എല്ലാം നോക്കുന്നത് ആന്റണി! ഈ തീരുമാനത്തിന് പിന്നിലും അദ്ദേഹം! അന്ന് മോഹന്‍ലാല്‍ പറഞ്ഞത്
മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണി പെരുമ്പാവൂരിനെ അറിയാത്ത മലയാളികളില്ല. ഡ്രൈവറായി വന്ന്, ലാലിന്റെ എല്ലാമെല്ലാമായി മാറുകയായിരുന്നു. സിനിമ തിരഞ്ഞെടുക്കുന്നതിലും, ബിസിനസ് കാര്യങ്ങളിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. ആരാധകനെന്ന നിലയില്‍ താന്‍ കാണാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹവും തുറന്ന് പറയാറുണ്ട്. മോഹന്‍ലാലിലേക്ക് എത്താനുള്ള ആദ്യ കടമ്പ ആന്റണിയാണെന്ന് സിനിമയിലുള്ളവര്‍ തന്നെ പറയാറുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാളിനെക്കുറിച്ചും, ദൃശ്യം 3 റിലീസിനെക്കുറിച്ചുമൊക്കെ വാചാലനായിരിക്കുകയാണ് അദ്ദേഹം. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ് മെയ് 21. എല്ലാ മലയാളികള്‍ക്കും മറക്കാന്‍ പറ്റാത്ത ദിവസമാണ്. കാരണം എനിക്കേറ്റവും പ്രിയപ്പെട്ട ലാല്‍ സാറിന്റെ ജന്മദിനമാണ്. ഒരുപാട് വര്‍ഷം അദ്ദേഹത്തിനൊപ്പം ചേര്‍ന്നുനിന്ന്, ആ കുടുംബത്തിനൊപ്പമായി ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ ഭാഗ്യം കിട്ടിയൊരാളാണ് ഞാന്‍. ആ സന്തോഷവും ഞാന്‍ ഈ സമയത്ത് അറിയിക്കുകയാണ്.

ഈ ജന്മദിനത്തിന്റെ അതേ ദിവസം തന്നെ ഞങ്ങളുടെ ( ആശീര്‍വാദ് സിനിമാസിന്റെ)യും ലാല്‍ സാറിന്റെയും ഏറ്റവും വിജയിച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും റിലീസ് ചെയ്യുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന തരത്തിലുള്ള വിജയ ചിത്രമായി ഇത് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ലാല്‍ സാറിന് എല്ലാവിധ പ്രാര്‍ത്ഥനയും, സ്‌നേഹവും. എല്ലാവര്‍ക്കും വേണ്ടി എന്നിലൂടെ എല്ലാ സ്‌നേഹവും അറിയിക്കുന്നു എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.
അഭിമുഖങ്ങളിലെല്ലാം ആന്റണിയെക്കുറിച്ച് മോഹന്‍ലാലും വാചാലനാവാറുണ്ട്. ആശീര്‍വാദ് നിര്‍മ്മിച്ച ചിത്രങ്ങളിലെല്ലാം അഭിനേതാവായും ആന്റണി എത്താറുണ്ട്. ദൃശ്യം 3 കാണാനായി താനും തിയേറ്ററിലേക്ക് എത്തുമെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ ആന്റണിക്കും, സിദ്ധുവിനുമൊപ്പമായി കവിത തിയേറ്ററിലേക്ക് മോഹന്‍ലാല്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെ വരവും, ചിത്രത്തെക്കുറിച്ചുള്ള കമന്റുകളുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മ പോയതിന് ശേഷമുള്ള ആദ്യ പിറന്നാളാണ്. ആ വിഷമം മനസിലുണ്ട്. അതുപോലെ തന്നെ ഈ ചിത്രം അമ്മയ്ക്ക് കാണാനായില്ലല്ലോ എന്നതും തന്നെ ദു:ഖിപ്പിക്കുന്ന കാര്യമാണെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
പൊതുവെ വെള്ളിയാഴ്ചകളിലാണ് റിലീസ് ഉണ്ടാവാറുള്ളത്. ഇത്തവണ വ്യാഴാഴ്ച പിറന്നാള്‍ വന്നപ്പോഴാണ് എന്നാല്‍ ആ ദിവസം റിലീസ് ചെയ്താലോ എന്ന ചോദ്യം വരുന്നത്. ആന്റണിയാണ് അങ്ങനെയൊരു കാര്യത്തെക്കുറിച്ച് പറഞ്ഞതെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു.എല്ലാ പിറന്നാളിനും ഇങ്ങനെ സംഭവിക്കണമെന്നില്ലല്ലോ, അപൂര്‍വ്വമായി മാത്രം വരുന്ന കാര്യമാണ് ഇത്. ഇനി അടുത്ത പിറന്നാളിനും റിലീസ് ഉണ്ടാവുമോ എന്ന ചോദ്യം കൂടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. താരങ്ങളും ആരാധകരുമടക്കം എല്ലാവരും മോഹന്‍ലാലിന് പിറന്നാളാശംസ അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മികച്ച വിജയമാണ് നേടിയത്. ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗമെത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മൂന്നാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപനം വന്നപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. എങ്ങനെയായിരിക്കും കഥയുടെ പോക്ക് എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അഡ്വാന്‍സ് ബുക്കിംഗെല്ലാം ഇതിനകം തന്നെ തീര്‍ന്നുകഴിഞ്ഞു. വെള്ളിയാഴ്ചയും, വാരാന്ത്യവുമൊക്കെയായി ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയം എളുപ്പമായി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.സിനിമയെക്കുറിച്ച് താരങ്ങളെല്ലാം അഭിമുഖങ്ങളില്‍ സംസാരിച്ചുവെങ്കിലും കഥാഗതി സസ്‌പെന്‍സാക്കി തന്നെ വെച്ചിരുന്നു. ക്യാരക്ടറിനെക്കുറിച്ച് അധികം പറയാനാവില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്.


Click it and Unblock the Notifications