കാവ്യ മാധവനെ കണ്ട ദിവസത്തെ സര്‍പ്രൈസ്! വിവാഹ ശേഷമാണ് വിഷ്ണു അത് പറഞ്ഞതെന്ന് അനു സിത്താര!
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് അനു സിത്താര. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും താരം തെളിയിച്ചിരുന്നു. ആഗസ്റ്റ് 21ന് പിറന്നാളാഘോഷിക്കുകയാണ് താരം. സിനിമാതിരക്കുകളില്ലാതെ പുതിയ വീട്ടില്‍ കുടുംബത്തിനൊപ്പം കഴിയുകയാണ് താരം ഇപ്പോള്‍. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. വിഷ്ണുവുമായുള്ള പ്രണയത്തെക്കുറിച്ച് മുന്‍പും താരം തുറന്നുപറഞ്ഞിരുന്നു.
ഫോട്ടോഗ്രാഫറായ വിഷ്ണു പകര്‍ത്തിയ ആദ്യത്തെ ഫോട്ടോയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കാവ്യ മാധവനെ കണ്ട ദിവസത്തെക്കുറിച്ച് താരം പറഞ്ഞത്. കുടുംബസുഹൃത്തുക്കളുടെ കടയായിരുന്നു അത്. കാവ്യ മാധവനെപ്പോലെയുണ്ടല്ലോയെന്ന തരത്തിലുള്ള കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമാണെന്ന് അനു സിത്താര പറഞ്ഞിരുന്നു. ശുഭരാത്രിയില്‍ ദിലീപിനൊപ്പം അഭിനയിച്ചപ്പോള്‍ ആരാധകര്‍ ഈ സാമ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരുന്നു. അനു സിത്താര പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കാവ്യ മാധവനെ കണ്ട ദിവസം
നാട്ടിൽ റിയൽ എന്ന പേരിലുള്ള ഒരു കടയുടെ ഉദ്ഘാടനത്തിനായിരുന്നു അത്. കാവ്യേച്ചി (കാവ്യാ മാധവൻ)യായിരുന്നു ഉദ്ഘാടനം. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളുടേതായിരുന്നു കട. അവർ ക്ഷണിച്ചിട്ട് ഞങ്ങളും ഉദ്ഘാടനത്തിന് പോയിരുന്നു. അവിടെവച്ച് ഞാനറിയാതെ വിഷ്ണുവേട്ടൻ എന്റെ കുറേ ഫോട്ടോസെടുത്തു. അന്നേ വിഷ്ണുവേട്ടന് എന്നെ ഇഷ്ടമാണ്. പക്ഷേ എനിക്കതറിയില്ലായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞപ്പോഴാണ് ആ ഫോട്ടോസ് വിഷ്ണുവേട്ടന്റെ കൈയിലുള്ള കാര്യം ഞാനറിഞ്ഞതെന്ന് അനു സിത്താര പറയുന്നു.

കാവ്യ മാധവനും ലക്ഷ്മി ഗോപാലസ്വാമിയും
കാവ്യ മാധവനുമായുള്ള താരതമ്യപ്പെടുത്തലുകള്‍ കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. കാവ്യേച്ചിയുടെ അത്ര സൗന്ദര്യമൊന്നും എനിക്കില്ലെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്. ചിലർ പറയും എനിക്ക് ലക്ഷ്മി ഗോപാലസ്വാമിയുമായി നല്ല സാമ്യമുണ്ടെന്ന്. ഒരു ഇന്ത്യൻ പ്രണയ കഥയിൽ ലക്ഷ്മിചേച്ചിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഞാനാണ്. ലക്ഷ്മിചേച്ചിയുടെ മുഖഛായയുണ്ടെന്നുള്ളതിനാലാണ് എന്നെ ആ സിനിമയിലേക്ക് തിരഞ്ഞെടുത്തത്.
Recommended Video

നിലനില്‍പ്പ് പ്രശ്നമാണ്
ഐശ്വര്യ റായിയെപ്പോലെ ഇപ്പോഴും നിലനിൽക്കുന്നവരുണ്ട്. മലയാളത്തിലും പഴയ നായികമാർ പലരും തിരിച്ചുവരുന്നുണ്ട്. അഭിനയത്തിന് പ്രായം ഒരു പ്രശ്നമല്ല. പക്ഷേ പഴയകാല നായികമാരെപ്പോലെ ഇന്നത്തെ നായികമാർക്ക് ഒരുപാട് കാലം നിൽക്കാൻ പറ്റില്ല. അവർക്ക് കിട്ടിയ പോലെ കരുത്തുറ്റ കഥാപാത്രങ്ങളും സിനിമകളും കിട്ടാത്തതിനാലാവാമെന്നും അനു സിത്താര പറയുന്നു.

തമിഴിലേക്കും
മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമകളിലും അഭിനയിക്കുന്നുണ്ട് താരം. നായികാപ്രാധാന്യമുള്ള 2 സിനിമകളില്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. പൊരുത്തപ്പെടാനാവുന്ന സിനിമകളെ ഞാൻ ചെയ്യൂ. ആദ്യംമുതലേ എനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ഞാൻ ധരിക്കാറുള്ളു. ഒരു കോസ്റ്റ്യൂമിട്ടിട്ട് എനിക്ക് തന്നെ എന്നെ കാണാൻ ഭംഗി തോന്നിയില്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നും. എനിക്ക് മാത്രമല്ല അതിന്റെ സംവിധായകനും കോസ്റ്റ്യുമർക്കുമെല്ലാം ചീത്തപ്പേരാണ്. അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ നമ്മൾ ഒട്ടും കംഫർട്ടബിളായിരിക്കില്ല. അത് പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കുമെന്നും താരം പറയുന്നു.

പറ്റില്ലെന്ന് പറയും
കോസ്റ്റ്യൂംസ് ഇഷ്ടമായില്ലെങ്കില്‍ ചെയ്യുന്നില്ലെന്നാണ് പറയാറുള്ളത്. മാമാങ്കത്തിൽ ഞാൻ ചെറിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഒരാശയക്കുഴപ്പം വന്നപ്പോൾ ഞാനത് തുറന്ന് പറഞ്ഞു. അവരത് മാനേജ് ചെയ്തു. മാമാങ്കം ഒരു വലിയ സിനിമയല്ലേ. കുറേക്കാലം കഴിയുമ്പോൾ അത്തരമൊരു ബിഗ് ബഡ്ജറ്റ് മൂവിയുടെ ഭാഗമായിരുന്നു ഞാനുമെന്ന് എനിക്ക് അഭിമാനത്തോടെ പറയാമല്ലോയെന്നും അനു സിത്താര പറയുന്നു.


Click it and Unblock the Notifications











