ഒന്നും ചെയ്യാതെ മാളികയിലിരുന്നു, ഇപ്പോൾ പെട്ടെന്ന് ജനസ്നേഹം; ഭർത്താവിന്റെ ആരാധകർ പോകുന്ന ആശങ്ക: അന്തനൻ
കഴിഞ്ഞ ദിവസമാണ് മക്കൾ മേടെ എന്ന സാമൂഹിക സംഘടനയുമായി നടൻ രജിനികാന്തിന്റെ ഭാര്യ ലത രജിനികാന്ത് മുന്നോട്ട് വന്നത്. സംഭവത്തിൽ ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വളരെ വേദനയോടെയാണ് ഞാനിത് കാണുന്നത്. ഇത്രയും വർഷങ്ങൾ തമിഴ് ജനതയ്ക്ക് വേണ്ടി നിങ്ങളെന്ത് ചെയ്തു. രജിനി സർ പീക്കിലായിരുന്നപ്പോൾ അദ്ദേഹം പാർട്ടിയുണ്ടാക്കി രാഷ്‌ട്രീയത്തിലിറങ്ങുമെന്ന് കരുതിയിരുന്നു. അന്നെവിടെ പോയി. അന്ന് അദ്ദേഹത്തെ പാർട്ടിയുണ്ടാക്കാൻ അനുവദിച്ചില്ല. ഇന്ന് വിജയ് വന്നപ്പോൾ ചെയ്യുന്ന ഇക്കാര്യങ്ങൾ എങ്ങനെ അംഗീകരിക്കാൻ പറ്റും. മാർച്ച് മാസത്തിലേ ഇത് തുടങ്ങിയതാണ്, വിജയുടെ വിജയവും ഇതുമായി ബന്ധമില്ലെന്ന് നിങ്ങൾ ആയിരം തവണ പറഞ്ഞാലും അംഗീകരിക്കാനാകില്ല.
ജനങ്ങളുടെ നല്ലതിന് വേണ്ടി നിങ്ങളെപ്പോഴാണ് റോഡിൽ ഇറങ്ങിയത്. ഒരു സാധാരണക്കാരനെ നോക്കി ചിരിക്കുന്നതെങ്കിലും കാണിക്ക്. ഒന്നും ചെയ്യാതെ മാളികയിലിരുന്നു. വിജയ് 30 വർഷമായി ജനങ്ങളുടെ ഇടയിൽ പ്രവർത്തനം നടത്തുന്നു. ഇന്ന് ഈ സ്ഥാനത്തെത്തി. മറ്റൊരു കാര്യം വിജയ് ധെെര്യത്തിൽ ഇറങ്ങിയതാണ്. ഒരുപക്ഷെ ഇലക്ഷനിൽ തോറ്റിരുന്നെങ്കിൽ സിനിമാ കരിയറും തീർന്നേനെ. ആ റിസ്ക് വിജയ് എടുത്തു. ഇന്ന് രജിനികാന്തിന്റെ ആരാധകർ അണ്ണാമലെയുടെ പുതിയ പാർട്ടിയിലേക്ക് പോകുന്നു. തന്റെ ഭർത്താവിന്റെ ആരാധകർ അങ്ങനെ പോയാൽ എങ്ങനെ ശരിയാകും എന്ന് ലത രജിനികാന്ത് ചിന്തിക്കുന്നെന്നും അന്തനൻ വിമർശിച്ചു.

രജിനികാന്ത് നേരത്തെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതാണ്. പിന്നീട് പിന്മാറുകയായിരുന്നു. ഈ പ്രായത്തിൽ രാഷ്ട്രീയത്തിലേക്ക് വരേണ്ടെന്നായിരുന്നു തീരുമാനം. ഭാവിയിൽ മക്കൾ മേടെ രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന ചോദ്യം വരുന്നുണ്ട്. ഇതിനിടെയാണ് അന്തനന്റെ വിമർശനം. മക്കൾ മേടെയ്ക്ക് രജിനികാന്തിന്റെ പിന്തുണയുണ്ടെന്ന് ലത രജിനികാന്ത് പറയുന്നുണ്ട്.
തമിഴ്നാടിന്റെ വികസനത്തെക്കുറിച്ചും ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വലിയൊരു സ്വപ്നമുണ്ട്. രജിനികാന്ത് ഫൗണ്ടേഷനിലൂടെ അദ്ദേഹം അത് തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ കുടുംബം മുഴുവൻ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ ഒന്നിച്ചാണെന്നും ലത പറഞ്ഞു. എല്ലാ കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. ചെയ്യുന്ന കാര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ ലക്ഷ്യത്തിനായി മുന്നോട്ട് പോകേണ്ട വഴികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുന്നു. അദ്ദേഹം നൽകുന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നെന്നും ലത പറഞ്ഞു.
വിജയ് ടിവികെ എന്ന പാർട്ടി രൂപീകരിച്ചിട്ട് രണ്ട് വർഷമായിട്ടേയുള്ളൂ. അതിനുള്ളിൽ തമിഴ്നാട്ടിലെ ഭരണം പിടിച്ചു. എന്നാൽ ഔദ്യോഗികമായി പാർട്ടി രൂപീകരിക്കുന്നതിന് മുമ്പേ വിജയുടെ ആരാധകരുടെ കൂട്ടായ്മ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വർഷങ്ങളായി ജനസേവനം നടത്തിയ ശേഷമാണ് ഔദ്യോഗികമായി പാർട്ടി വന്നത്. വിജയ് തമിഴ്നാട് ഇലക്ഷനിൽ ഇത്രയും വലിയ വിജയം നേടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. എക്സിറ്റ്പോൾ ഫലങ്ങളും വിജയ്ക്കെതിരായിരുന്നു. എന്നാൽ എല്ലാ മുൻവിധികളെയും കാറ്റിൽ പറത്തി വിജയ് വിജയം നേടി.


Click it and Unblock the Notifications