ചെറിയ കാര്യങ്ങള്‍ക്ക് പോലും സങ്കടം വരുമായിരുന്നു! ഇപ്പോള്‍ അത് നിയന്ത്രിക്കാന്‍ സാധിക്കുന്നു: അനശ്വര
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ തരംഗമായ നായികയാണ് അനശ്വര രാജന്‍. സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര എല്ലാവര്‍ക്കും സുപരിചിതയായത്. ഉദാഹരണം സുജാതയാണ് അരങ്ങേറ്റ ചിത്രമെങ്കിലും തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ് അനശ്വരയെ എല്ലാവര്‍ക്കും പ്രിയങ്കരിയാക്കി മാറ്റിയത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് പിന്നാലെ ആദ്യരാത്രി എന്ന ചിത്രവും അനശ്വര രാജന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് അനശ്വര രാജന്‍ എത്താറുണ്ട്. അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ കുടുംബത്തെയും തന്റെ സിനിമാജീവിതത്തെക്കുറിച്ചും നടി മനസുതുറന്നിരുന്നു.

സിനിമയില്‍ വന്നതിനു ശേഷം അല്‍പം കൂടി ബോള്‍ഡായിട്ടുണ്ട് താനെന്ന് അനശ്വര പറയുന്നു. സിനിമയില്‍ വരുന്നതിന് മുന്‍പ് ഞാന്‍ വളരെ സെന്‍സിറ്റീവ് ആയിരുന്നു,. ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് സങ്കടം വരും. പക്ഷേ പുറത്ത് കാണിക്കാറില്ല. അതുപോലെ എക്‌സൈറ്റഡ് ആണെങ്കില്‍ അത് ഓവറായിരിക്കും. ഇപ്പോള്‍ എന്റെ ഇമേഷന്‍സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട്.

ഒഴിവാക്കേണ്ട കാര്യങ്ങളെ ഇപ്പോള്‍ നിസാരമായി ഒഴിവാക്കാനാവുന്നു. പക്ഷേ എത്ര ഒഴിവാക്കാന്‍ ശ്രമിച്ചാലും എന്റെ മനസിലുളളത് മുഖത്ത് പ്രകടമാകും. സിനിമയില്‍ വന്ന ശേഷം കുടുംബവുമൊത്ത് ചെലവഴിക്കാനുളള സമയം കുറഞ്ഞുവെന്നും നടി പറയുന്നു. ചേച്ചിക്ക് പഠനസംബന്ധമായ തിരക്കുകളാണ്. അച്ഛന് ജോലി സംബന്ധവും, അതിനാല്‍ തന്നെ ഷൂട്ടിംഗ് ഇടവേളകളില്‍ ഞാന്‍ വീട്ടിലെത്തിയാലും എല്ലാവരും ഒന്നിച്ച് കൂടണമെന്നില്ല.

പക്ഷേ ഒരുമിച്ചുകൂടാന്‍ ചിലപ്പോഴെങ്കിലും എല്ലാവരും കൂടി സമയം കണ്ടെത്താറുണ്ട്. ഒരു കഥ വന്നാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ചേച്ചിയെ ആണന്നും അനശ്വര പറയുന്നു. അവള്‍ കഥ കേട്ട് അഭിപ്രായം പറഞ്ഞാല്‍ മാത്രമേ ഞാന്‍ തീരുമാനമെടുക്കാറുളളു. അവളുടെ സെലക്ഷനായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. സമയമുണ്ടെങ്കില്‍ വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്നാണ് കഥ കേള്‍ക്കുന്നത്. അല്ലെങ്കില്‍ ആദ്യം ഞാന്‍ കഥ കേട്ട ശേഷം വീട്ടില്‍ എല്ലാവരോടും ചര്‍ച്ച ചെയ്യും.

എന്റെ ഇഷ്ടത്തിന് തന്നെയാണ് എല്ലാവരും മുന്‍ഗണന നല്‍കുന്നത്. ഉദാഹരണം സുജാത റിലീസ് ആയ ദിവസമാണ് ജീവിതത്തില്‍ എറ്റവും കൂടുതല്‍ സന്തോഷിച്ചതെന്നും നടി പറയുന്നു, കാരണം ജീവിതത്തിലെ വഴിത്തിരിവായിരുന്നു അന്ന്. സുജാതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവസവും അതുപോലെ തന്നെ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്.

അഭിനയിക്കാന്‍ പോകുന്നതിന് മുന്‍പേ വലിയ മുന്നൊരുക്കങ്ങളൊന്നും നടത്താത്ത ഒരാളാണ് ഞാന്‍. സിനിമ റിലീസ് ചെയ്താല്‍ എന്റെ അഭിനയത്തിലെ നല്ല വശങ്ങളും അതുപോലെ മോശം വശങ്ങളുമെല്ലാം വീട്ടിലെല്ലാവരും ചൂണ്ടിക്കാണിക്കും. ഞാന്‍ അഭിനയിക്കുന്ന സിനിമകളെല്ലാം അവരുടെ കൂടി ഇഷ്ടങ്ങളാണ്. എന്റെ തിരഞ്ഞെടുപ്പുകളൂടെ കൂടെ അവരെല്ലാവരും ഉണ്ട്. ഏത് സിനിമയിലായാലും ഞാന്‍ എറ്റവും നന്നായി അഭിനയിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അനശ്വര പറഞ്ഞു.


Click it and Unblock the Notifications