗത്ത് കഴിവ് തെളിയിച്ച് ദേശീയ പുരസ്‌കാരങ്ങളടക്കം നേടുമെന്ന് അയാള്‍ പറഞ്ഞതും ഒരു ചിരിയോടെ താന്‍ അതവിടെവെച്ചു തന്നെ മറന്നുകളഞ്ഞതിനെപ്പറ്റിയും പറഞ്ഞു.
പിന്നീട് ഒരു അഭിമുഖത്തില്‍ ഈ കഥകേട്ട് അയാളുടെ മകന്‍ ശ്രീനിയങ്കിളിനെ തിരക്കി വന്നു. മകനോട് ഇതിനെപ്പറ്റി അയാള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അടുക്കിവെച്ചിരുന്ന ഒരു മുറി പിന്നീട് അലങ്കോലമായത് പോലെ, തന്റെ അവസാനകാലത്ത് പ്രവചനങ്ങളും ഓര്‍മകളും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ് അദ്ദേഹം മരിച്ചുപോയതെന്നും അയാള്‍ ശ്രീനിയങ്കിളിനോട് പറഞ്ഞു.

'സ്വന്തം കഴിവ് കൊണ്ടാണ് ഞാന്‍ ഇവിടെ വരേക്കും എത്തിയതെന്ന ഒരു വിശ്വാസം ആ നിമിഷം എനിക്കില്ലാതായി. ഇതൊക്കെ ആരോ മുമ്പെഴുതിവെച്ച ഒരു തിരക്കഥയിലെ സീനുകള്‍ മാത്രമാണ്. ഓരോ സിനിമയും ഓരോ നിയോഗമാണെന്നും', ശ്രീനിയങ്കിള്‍ പറഞ്ഞതായി അനൂപ് കൂട്ടിച്ചേര്‍ത്തു.
നല്ല തിരക്കഥയുണ്ടാക്കാന്‍ വേണ്ടത് ഒറ്റവരിയിലുള്ള രസകരമായൊരു വിഷയമാണെന്ന് അച്ഛന്‍ തന്നെ പറഞ്ഞ് തന്നിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ 'ഞാന്‍ പ്രകാശന്‍', എന്ന സിനിമയുടെ ആശയം ഉണ്ടാവുന്നതും അതുപോലെയാണ്. മലയാളികളുടെ സ്വഭാവസവിശേഷതകള്‍ വെച്ചൊരു സിനിമ ചെയ്യാമെന്ന ആശയമാണ് ആ സിനിമയിലേക്ക് എത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നതിലുപരി സിനിമാ സംവിധായകനാണ് അനൂപ് സത്യന്‍. ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത് കൊണ്ടായിരുന്നു അനൂപ് സംവിധാനത്തിലേക്ക് കടന്ന് വരുന്നത്. പിന്നീട് 'വരനെ ആവശ്യമുണ്ട്', എന്ന സിനിമ സംവിധാനം ചെയ്തു. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications











