വണ്ടി ടോട്ടല്‍ ലോസ്! ഞങ്ങള്‍ക്ക് ജീവന്‍ തിരിച്ച് കിട്ടി! ആ നമ്പറില്‍ വിശ്വാസം! ആക്‌സിഡന്റിനെക്കുറിച്ച് ആന്റണി
2025 എങ്ങനെയായിരുന്നു എന്നുള്ള വിലയിരുത്തലുകള്‍ നടത്തുകയാണ് താരങ്ങള്‍. സിനിമകളും, വിവാഹവും, കുഞ്ഞുണ്ടായതും, വേര്‍പിരിയല്‍ തീരുമാനവുമൊക്കെയായി വ്യത്യസ്തമായ കാര്യങ്ങളാണ് പലരും പങ്കുവെച്ചത്. തന്നെ സംബന്ധിച്ച് 2025 ന്റെ മുക്കാല്‍ ഭാഗവും ആശുപത്രിയിലായിരുന്നു ചെലവഴിച്ചതെന്നായിരുന്നു ആന്റണി വര്‍ഗീസ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തനിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് അദ്ദേഹം തുറന്നെഴുതിയത്. ആദ്യമായി സ്വന്തമാക്കിയ ഇഷ്ട വാഹനം ടോട്ടല്‍ ലോസായി പോയെങ്കിലും ഞങ്ങള്‍ മൂന്നുപേര്‍ക്കും ജീവന്‍ തിരികെ കിട്ടി. അതില്‍ സമാധാനം എന്ന് ആന്റണി കുറിച്ചിട്ടുണ്ട്.
ജിമ്മിലെ പരിക്ക്, ഷൂട്ടിനിടയിലെ അപകടം. അങ്ങനെ വർഷത്തിന്റെ മുക്കാൽ ഭാഗവും ആശുപത്രികൾക്കും വേദനകൾക്കും ഇടയിലായിരുന്നു.
അങ്ങനെ പോകുമ്പോൾ ആണ് 15 നവംബർ 2025, വാഗമൺ വെച്ച് ഒരു ആക്സിഡന്റ് കൂടെ ബോണസ് ആയി അടിച്ചു കിട്ടി. അത്യാവശ്യം തരക്കേടില്ലാത്ത പരിക്കോടു കൂടി വണ്ടിയിൽ ഉണ്ടായിരുന്ന ഞങ്ങൾ 3 പേരും രക്ഷപെട്ടു. എന്റെ പ്രിയപ്പെട്ട ആദ്യത്തെ വണ്ടി 'ടോട്ടൽ ലോസ്' ആയി മാറി. പക്ഷെ തകർന്നുപോയ ആ വണ്ടി ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ കാത്തു.

വണ്ടിയുടെ നമ്പർ 1818 എന്നായിരുന്നു. ആ നമ്പറിലും മാലാഖമാരുടെ സാന്നിധ്യത്തിലും ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു .എന്റെ ആ വിശ്വാസം തെറ്റിയില്ലെന്ന് എനിക്ക് ബോധ്യമായി. വണ്ടി പോണേൽ പോട്ടെ. ജീവനോടെ ഉണ്ടല്ലോ, അത് മതി. എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നു അത്. പക്ഷേ ആ കുഴപ്പങ്ങൾക്കിടയിലും ചില മാന്ത്രികതകൾ ഉണ്ടായിരുന്നു. 2025-ൽ, എനിക്ക് ചില നല്ല കാര്യങ്ങളും സംഭവിച്ചിരുന്നു. എനിക്ക് സുഖം പ്രാപിക്കാൻ കഴിയാത്ത നിമിഷങ്ങളിൽ, ഞാൻ സൃഷ്ടിക്കുകയും, ചിത്രീകരിക്കുകയും, ഞാൻ എപ്പോഴും സ്വപ്നം കണ്ടിരുന്ന ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുകയും ചെയ്തു. അപ്പൊ എല്ലാം പറഞ്ഞപോലെ. പുതിയ പരിപാടികളുടെ ആവേശവുമായി 2026-ലേക്ക് കടക്കുന്നു. മുറിപ്പാടുകളുണ്ട്, പക്ഷെ മനസ്സ് തകർന്നിട്ടില്ല. പുതിയൊരു തുടക്കത്തിനായി എന്നായിരുന്നു ആന്റണിയുടെ കുറിപ്പ്.


Click it and Unblock the Notifications











