'പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ ചേർന്നു, പെങ്ങളും അപ്പനും കൂടി കുടുംബം നോക്കി, അവൾ എനിക്ക് ചിലവിന് തന്നു'
ആന്റണി വർഗീസ് പെപ്പയുടെ സിനിമയെന്ന് കേട്ടാൽ തന്നെ നമ്മുടെയൊക്കെ മനസിലേക്ക് വരുന്നത് നല്ല ഒന്നൊന്നര ഇടിയാണ്. അങ്കമാലി ഡയറീസിനുശേഷം പെപ്പെയെന്ന് കേട്ടാൽ മലയാളിക്ക് നല്ല നാടൻ തല്ല് ഓർമ വരും. സിനിമാ മോഹവുമായി നടന്ന ആന്റണി ഓഡീഷൻ വഴിയാണ് അങ്കമാലി ഡയറീസിലെ നായകനായത്. അരങ്ങേറ്റ ചിത്രം തന്നെ ബംബർ ഹിറ്റാകുന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്നതാണ്. ആന്റണിയെ അവിടെ ഭാഗ്യം തുണച്ചു.
ആദ്യ സിനിമയും പ്രകടനവും ഹിറ്റായതോടെ അങ്കമാലിക്കാരനായ ആന്റണിയെ മലയാളി പ്രേക്ഷകരും സ്വീകരിച്ചു സ്നേഹിച്ചു. മുപ്പത്തിയഞ്ചുകാരനായ താരം ഏഴ് വർഷത്തെ കരിയറിനിടെ പതിമൂന്ന് സിനിമകൾ ചെയ്തു. അവയിൽ മിക്കതും ഹിറ്റായിരുന്നു. ദാവീദാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ. സിനിമയ്ക്കായി നടൻ ബോക്സിങ് പഠിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയിലേക്ക് എത്തും മുമ്പുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മനസ് തുറന്നിരിക്കുകയാണ് നടൻ. വൈദീകനാകാനുള്ള മോഹം കൊണ്ട് പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ ചേർന്നിരുന്നുവെന്ന് ആന്റണി പറയുന്നു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വരുമാനമില്ലാതിരുന്ന കാലത്ത് തനിക്ക് ചിലവിന് തന്നിരുന്നത് അനിയത്തിയാണെന്നും നടൻ പറഞ്ഞു.
പത്താം ക്ലാസ് കഴിഞ്ഞശേഷം ഞാൻ സെമിനാരിയിൽ ചേർന്നിരുന്നു. ഒമ്പത് മാസക്കാലം നിന്നു. മൈസൂരായിരുന്നു സെമിനാരി. എന്നാൽ തുടരാൻ സാധിച്ചില്ല. ഒമ്പത് മാസം കഴിഞ്ഞ് ഞാൻ തിരികെ വീട്ടിൽ വന്നു. പിന്നെ പ്ലസ് വണ്ണിന് ചേർന്ന് പഠിച്ചു. ഫ്രീഡം നഷ്ടപ്പെട്ടതുപോലെ സെമിനാരിയിൽ ചേർന്നപ്പോൾ തോന്നി. എല്ലാ ദിവസവും ഒരുപോലെ. കൃത്യനിഷ്ടയും ചിട്ടയുമാണ് അവിടെ എല്ലാ കാര്യത്തിലും ആന്റണി പറയുന്നു.
മുമ്പൊരിക്കൽ മകൻ നടനായശേഷവും ആന്റണിയുടെ പിതാവ് ഓട്ടോ ഓടിക്കുന്ന ഫോട്ടോ വൈറലായിരുന്നു. ആരോഗ്യപരമായി വയ്യാത്തതുകൊണ്ട് അപ്പൻ ഇപ്പോൾ ഓട്ടോ ഓടിക്കാൻ പോകാറില്ല. ഞാനായിട്ട് അവരുടെ ഫ്രീഡത്തിൽ കൈ കടത്താറില്ല. അതുകൊണ്ടാണ് അപ്പൻ ഓട്ടോ ഓടിച്ചിരുന്നപ്പോഴൊന്നും നിർത്താൻ പറയാതിരുന്നത്. അപ്പന്റെ വരുമാനത്തിലായിരുന്നു ചെറുപ്പകാലത്ത് മുഴുവൻ ജീവിച്ചിരുന്നത്.
പിന്നീട് അമ്മ കുറച്ച് കാലം ജോലിക്ക് പോയി. അമ്മ നിർത്തിയപ്പോൾ പെങ്ങൾ ജോലിക്ക് പോയി തുടങ്ങി. ആ സമയത്ത് പെങ്ങളും അപ്പനും കൂടിയാണ് കുടുംബം നോക്കിയിരുന്നത്. ഞാൻ ആ സമയത്ത് തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു. എനിക്ക് അനിയത്തിയാണുള്ളത്. അവൾ കുറച്ചുകാലം എനിക്ക് ചിലവിന് തന്നിട്ടുണ്ട്.

ജോലിക്ക് പോകാൻ ആവശ്യപ്പെട്ട് അപ്പനും അമ്മയും ഞാനുമായി വീട്ടിൽ പ്രശ്നമുണ്ടാക്കിയിട്ടൊക്കെയുണ്ട്. സിനിമയിലേക്ക് എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എങ്ങനെ എത്തുമെന്ന് അറിയില്ലായിരുന്നു. സുഹൃത്തുക്കൾ വഴി എത്താമെന്നാണ് കരുതിയിരുന്നത്. പക്ഷെ എന്റെ പ്ലാൻ ഒന്നുമല്ല നടന്നത്. ആർഡിഎക്സ് സിനിമ വർക്കാവില്ലെന്നാണ് ഞാൻ കരുതിയത്. അത് എനിക്കുള്ളിലുള്ള സ്ട്രസ് കൊണ്ട് തോന്നിയതാണ്.
അതുകൊണ്ട് ഷോ കാണാനും പോയില്ല. ഇതുകൂടി കഴിഞ്ഞാൽ എല്ലാം അവസാനിപ്പിക്കുകയാണെന്നും അടുപ്പക്കാരോട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ സിനിമ റിലീസ് ചെയ്തപ്പോൾ ഹിറ്റായി അപ്പോഴാണ് സമാധാനമായതെന്നും ആന്റണി പറയുന്നു. അടുത്തിടെ പ്രഫഷനൽ ബോക്സിങ് ലൈസൻസ് പെപ്പെയ്ക്ക് ലഭിച്ചിരുന്നു. ദാവീദ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പെപ്പെ ബോക്സിങ് പരിശീലിച്ചത്. അതിന്റെതായ ബുദ്ധിമുട്ടുകൾ നിരവധി നടന് അനുഭവിക്കേണ്ടി വന്നിരുന്നു.
ഇന്ത്യൻ സിനിമയിൽ പ്രഫഷനൽ ബോക്സിങ് ലൈസൻസ് ഉള്ള ആദ്യ ആളാണ് പെപ്പെ. ഏഴ് മാസത്തിലധികം നടൻ ബോക്സിങ് പരിശീലിച്ചിരുന്നു. കൊണ്ടലാണ് അവസാനം റിലീസ് ചെയ്ത ആന്റണിയുടെ സിനിമ.


Click it and Unblock the Notifications











