മാധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരമില്ല, പണ്ട് ചോദ്യങ്ങൾ ഇല്ലായിരുന്നു; അസാന്നിധ്യത്തിന് കാരണം!
വിവാദങ്ങൾക്കിടെ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. ജോയിന്റ് സെക്രട്ടറിസ്ഥാനത്ത് നിന്ന് രാജിവെച്ച നടി അൻസിബ ഹസൻ നടൻ ടിനി ടോമിനും നടി ലക്ഷ്മിപ്രിയക്കും എതിരേ നൽകിയ പരാതികൾ അടക്കം ജനറൽ ബോഡിയിൽ ചർച്ചയ്ക്ക് വെച്ചിരുന്നു. മാത്രമല്ല ഭരണസമിതിയിൽ വീണ്ടും കൂട്ടരാജിയുമുണ്ടായി. മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ള കടുത്ത പ്രതിസന്ധിയിലൂടെയാണ് താരസംഘടന ഇപ്പോൾ കടന്നുപോകുന്നത്.
മാത്രമല്ല പ്രമുഖ താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. യുവതാരനിരയിലുള്ള ആസിഫ് അലി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവരും കഴിഞ്ഞ കുറച്ച് നാളുകളായി അമ്മയുടെ യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാൻ എത്താറുമില്ല.

പ്രധാനപ്പെട്ട താരങ്ങളുടെ അസാന്നിധ്യത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അൻസിബ ഹസൻ മനസ് തുറന്നു. മാധ്യമങ്ങൾ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരമില്ലാത്തതുകൊണ്ടാകാം അവരൊന്നും പങ്കെടുക്കാത്തത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന് അൻസിബ പറയുന്നു. എന്റെ മനസിൽ തോന്നിയൊരു കാര്യം പറയാം... അവർ അങ്ങനെയാണോ ചിന്തിച്ചതെന്ന് എനിക്ക് അറിയില്ല.
മാധ്യമങ്ങൾ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരമില്ല. മാത്രമല്ല അവരുടെ ക്രെഡിബിലിറ്റിയെ ബാധിക്കുന്ന ചോദ്യങ്ങളാണ്. ഉത്തരങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അവർ ചിലപ്പോൾ വന്നേനെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സംഘടനയുടെ നേതൃത്വത്തിൽ നിന്നുള്ള ആളുകൾ ഒരു കൃത്യമായ ഉത്തരം ഇവർക്ക് കൊടുത്തിരുന്നുവെങ്കിൽ ആ ഉത്തരം ഇവർക്കും പറയാൻ കഴിയുമായിരുന്നു.
സംഘടന അക്കൗണ്ടബിൾ ആയിരുന്നുവെങ്കിൽ ഈ ആളുകൾക്കൊന്നും വരുന്നതിൽ പ്രശ്നമുണ്ടാവില്ലായിരുന്നു. കൃത്യമായ ഉത്തരങ്ങൾ എല്ലാ ചോദ്യങ്ങൾക്കും ഉണ്ടായിരുന്നുവെങ്കിൽ എല്ലാവരും അവിടെ വരും. പണ്ട് ഒരു ചോദ്യങ്ങളും അവിടെ ഇല്ലായിരുന്നു. അതുകൊണ്ടാണ് സംഘടനയിൽ എല്ലാവരും ഉണ്ടായിരുന്നത്. ചോദ്യങ്ങൾ വരാൻ തുടങ്ങിയശേഷമാണ് പലരും അപ്രത്യക്ഷമായി തുടങ്ങിയത്. അതല്ലേ അതിന്റെ സത്യം.
ചോദ്യങ്ങൾക്കുള്ള ഉത്തരം എല്ലാവരുടേയും കയ്യിൽ ഉണ്ടായിരുന്നുവെങ്കിൽ എല്ലാവരും വരും. ഇനിയും അത് തീർച്ചയായും സാധ്യമാണ്. വെൽഫെയർ ആക്ടിവിറ്റീസൊക്കെ വളരെ ഈസിയായി സംഘടനയിൽ നടന്ന് പോകുന്നുണ്ട്. ദിവസവും ഒരുപാട് കാര്യങ്ങളൊന്നും അവിടെ ചെയ്യാനില്ല. സമൂഹത്തിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾക്ക് സിംപിളായി ഉത്തരം പറയാൻ പറ്റുമെങ്കിൽ വളരെ ഈസിയായി മുന്നോട്ട് പോകാൻ പറ്റുന്ന സംഘടനയാണ്.

ആ സംഘടന ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് അമ്മ സംഘടനയോട് എനിക്ക് ഇത്ര ഇഷ്ടമുള്ളത്. പക്ഷെ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചാൽ ഈ പറഞ്ഞവരെല്ലാം അവിടെയുണ്ടാകും അൻസിബ പറഞ്ഞു. ഫിനാഷ്യലി സ്റ്റേബിളായിട്ടുള്ളവർ സംഘടനയ്ക്ക് വേണ്ടി ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നതാണ് സംഘടനയ്ക്കും ആ വ്യക്തികൾക്കും നല്ലത്. എനിക്ക് സംഘടനയിലെ വലിയ പദവിയൊന്നും വഹിക്കാൻ കഴിയില്ല.
കാരണം അത്തരമൊരു പദവിയിൽ ഇരിക്കുമ്പോൾ അതിന് വേണ്ടി സമയം എപ്പോഴും കണ്ടെത്താൻ തയ്യാറായിരിക്കണം. പെട്ടന്ന് ഒരു പ്രശ്നം വന്നാൽ മീറ്റിങ് വിളിച്ച് കൂട്ടാനും അതിനെ കുറിച്ച് സംസാരിക്കാനും തർക്കം പരിഹരിക്കാനും എത്താൻ കഴിയുന്ന ആളായിരിക്കണം. പക്വതയുണ്ടായിരിക്കണം. അത്രയും പക്വത എനിക്കായിയെന്ന് തോന്നിയിട്ടില്ല. ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്ത് പ്രാവീണ്യമുള്ളവർ വേണം നിൽക്കാൻ.
പുതിയ നേതൃത്വം വരുമ്പോൾ എല്ലാ ഭാരവാഹികളും ഇങ്ങനെയായിരിക്കണം എന്നല്ല ഞാൻ പറയുന്നത്. സ്റ്റാർഡം ഉള്ളവരും നേതൃനിരയിൽ വേണം. സ്റ്റാർഡം ഉള്ളവർ ഉണ്ടെങ്കിലെ സ്പോൺസേഴ്സിനെ ലഭിക്കൂ. സമൂഹത്തിൽ നിന്ന് റെസ്പെക്ട് എപ്പോഴും വരുന്നത് സ്റ്റാർഡം നോക്കിയിട്ട് തന്നെയാണ്. അതല്ലെന്ന് പറയാൻ പറ്റില്ല. സംഘടനയ്ക്ക് കൂടുതൽ ഗുണം കിട്ടുന്ന രീതിയിൽ സ്പോൺസേഴ്സിനെ ആകർഷിക്കണമെങ്കിലും താരമൂല്യമുള്ളവർ വേണമെന്നും താരം പറഞ്ഞു.


Click it and Unblock the Notifications


