അഞ്ച് കോടിയാണ് കൊടുക്കുന്നത്, ഭാര്യക്ക് അവകാശമില്ലെങ്കിൽ പിന്നെ ആർക്കാണവകാശം; പിന്തുണച്ച് അന്തനൻ
കംഗുവയുടെ കനത്ത പരാജയത്തിന് പിന്നാലെ സൂര്യക്കും ജ്യോതികയ്ക്കും സോഷ്യൽ മീഡിയയിൽ കേൾക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകൾ ചെറുതല്ല. സൂര്യയുടെ കരിയറിലെ ഏറ്റവും മോശം സിനിമകളിലൊന്നാണ് കംഗുവ. ഇത് ആരാധകരും സമ്മതിക്കുന്നു. എന്നാൽ സൈബറാക്രമണത്തിൽ സൂര്യയുടെ ഭാര്യ ജ്യോതികയുടെ പേരും വലിച്ചിഴക്കുന്നു. സൂര്യയുടെ സിനിമകൾ താനാണ് തെരഞ്ഞെടുക്കുന്നതെന്ന് തമാശയെന്നോണം ഒരു അഭിമുഖത്തിൽ ജ്യോതിക മുമ്പ് പറഞ്ഞിരുന്നു.
കംഗുവയുടെ പരാജയത്തിന് പിന്നാലെ ജ്യോതികയുടെ പരാമർശം വീണ്ടും ചർച്ചയായി. സൂര്യക്ക് അടുത്തൊന്നും ഹിറ്റുകളില്ലാത്തതിന് കാരണം ജ്യോതികയാണെന്ന വാദം വന്നു. ഇതിനിടെ ജ്യോതികയും സൂര്യയും നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തി.

ഈയാഴ്ച മാത്രം ഒന്നിലേറെ ക്ഷേത്രങ്ങളിൽ സൂര്യയും ജ്യോതികയും പോയിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ഫിലിം ജേർണലിസ്റ്റും മുൻ നിർമാതാവുമായ അന്തനൻ. കംഗുവയുടെ കനത്ത തോൽവിയിലുള്ള മനോവിഷമം കാരണമായിരിക്കും അവർ ക്ഷേത്രങ്ങളിൽ പോകുന്നതെന്ന് അന്തനൻ പറയുന്നു. പക്ഷെ ആളുകൾ ചർച്ചയാക്കുന്നത് ക്ഷേത്രങ്ങളിലെ ചെലവിന് പകരം സ്കൂളുകൾ കെട്ടണമെന്ന് ജ്യോതിക മുമ്പൊരിക്കൽ പറഞ്ഞതാണെന്നും ഫിലിം ജേർണലിസ്റ്റ് ചൂണ്ടിക്കാട്ടി.
അത് വലിയ വിഷയമാക്കുന്നു. അന്ന് വന്ന എതിർപ്പ് മാറ്റാൻ വേണ്ടിയാണ് ഇന്ന് ക്ഷേത്ര ദർശനം നടത്തുന്നതെന്ന വാദം തെറ്റാണ്. ജ്യോതിക പറഞ്ഞതിൽ തെറ്റില്ല. ഇത് പറയാൻ ജ്യോതികയ്ക്ക് എന്ത് അധികാരം എന്ന് ചോദിക്കുന്നവരുണ്ട്. ജ്യോതികയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശമുള്ളതെന്ന് അന്തനൻ തിരിച്ച് ചോദിക്കുന്നു.

വർഷത്തിൽ അഞ്ച് കോടി രൂപ സൂര്യ തന്റെ ശമ്പളത്തിൽ നിന്നെടുത്താണ് വിദ്യാർത്ഥികളുടെ പഠനത്തിന് കൊടുക്കുന്നത്. സ്കൂൾ കെട്ടണമെന്ന് പറയാൻ അദ്ദേഹത്തിനും ഭാര്യക്കും അവകാശമില്ലെങ്കിൽ മറ്റാർക്കാണുള്ളത്. സോഷ്യൽ മീഡിയയിൽ ഇതെല്ലാം അറിഞ്ഞും അറിയാതെയും കുറ്റപ്പെടുത്തുന്നവരുണ്ട്. ക്ഷേത്രത്തിൽ അവർ ആത്മാർത്ഥമായി പോയതാണ്. ഇത്രയും വലിയ തോൽവിയിൽ ധൈര്യം തരണമെന്ന് ക്ഷേത്രത്തിൽ പോയല്ലേ പറയാൻ പറ്റൂ.
അതിൽ ഡ്രാമയില്ലെന്നും അന്തനൻ വ്യക്തമാക്കി. ആഗായം തമിഴ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മുമ്പൊരിക്കൽ ഒരു അവാർഡ് വേദിയിൽ വെച്ചാണ് ജ്യോതിക വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്. ക്ഷേത്രങ്ങൾ കൊട്ടാരങ്ങളെ പോലെ സംരക്ഷിക്കുമ്പോൾ കുഞ്ഞുങ്ങൾ പിറന്ന് വീഴുന്നത് വൃത്തഹീനമായ ചുറ്റുപാടുകളിലാണ്. ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്നതിന് മാത്രമല്ല സ്കൂളുകളും ആശുപത്രികളും പണിയാനും പങ്കുചേരണം എന്നാണ് ജ്യോതിക അന്ന് പറഞ്ഞത്.
കഴിഞ്ഞ കുറച്ച് കാലമായി ജ്യോതികയ്ക്ക് നേരെ സൈബറാക്രമണങ്ങൾ വരുന്നുണ്ട്. ചെന്നെെയിൽ നിന്ന് മാറി മുംബൈയിലാണ് നടിയും സൂര്യയും ഇന്ന് താമസിക്കുന്നത്. മുംബെെയാണ് ജ്യോതികയുടെ സ്വദേശം. സൂര്യയെ വിവാഹം ചെയ്ത ശേഷം ചെന്നെെയിലായിരുന്നു ജ്യോതിക വർഷങ്ങളോളം. എന്നാൽ പിന്നീട് മുംബെെയിലേക്ക് താമസം മാറാൻ ഇരുവരും തീരുമാനിച്ചു. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും നേരത്തെ വന്നിരുന്നു. എന്നാൽ താര ദമ്പതികൾ ഇത് നിഷേധിച്ചു.


Click it and Unblock the Notifications