സകല ഉത്തരവാദിത്തവും അമ്മമാരുടെ ചുമലില്‍ ഏല്‍പ്പിക്കരുത്; സ്വന്തം അനുഭവം പറഞ്ഞ് നടി അനു ജോസഫ്
മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അനു ജോസഫ്. നിരവധി സീരിയലുകളിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും സുപരിചിതയായ അനു ജോസഫ് കോവിഡ് കാലത്താണ് തന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഷൂട്ടിങ്ങ് ലൊക്കേഷനുകളിലെ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം ചാനലിലൂടെ നടി പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരുന്നു. ഒരിക്കല്‍ തന്റെ വീട്ടുകാരെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോയില്‍ തന്റെ സഹോദരിയെക്കുറിച്ചും നടി തുറന്നു പറഞ്ഞിരുന്നു.
തന്റെ ചേച്ചി സൗമ്യ ജന്മനാലുള്ള ചില ബുദ്ധിമുട്ടുകള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന് അനു വെളിപ്പെടുത്തിയിരുന്നു. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കുന്നത് തന്റെ വീട്ടിലുള്ളവര്‍ എല്ലാം ചേര്‍ന്നാണെന്ന് അനു അന്ന് പറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് ഇപ്പോള്‍ അനു ജോസഫ്. മാതൃഭൂമി ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സഹോദരിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും സമൂഹത്തില്‍ ഇത്തരം ആളുകളെ പരിചരിക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അനു ജോസഫ് സംസാരിക്കുന്നത്.

കുട്ടിക്കാലം മുതല്‍ ചേച്ചിയുടെ ബുദ്ധിമുട്ട് കണ്ടും കേട്ടും മനസ്സിലാക്കിയുമാണ് അനു വളര്‍ന്നത്. പതിയെ അച്ഛന്റെയും അമ്മയുടെയും പോലെ ചേച്ചിയെ കൊച്ചു കുഞ്ഞിനെയെന്ന പോലം പരിചരിക്കാന്‍ അനുവും പഠിച്ചു. പ്രസവത്തില്‍ ഡോക്ടര്‍ക്ക് സംഭവിച്ച പിഴവാണ് സഹോദരിയെ ഈ അവസ്ഥയിലാക്കിയതെന്ന് അനു പറയുന്നു. ഞരമ്പിന് സംഭവിച്ച തകരാറു മൂലം സൗമ്യക്ക് സംസാരിക്കാനും നടക്കാനുമുള്ള ശേഷി നഷ്ടപ്പെട്ടു. എട്ടു വയസ്സു വരെ കിടന്ന കിടപ്പിലായിരുന്നു സൗമ്യ. തുടര്‍ച്ചയായ തെറാപ്പികളിലൂടെ സ്ഥിതി അല്പം മെച്ചപ്പെട്ടു. പറയുന്ന കാര്യങ്ങളെല്ലാം മനസ്സിലാകും. ഒരുപാട് തരം ചികിത്സയൊക്കെ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ചികിത്സയൊന്നും ചെയ്യുന്നില്ല.
ഭിന്നശേഷിക്കാരായ കുട്ടികളുടെ സകല ഉത്തരവാദിത്തവും അമ്മയുടെ ചുമലിലെ ഭാരമാക്കുന്ന സമൂഹത്തോട് അനുവിന് പറയാനുള്ളത് തന്റെ അനുഭവമാണ്. വീട്ടകങ്ങളിലെ തുല്യ പങ്കാളിത്തമാണ് ഈ സാഹചര്യങ്ങളില്‍ വേണ്ടത്. തൊഴിലുള്‍പ്പെടെയുള്ള സാമൂഹിക ഇടങ്ങള്‍ നഷ്ടമാകുന്ന മാതാപിതാക്കള്‍ക്ക് താങ്ങാകാന്‍ കുട്ടികളെ കരുതലോടെ സംരക്ഷിക്കാനുള്ള ഒരിടവും.

അടുക്കളപ്പണിയടക്കം വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം അമ്മയുടെ മാത്രം ചുമലിലാകുന്ന വീട്ടകങ്ങളുള്ള കാലത്ത് ഭിന്നശേഷിക്കാരിയായ കുഞ്ഞിനെക്കൂടി പരിപാലിക്കുക ഒട്ടും നിസ്സാരമല്ലെന്ന് അനു ചൂണ്ടിക്കാട്ടുന്നു. പുറത്തുപോയി ജോലി ചെയ്യുന്നവര്‍ക്ക് അതിന്റേതായ ശമ്പളം കിട്ടുമ്പോഴാണ് ഒരു അവധി പോലുമില്ലാതെ പല സ്ത്രീകളും അടുക്കളയില്‍ ജീവിതം ഓടിക്കുന്നത്. അവര്‍ ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിചരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം പറഞ്ഞറിയിക്കാനാവില്ല.
'ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉത്തരവാദിത്തം അമ്മയുടെ തലയില്‍ മാത്രമാണെന്ന് പറയാറുണ്ട്. പക്ഷെ, അത് അവരുടെ മാത്രം തലയില്‍ വെച്ചു കൊടുക്കുകയാണ്. കുടുംബം എന്നാണ് പറയേണ്ടത്. ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം വെല്ലുവിളികളെ കുടുംബാംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തുല്യമായി പങ്കിട്ടാണ് അതിജീവിക്കേണ്ടത്. അല്ലാത്തപ്പോഴാണ് അത് അമ്മയുടെ മാത്രം ഉത്തരവാദിത്തമാകുന്നത്. എന്റെ ഷൂട്ടിനും മറ്റുമായി പലപ്പോഴും അമ്മയ്ക്ക് കൂടെ വരേണ്ടി വരുമ്പോള്‍ ചേച്ചിയെ നോക്കാന്‍ അമ്മയുടെ സഹോദരിയാണ് വന്നു നില്‍ക്കാറുള്ളത്. അത്തരം സമീപനങ്ങളാണ് ഓരോ വീട്ടകങ്ങളിലും ഉണ്ടാകേണ്ടത്.

എന്റെ വീട്ടില്‍ ഇതെന്റെ സഹോദരിയുടെ മാത്രം പ്രശ്‌നമായല്ല കാണുന്നത്, കുടുംബത്തിന്റെ മൊത്തെ പ്രശ്‌നമാണ്, അതിനെ മറികടക്കാന്‍ ഒന്നിച്ചു നിന്നാലേ കഴിയൂ.
എട്ടു വയസ്സോളം അമ്മയുടെ സഹോദരിയാണ് ചേച്ചിയെ നോക്കിയത്. സഹോദരിയുടെ എന്തുകാര്യത്തിനും ഏറ്റവുമാദ്യം നില്‍ക്കുന്നത് അച്ഛനാണ്. സത്യത്തില്‍ പരമാവധി ഒന്നിനും അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നോക്കുന്ന ആളാണ് അച്ഛന്‍. വീട്ടുജോലികളിലെല്ലാം അച്ഛന്റെ പങ്കാളിത്തമുണ്ട്. ഇന്നുവരെ അവളുടെ കാര്യത്തില്‍ ഒരു നോ അച്ഛന്‍ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ഭക്ഷണം കഴിപ്പിക്കുന്നതും സഹോദരിയെ വാഷ്‌റൂമിലേക്കും മറ്റും കൊണ്ടുപോകുന്നതുമൊക്കെ അമ്മയുടെ സഹോദരിയാണ്.
ഇവരെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാണ് എന്ന തോന്നല്‍ ആ കുട്ടികള്‍ക്കുണ്ടാകണം. അപ്പോഴേ അവര്‍ അടുത്തു വരുമ്പോള്‍ ഉപദ്രവിക്കാതിരിക്കുകയുള്ളൂ.' അനു പറയുന്നു.
Recommended Video

'എന്റെ വീട്ടില്‍ ഇതുവരെ സഹോദരിയെ മറ്റൊരിടത്തേക്ക് കൊണ്ടുനിര്‍ത്തേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ഞാന്‍ ജോലിയും കാര്യങ്ങളുമായി പോകുമ്പോള്‍ അച്ഛനും അമ്മയും ഒന്നിച്ചാണ് സഹോദരിയെ നോക്കാറുള്ളത്.
പക്ഷെ, എല്ലാ വീട്ടകങ്ങളിലെയും സ്ഥിതി ഇതല്ല. അക്രമാസക്തരാകുന്ന കുട്ടികളുണ്ടാകാം. ഇത്തരത്തിലുള്ള കുട്ടികളെ ഏല്‍പ്പിക്കാന്‍ നൂറു ശതമാനം വിശ്വാസയോഗ്യമായ ഇടങ്ങള്‍ ഉണ്ടാകണം. പിഞ്ചുകുഞ്ഞുങ്ങളെ പരിചരിക്കുന്ന കരുതലോടെയും ക്ഷമയോടെയുമാണ് ഇവരെ നോക്കേണ്ടത്. അതിനു തക്കതായ പരിശീലനം ലഭിച്ചവരുണ്ടാകണം.
മാനുഷിക പരിഗണനയും സ്‌നേഹവും ക്ഷമയുമൊക്കെ ഉണ്ടായാല്‍ കൂട്ടായ ശ്രമത്തിലൂടെ ഇവര്‍ക്കൊരു താങ്ങാകാന്‍ കഴിയും സര്‍ക്കാരിന് കീഴില്‍ നല്ല ഇടങ്ങള്‍ ഇതിനുവേണ്ടി ഉണ്ടാകണം.' അനു പറയുന്നു.


Click it and Unblock the Notifications