ആളുകൾ കൂവുമെന്ന് ഞാൻ, ഇറക്കി വിടുമെന്ന് മമ്മൂക്ക; ഇംഗ്ലീഷ് പറഞ്ഞാൽ സിനിമ ചെയ്യാം: അൻസാർ കലാഭവൻ
മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷൻ സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകാറുണ്ട്. വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കാൻ മമ്മൂട്ടിക്ക് സാധിക്കുന്നു. പുതുമുഖ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ഒപ്പം പ്രവർത്തിക്കാൻ മമ്മൂട്ടി എപ്പോഴും തയ്യാറാകുന്നു. തെന്നിന്ത്യയിലെ മറ്റൊരു സൂപ്പർതാരവും ഈ ധെെര്യം കാണിക്കാറില്ല. മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടനും തിരക്കഥാകൃത്തുമായ അൻസാർ കലാഭവൻ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
മമ്മൂക്കയോട് ഞാൻ ഒന്ന് രണ്ട് കഥകൾ പറഞ്ഞിരുന്നു. അതിലൊന്നാണ് ജോസേട്ടന്റെ ഹീറോ. പണ്ട് വാത്സല്യം സിനിമയുടെ സമയത്ത് അദ്ദേഹത്തിന്റെ സന്തതസഹചാരി ഞാനാണ്. പുള്ളി രാവിലെ വീട്ടിൽ വരും. ഞാൻ പല്ല് തേച്ചിട്ട് പോലുമുണ്ടാകില്ല. എഴുന്നേൽക്കെടോ വാ പോകാം എന്ന് പറയും. പോകുന്ന വഴി എന്നോട് കഥകൾ പറയും. ജോണി വാക്കറുടെ കഥ പുള്ളി കാറിലിരുന്ന് എന്നോട് പറഞ്ഞതാണ്. കൗരവർ എന്ന സിനിമയുടേതും. കൗരവറിലെ ക്ലെെമാക്സ് എനിക്ക് ഭയങ്കര ഇഷ്ടമായി.

ഇത് അപാരമാണെന്ന് ഞാൻ പറഞ്ഞു. പുള്ളിക്ക് അതൊക്കെ ഭയങ്കര ഇൻസ്പിരേഷനാണ്. ചിലത് എനിക്കിഷ്ടമായില്ലെന്ന് പറയും. അതെന്താ തനിക്കിഷ്ടപ്പെടാത്തത്, അത് ഇങ്ങനെയല്ലേ, അങ്ങനെയല്ലേ എന്ന് പറയും. അപ്പോൾ ചൂടാകും. എനിക്കിഷ്‌ടമായില്ലെന്ന് ഞാൻ പറയും. ഒരു സിനിമയുടെ കഥ പറഞ്ഞപ്പോൾ ആളുകൾ കൂവുമെന്ന് ഞാൻ പറഞ്ഞു. അത് തനിക്ക് തോന്നുകയാണ്, ഞാനിപ്പോൾ ഇറക്കി വിടുമെന്നായി അദ്ദേഹം. ഇറക്കി വിട്ടോ എന്ന് ഞാനും. അങ്ങനെ ആ സിനിമ മുന്നോട്ട് പോയി. സിനിമ ഇറങ്ങി. കറക്ട് ഞാൻ പറഞ്ഞ സ്ഥലത്ത് ആളുകൾ കൂവി. അന്ന് രാത്രി അദ്ദേഹം എന്നെ വിളിച്ചു. നീ പറഞ്ഞത് ശരിയാണ് എന്ന് പറഞ്ഞു.
അങ്ങനെ സമ്മതിക്കും. പക്ഷെ കഥ പറയാൻ പോയാൽ സമ്മതിക്കില്ല. എനിക്കൊരു സ്ക്രിപ്റ്റ് താ എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു ത്രെഡ് ഉണ്ടെന്ന് പറഞ്ഞപ്പോൾ വേണ്ട, ത്രെഡ് ഒന്നും പറയേണ്ടെന്ന് പറഞ്ഞു. പുള്ളിക്കൊപ്പം സിനിമ ചെയ്യണമെങ്കിൽ ഒന്നുകിൽ വലിയ സംവിധായകനായിരിക്കണം. അല്ലെങ്കിൽ ഒരു പരിചയവുമില്ലാത്ത, കുറേ ഇംഗ്ലീഷ് വാക്കുകൾ പറയുന്ന ആളായിരിക്കണം. അങ്ങനെയുള്ളവരെ ശ്രദ്ധിക്കും.

ഇംഗ്ലീഷും താടിയും കുളിക്കാത്ത അവസ്ഥയുമെല്ലാം കാണുമ്പോൾ പുള്ളി ഭയങ്കര ആളാണെന്ന് വിചാരിക്കുമെന്നും അൻസാർ കലാഭവൻ പറയുന്നു. ഒരു താരത്തെ സിനിമയ്ക്കായി സമീപിച്ചിരുന്നു. എന്നോട് നോ പറയാൻ പറ്റാത്ത കണക്ഷനുള്ള താരമാണ്. ഇക്ക, നമുക്ക് ഇരിക്കാം എന്ന് പറഞ്ഞ് രണ്ട് മൂന്ന് പ്രാവശ്യം ഒഴിഞ്ഞ് മാറി. പിന്നെ ഞാൻ പോയില്ലെന്നും അൻസാർ കലാഭവൻ പറയുന്നു.
കഴിഞ്ഞ ദിവസമാണ് 55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന സിനിമയിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഷംല ഹംസയാണ് മികച്ച നടി. ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലെ പ്രകടനമാണ് ഷംല ഹംസയെ പുരസ്കാരത്തിന് അർഹയാക്കിയത്.


Click it and Unblock the Notifications