അവന് കിട്ടുന്നത് നോക്കേണ്ട, ഹിറ്റുണ്ട്, സിമ്പുവിന്റെ ഇപ്പോഴത്തെ സാഹചര്യം; പിടിവാശി പ്രൊജക്ടുകളെ ബാധിക്കുന്നു?
കരിയറിൽ മോശം കാലഘട്ടത്തിലൂടെയാണ് നടൻ സിമ്പു കടന്ന് പോകുന്നത്. വലിയ ഹെപ്പോടെ വന്ന പല സിനിമകളും പരാജയപ്പെട്ടു. ഇടയ്ക്കിടെ കരിയറിൽ ഗ്യാപ്പും വരുന്നു. കമൽ ഹാസനും സിമ്പുവും പ്രധാന വേഷങ്ങൾ ചെയ്ത തഗ് ലെെഫ് ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. വെട്രിമാരനോടൊപ്പം ചെയ്യാനിരിക്കുന്ന സിമ്പുവിന്റെ പുതിയ സിനിമയിലാണ് ഇനി പ്രേക്ഷകർക്ക് പ്രതീക്ഷ. ഇതിനിടെ സിമ്പുവിന്റെ ഇപ്പോഴത്തെ കരിയർ ഗ്രാഫിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ സമയദോഷമാണോ ജാതകമാണോ എന്നറിയില്ല. സിമ്പുവിന് വരേണ്ടിയിരുന്ന സിനിമകൾ പല കാരണങ്ങളാൽ തള്ളിപ്പോകുന്നു. എന്തെങ്കിലും പ്രശ്നം വന്ന് സിനിമ മുന്നോട്ട് പോകാതാകും. ഈയടുത്ത് മൂന്ന് സിനിമകൾ കമ്മിറ്റ് ചെയ്തു. ഇതിനിടെ വെട്രിമാരന്റെ സിനിമ വന്നു. ഈ സിനിമയ്ക്ക് ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ മാസങ്ങൾ നൽകി. ആഗസ്റ്റ് മാസമാണിപ്പോൾ. ഇനി രണ്ട് മാസം ബാക്കിയുണ്ട്.
വെട്രിമാരൻ രണ്ട് മാസത്തിനുള്ളിൽ ഒരു സിനിമ തീർക്കാൻ സാധ്യതയേയില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ സിമ്പുവിന് മാത്രമാണ് വരുന്നത്. അതിന് ഒരു തരത്തിൽ സിമ്പുവും കാരണമാണ്. ശിവകാർത്തികേയൻ ശമ്പളത്തിന്റെ കാര്യത്തിൽ എപ്പോഴും പിടിവാശി കാണിക്കില്ല. എന്നാൽ സിമ്പുവുൾപ്പെടെ എല്ലാവരും പിടിവാശി കാണിക്കും. അതുകൊണ്ടാണ് പ്രൊജക്ടുകൾ തടസം നേരിടുന്നതെന്നും അന്തനൻ പറയുന്നു.
സിനിമകൾ ഓടിയില്ലെങ്കിൽ പിന്നീടുള്ള സിനിമകളുടെ ബഡ്ജറ്റും ശമ്പളവും കുറയ്ക്കും. അത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും. സിമ്പുവിനും അതുണ്ട്. എന്നാലും ഇന്നും സിമ്പുവിന് ജനപ്രീതിയുണ്ട്. ചില പടികൾ ഇറങ്ങി വന്നാൽ കരിയറിൽ കുതിക്കാൻ പറ്റും. ശമ്പളത്തിൽ പിടിവാശി കാണിക്കാതെ ഷൂട്ടിംഗ് നടക്കട്ടെ എന്ന് പറയണം. സിനിമയിൽ വിട്ട് കാെടുക്കണം. നല്ല സമയത്ത് ഒന്നും ചോദിക്കാതെ നിങ്ങൾക്ക് എല്ലാം നൽകും.

നല്ല സമയമല്ലെങ്കിൽ ചോദിച്ചാലും കിട്ടില്ല. ശമ്പളം ഇവിടെയിപ്പോൾ സ്റ്റാറ്റസായി മാറുകയാണ്. എന്നോട് മത്സരിക്കുന്നയാളാണ് ഇവൻ, ഇവൻ ഇത്രയും വാങ്ങുമ്പോൾ എനിക്കെന്ത് കൊണ്ട് ഇത്രയും തരുന്നില്ലെന്ന ചോദ്യം വരും. പക്ഷെ അയാൾ ഹിറ്റ് കൊടുക്കുന്നുണ്ട്. നിങ്ങൾ ഫ്ലോപ്പ് കൊടുക്കുന്നു. അപ്പോൾ രണ്ട് പേരും സമമല്ല. അത് മനസിലാക്കുന്നില്ല. ഈഗോയാണ് പലർക്കുമെന്നും അന്തനൻ പറയുന്നു. നയൻതാരയ്ക്ക് മുമ്പ് വലിയ പ്രതിഫലം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇല്ല. കാരണം അവർക്കും ഫ്ലോപ്പുകളുണ്ടെന്നും അന്തനൻ പറഞ്ഞു. പ്രെെം9 തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
സിമ്പുവിന് സിനിമാ ലോകത്തുള്ള മോശം പ്രതിഛായ കരിയറിൽ വിലങ്ങ് തടിയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കോളിവുഡിലെ തിരക്കുള്ള താരമായിരുന്ന ചിമ്പു അക്കാലത്ത് നിർമാതാക്കളെയും സംവിധായകരെയും വലച്ചിട്ടുണ്ട്. ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന വിമർശനം വ്യാപകമായി വന്നു. നടന് ഒരു ഘട്ടത്തിൽ വിലക്കും വന്നു. അവസരങ്ങൾ ഇല്ലാതായതും ഇക്കാരണത്താലാണ്. നടന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
തമിഴകത്ത് മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന നടനുമാണ് സിമ്പു. ഹൻസിക മോട്വാണി, നയൻതാര എന്നിവരുമായുള്ള സിമ്പുവിന്റെ പ്രണയവും വേർപിരിയലും വലിയ തോതിൽ ചർച്ചയായിരുന്നു. 42 കാരനായ സിമ്പു ഇപ്പോഴും അവിവാഹിതനാണ്. വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് മുമ്പ് നടൻ സംസാരിച്ചിട്ടുണ്ട്. വിവാഹം വ്യക്തിപരമായ തീരുമാനമാണെന്നും വിവാഹം ചെയ്ത് വേർപിരിയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സിമ്പു അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











