നടന്നത് ചരിത്രം, അമ്മയിൽ നിന്ന് പോയവരെ തിരിച്ച് വിളിക്കണം; കൂട്ടരാജിക്ക് പിന്നാലെ അൻസിബ ഹസൻ
അമ്മ നേതൃത്വം രാജി വെച്ചതിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായായിരിക്കും അമ്മയിൽ ഇങ്ങനെ ഒരു സംഭവം. എല്ലാ കാര്യങ്ങളും വിശദമായി മെമ്പേർസിനെ അറിയിച്ചു. എല്ലാവരും അവരവരുടെ അഭിപ്രായം കൃത്യമായി അറിയിച്ചു. കൃത്യമായ വരവ് ചെലവ് കണക്കുകൾ ഈ ജനറൽ ബോഡിയിൽ കാണിക്കാൻ പറ്റിയിട്ടില്ല. അത് ഒരുപാട് തവണ കമ്മറ്റി അംഗങ്ങൾ ചോദിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങൾക്ക് 45 ദിവസം തരാമോ എന്ന ബാലിശമായി ചോദിച്ചു. അതൊന്നും വിലപ്പോയില്ല. വരവ് ചെലവ് കണക്കുകളുടെ കൃത്യതക്കുറവ് തന്നെയാണ് ആദ്യമായിട്ട് പ്രധാന ഇഷ്യു ആയി നിലനിന്നത്. അത് പോലെ നീന കുറുപ്പ് ചേച്ചിയുടെ കുറച്ച് പ്രശ്നങ്ങൾ. ഞാനുന്നയിച്ച കാര്യങ്ങളുണ്ടായിരുന്നു. അക്കാര്യങ്ങളെല്ലാം കൃത്യമായി ഈ ജനറൽ ബോഡിയിൽ എനിക്ക് സംസാരിക്കാൻ പറ്റിയെന്നും അൻസിബ പറയുന്നു.

ഉച്ചയ്ക്ക് ശേഷമാണ് എനിക്ക് സംസാരിക്കാൻ അവസരം കിട്ടിയത്. ആ അവസരം ചോദിച്ച് വാങ്ങിച്ചതാണ്. അതിൽ അമ്മയിലെ ഓരോ അംഗങ്ങളോടും നന്ദി പറയുന്നു. ഉച്ചവരെ എനിക്കങ്ങനെ അവസരം തരാൻ തയ്യാറായിരുന്നില്ല ഈ കമ്മിറ്റി. അംഗങ്ങൾ എന്റെ കൂടെ നിന്ന് എനിക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി തന്നു. എന്തെല്ലാം കാര്യങ്ങളാണോ ഞാൻ മീഡിയയുടെ മുന്നിൽ വന്ന് പറഞ്ഞിരുന്നത് അതേ കാര്യങ്ങളാണ് എനിക്ക് അമ്മയിലും പറയാനുണ്ടായിരുന്നത്. അത് പോലെ വരവ് ചെലവ് കണക്കുകളിലെ കൃത്യതക്കുറവ് ഞാൻ ആദ്യം മുതലേ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.
നീതിന്യായ വ്യവസ്ഥയിൽ മുന്നോട്ട് പോകുമ്പോൾ ഒരുപാട് നടപടിക്രമങ്ങളുണ്ട്. അത് തരണം ചെയ്ത് വേണം നീതി എനിക്ക് ലഭിക്കാൻ. ആ നീതിക്കായി ഇനിയും ഞാൻ മുന്നോട്ട് പോകും. അതിൽ നിന്നും ഒരു തരി പോലും പിന്നോട്ടില്ല. ഇന്നിവിടെ നടന്നത് ചരിത്രപരമായ തീരുമാനമായിരുന്നു. ഇനിയെനിക്ക് സംഘടനയിൽ പറയാനുള്ളത് അതിജീവിതയുൾപ്പെടെ അമ്മയിൽ നിന്ന് പോയ എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്ന് ഇപ്പോൾ രാജിവെച്ച നേതൃത്വം പറഞ്ഞിരുന്നു. ഇവിടെ നിന്ന് പോയവരെ തിരിച്ച് വിളിക്കണം എന്നത് ഇനി വരാൻ പോകുന്ന കമ്മിറ്റിയോടുള്ള എന്റെ ആദ്യത്തെ അഭ്യർത്ഥനയാണ്.
താരസംഘടനയിൽ നിന്നും രാജി വെക്കാൻ കാരണം ടിനി ടോമിന്റെ കുപ്രചരണങ്ങളാണെന്നാണ് അൻസിബ നേരത്തെ പറഞ്ഞത്. ഇതിൽ നിന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. ഈ കമ്മിറ്റിയിൽ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതൽ അനുഭവിക്കാൻ തുടങ്ങിയതാണ്. ഒരു കമ്മിറ്റിയാകുമ്പോൾ എല്ലാവർക്കും ഒരേ അഭിപ്രായം ആകണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിന്റെ പേരിൽ വ്യക്തി വെെരാഗ്യമാണ് കാണിച്ച് കൊണ്ടിരിക്കുന്നത്. എനിക്ക് ഈ ലോകത്തിൽ അവിഹിതമുണ്ടാകാൻ ബാക്കിയൊരാളുണ്ടോ എന്നെനിക്ക് അറിയില്ല. മറ്റ് പലരോടും ഇത് പറഞ്ഞിട്ട് അവർ എന്നോട് വന്ന് പറയുന്നു. ഞാനത് സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണത്.
അത് കഴിഞ്ഞ് എനിക്ക് തീരെ സഹിക്കാൻ പറ്റാതായത് ഞാൻ ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രെെവറെ ഉൾപ്പെടെ കൺവേർട്ട് ചെയ്യാൻ ശ്രമിച്ചു എന്ന ആരോപണമാണ്. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ ഞാനെങ്ങനെയാണ് ഒരു കമ്മിറ്റിയിൽ ഇരിക്കുക. അറപ്പ് തോന്നും. നീന കുറുപ്പ് ചേച്ചിയാണ് കേട്ട കാര്യം എന്നോട് വന്ന് പറഞ്ഞത്. അവർ ഔദ്യോഗികമായി അമ്മയിലേക്ക് പരാതിയും അയച്ചിട്ടുണ്ട്.
ഞാൻ ചോദിക്കാൻ പോയിട്ടില്ല. കാരണം എങ്ങനെ ചോദിക്കാൻ പറ്റും. ഇത്രയും നാളായി കണ്ട് കൊണ്ടിരിക്കുന്നയാൾ വ്യക്തി വെെരാഗ്യം കാരണം ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇസ്ലാമിലേക്ക് കൺവേർട്ട് ചെയ്യാൻ ശ്രമിച്ചെന്ന് പറയാൻ അയാൾക്കെങ്ങനെ തോന്നി. എന്റെ പേര് അൻസിബ ഹസൻ എന്നായത് കൊണ്ട് മാത്രമല്ലേ അങ്ങനെയൊക്കെ പറയുന്നതെന്ന് അൻസിബ ചോദിച്ചു.


Click it and Unblock the Notifications