'എന്റെ പൂച്ചകളുടെ ഒരാഴ്ചത്തെ ഭക്ഷണച്ചെലവ് 5000 രൂപ!; കണ്ടാൽ ചിരിച്ചൂടെ എന്നായിരുന്നു ചിലരുടെ ചോദ്യം'
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനു ജോസഫ്. നടി, അവതാരക എന്നീ നിലകളിലെല്ലാം അനു ജോസഫ് ശ്രദ്ധ നേടി. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി കുറേക്കൂടി അടുത്തിരിക്കുകയാണ് അനു ജോസഫ്. ചെറിയ പ്രായം മുതലേ അനു ജോസഫിനെ പ്രേക്ഷകർ കാണുന്നതാണ്. അന്നും ഇന്നും ഒരു മാറ്റവും അനുവിന്റെ രൂപത്തിൽ വന്നിട്ടില്ലെന്ന് ആരാധകർ പ്രശംസിക്കാറുണ്ട്. സിനിമാ സീരിയൽ രംഗത്ത് വർഷങ്ങളായെങ്കിലും നടി അഭിനയിച്ച സിനിമകൾ കുറവാണ്.
പത്തേമാരി ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്യാനും അനു ജോസഫിന് കഴിഞ്ഞു. സ്വന്തം ശബ്ദം കഥാപാത്രത്തിന് നൽകാൻ കഴിയുന്നവർ ഇന്ന് സീരയൽ രംഗത്ത് കുറവാണ്. എന്നാൽ അനു ജോസഫ് അന്നും ഇന്നും സ്വന്തം ശബ്ദത്തിൽ തന്നെ ഡബ് ചെയ്യുന്നു. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിന്റെ തന്റെ തുടക്ക കാലത്ത് ചെയ്ത് മിന്നുകെട്ട് എന്ന സീരിയലിനെക്കുറിച്ചും വീട്ടിലെ വളർത്തു പൂച്ചകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അനു ജോസഫ്.
പൂച്ചകളോട് വളരെ സ്നേഹമുള്ള വ്യക്തിയാണ് അനു ജോസഫ്. തന്റെ വീട്ടിലെ പൂച്ചകളെ പരിചയപ്പെടുത്താനായി മറ്റൊരു യൂട്യൂബ് ചാനലും അനു ജോസഫിനുണ്ട്. 'മലയാളത്തിൽ ആദ്യമായി ആയിരം എപ്പിസോഡുകൾ പിന്നിട്ട സീരിയലാണ് മിന്നുകെട്ട്. 1000 എപ്പിസോഡ് വരെയും സൂര്യ ടിവിയുടെ നമ്പർ വൺ സീരിയലായിരുന്നു. മെലോഡ്രാമ അധികം ഇല്ലാത്ത സീരിയലായിരുന്നു. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ഞാൻ ആ കഥാപാത്രം ചെയ്യുന്നത്. ഇരട്ടക്കുട്ടികളുടെ അമ്മയായാണ് അഭിനയിച്ചത്'

അധികം മേക്കപ്പില്ലാതെ നാച്വറലായി ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നെന്നും അനു ജോസഫ് പറഞ്ഞു. സീരിയലും സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അനു ജോസഫ് സംസാരിച്ചു. 'സീരിയലെന്നാൽ ഫാമിലി പോലെ കുറേ നാൾ പോവും. സിനിമ ഡ്രമാറ്റിക്കല്ലാതെ പെർഫോമൻസ് കുറച്ച് കൂടെ ലൈവ് ആയിരിക്കും. സിനിമയിൽ ഒന്നര മാസം കണ്ട് പിന്നീട് പിരിഞ്ഞ് പോവുന്നവരാണ്. പിന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ കണ്ടു'
പക്ഷെ ഞാൻ ചെയ്ത സീരയലുകൾ അഞ്ചാറ് വർഷം ഒരുമിച്ച് പോയതാണ്. ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നിങ്ങളീ സീരിയലുള്ള ആളല്ലേ എന്ന് ചോദിക്കുന്നത് പ്ലസ് പോയന്റായി കരുതിയിട്ടുണ്ട്. ചിലർ കണ്ടാൽ ഒന്ന് ചിരിച്ചൂടെ എന്ന് ചോദിക്കും. പിന്നെയാണ് നമ്മൾ അവരുടെ വീട്ടിൽ ദിവസം കാണുന്നവരാണല്ലോ എന്ന് മനസ്സിലാക്കുന്നതെന്നും അനു ജോസഫ് പറഞ്ഞു.

22 പൂച്ചകൾ തന്റെ വീട്ടിലുണ്ടെന്ന് അനു ജോസഫ് പറയുന്നു. അവർ തുടരെ പ്രസവിച്ച് കൊണ്ടിരിക്കുകയാണ്. എവിടേക്കും ഇറക്കി വിടാൻ പറ്റില്ലല്ലോ. ബംഗാൾ പൂച്ചകളാണ്. ചിക്കനേ കഴിക്കൂ. ഒരാഴ്ച അവയ്ക്കുള്ള ഭക്ഷണത്തിന് 5000 രൂപയുടെ അടുത്ത് വരുമെന്നും അനു ജോസഫ് പറഞ്ഞു. അനു ജോസഫിന്റെ പൂച്ചകളുടെ വീഡിയോകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. പട്ടികളേക്കാളും തനിക്ക് പൂച്ചകളെ വളർത്താനാണിഷ്ടമെന്നും അനു ജോസഫ് മുമ്പ് പറഞ്ഞിരുന്നു.
പൂച്ചകൾക്കായി പ്രത്യേക കൂടും സൗകര്യങ്ങളും അനു ജോസഫിന്റെ വീട്ടിലുണ്ട്. അനു ജോസഫ് അഭിനയിച്ച പുതിയ മലയാള സിനിമയാണ് അടി. അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഷെെൻ ടോം ചാക്കോയുടെ സഹോദരിയുടെ വേഷമാണ് സിനിമയിൽ അനു ജോസഫ് ചെയ്യുന്നത്. ഏപ്രിൽ പതിനാലിന് സിനിമ തിയറ്ററുകളിലെത്തും. പ്രശോഭ് വിജയനാണ് അടിയുടെ സംവിധായകൻ. രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയത്.


Click it and Unblock the Notifications











